റായ്പുർ-ചാനൽ ചർച്ചയില്‍ സാമുദായിക സ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയ റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ്ദിയോ, കോൺഗ്രസ് നേതാവ് മോഹൻ മർകാം എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ റായ്പുർ സിവിൽ ലൈൻസ് പോലീസാണ് കേസെടുത്തത്.
ചാനല്‍ ചർച്ചക്കിടെ അർണബ് രാജ്യത്തിലെ ഐക്യത്തെ ബാധിക്കുന്ന വർഗീയ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പാൽഘറിലെ ആൾക്കൂട്ട കൊലയെക്കുറിച്ച് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. പാൽഘറിൽ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിൽ കോണ്‍ഗ്രസ് സോണിയഗാന്ധിക്കെതിരെയാണ് അർണബ് വിദ്വേഷ പരാമർശങ്ങള്‍ നടത്തിയത്.
ഇത് കോൺഗ്രസിനെയും സോണിയഗന്ധിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അർണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.
അർണബ് നടത്തുന്ന വിദ്വേഷപരമായ പ്രസ്താവനയെ മാധ്യമപ്രവർത്തനമായി കണക്കാക്കാനാവില്ലെന്നും സമൂഹമാധ്യമങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകർ നടത്തുന്ന അതേ വിദ്വേഷപ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരപണങ്ങളുമാണ് അർണബും നടത്തുന്നതെന്ന് കോൺഗ്രസ് ഐ.ടി സെൽ കുറ്റപ്പെടുത്തി.
പാല്‍ഘറില്‍ ഹിന്ദു സന്യാസിമാർ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സോണിയാ ഗാന്ധി മൗനം പാലിക്കുകയാണെന്നും ക്രൈസ്തവ വൈദികരാണ് ആക്രമിക്കപ്പെട്ടതെങ്കില്‍ സോണിയക്ക് ഈ മൗനം ഉണ്ടാകില്ലായിരുന്നുവെന്നുമാണ് അർണബിന്‍റെ ആരോപണം. പാല്‍ഘർ സംഭവത്തില്‍ മുസ്ലിംകള്‍ ഇല്ലാതിരുന്നിട്ടും വീഡിയോകള്‍ പുറത്തുവിട്ട് മുസ്ലിം വിദ്വേഷം വളർത്താന്‍ സംഘ് പരിവാർ ശ്രമിക്കുന്നുണ്ട്.