Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ നിന്ന് അഞ്ച് കോടി കൈപ്പറ്റി നിതീഷിന്‍റെ ഇരട്ടത്താപ്പ്

2010 ല്‍ ചെക്ക് മടക്കി, ഇപ്പോള്‍ സ്വീകരിച്ചു
പട്ന- ബിഹാറിലെ വെള്ളപ്പൊക്ക കെടുതികള്‍ക്കുള്ള ദുരിതാശ്വാസമായി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് സ്വീകരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി പ്രതിപക്ഷം. 2010-ല്‍ ഗുജറാത്ത് ബിഹാറിന് അഞ്ചു കോടി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഏറ്റുവാങ്ങാന്‍ നിതീഷ് കുമാര്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുജറാത്ത് നല്‍കിയ അഞ്ചു കോടി രൂപ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിനാണ് നിതീഷ് വിമര്‍ശനത്തിന് വിധേയനായത്.

പ്രതിപക്ഷമായ ആര്‍ ജെ ഡി നിതീഷിന്റെ നിസാഹായവസ്ഥയെ പരിഹസിച്ച് രംഗത്തെത്തിയപ്പോള്‍ 2010-നു ശേഷം ഗംഗയില്‍ കൂറെ വെള്ളമൊഴുകിയിട്ടുണ്ടെന്നായിരുന്നു എന്‍ഡിഎ നേതാക്കളുടെ പ്രതികരണം. ഗുജറാത്തിന്റെ ചെക്ക് കഴിഞ്ഞ ദിവസം ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്രസിന്‍ഹ് ചുദാസമയില്‍ നിന്നും നിതീഷ് കുമാര്‍ ഏറ്റുവാങ്ങി. മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡിയും പങ്കെടുത്തു. ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ബിഹാറിന് അഞ്ചു കോടി രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്.

2010-ല്‍ ഗുജറാത്ത് ബിഹാറിന് ധനസഹായം പ്രഖ്യാപിച്ചത് പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്തതാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ വലിയ ചിത്രം സഹിതം ധനസഹായം ബിഹാറിലെ പത്രങ്ങളില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരസ്യം ചെയ്ത രീതി ശരിയായില്ലെന്നായിരുന്നു നിതീഷിന്റെ നിലപാട്. ധനസഹായം നല്‍കുന്ന രീതി ഇതല്ല, സാമൂഹിക കാര്യങ്ങള്‍ക്കുള്ള സഹായങ്ങള്‍ തങ്ങള്‍ പരസ്യപ്പെടുത്താറില്ലെന്നുമായിരുന്നു നിതീഷ് പറഞ്ഞത്. പരസ്യം പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിറകെ ധനസഹായം നിരസിച്ച നിതീഷ് മുഖ്യമന്ത്രിയുടെ വസതിയില്‍ ബിജെപി നേതാക്കള്‍ക്ക് ഒരുക്കിയ വിരുന്നു റദ്ദാക്കിയിരുന്നു.

പഴയ സംഭവങ്ങള്‍ ചികഞ്ഞെടുക്കേണ്ട കാര്യമില്ലെന്നാണ് ഇതിനോട് ബിജെപിയുടെ പ്രതികരിച്ചത്. മറ്റു സംസ്ഥാനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും സുശീല്‍ മോഡി പറഞ്ഞു.

Latest News