Sorry, you need to enable JavaScript to visit this website.

ബാറില്ലാത്ത ഏക മുനിസിപ്പാലിറ്റിയായ പൊന്നാനിയിലും ബാർ; ശ്രീരാമകൃഷ്ണൻ വഞ്ചിച്ചെന്ന് യു.ഡി.എഫ്

പൊന്നാനി - പൊന്നാനി നഗരസഭാ പരിധിയിൽ ബാർ അനുവദിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപനം പുറത്തവന്നതോടെ ജനകീയ പ്രതിഷേധം ശക്തം. കേരളത്തിൽ ബാറില്ലാത്ത ഏക മുനിസിപ്പാലിറ്റി എന്ന ഖ്യാതിയുണ്ടായിരുന്ന പൊന്നാനിയിലാണ് ബാർ അനുവദിച്ചിരിക്കുന്നത്. ലോക്ഡൗണിനു മുമ്പുതന്നെ ബാർ ലൈസൻസിനുള്ള ഫീസ് അടച്ചിരുന്നുവെന്നാണ് എക്‌സൈസ് കമ്മീഷണർ വ്യക്തമാക്കുന്നത്. അതേ സമയം സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഗൂഡനിലപാടുകൾ ബാർ മുതലാളിക്ക് തുണയായിട്ടുണ്ടെന്നാണ് പ്രതിഷേധക്കാരുടെ കുറ്റപ്പെടുത്തൽ. മുസ്‌ലിം ലീഗ്, കോൺഗ്രസ്, മദ്യനിരോധന സമിതി എന്നീ സംഘടനകളാണ് പ്രത്യക്ഷ പ്രതിഷേധത്തിൽ. ദേശീയപാതയുടെ ഓരത്ത് പൊന്നാനിയിൽ ബാർ അനുവദിക്കാൻ രണ്ടു വർഷം മുമ്പുതന്നെ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനായി ഹോട്ടലെന്ന പേരിൽ ഉയർത്തിയ ബഹുനില കെട്ടിടത്തിലാണ് ഇപ്പോൾ ബാർ അനുവദിച്ചിരിക്കുന്നത്. 
 റൗബ റസിഡൻസി ഹോട്ടലിന് ബാർ അനുവദിച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ പ്രതീകാത്മക സമരം നടത്തി. നാടിനെ മദ്യ കേന്ദ്രമാക്കുന്നതിനായി ബാർ അനുവദിക്കുന്നതിന് ഒത്താശ ചെയ്ത സ്പീക്കർ പി. ശ്രീ രാമകൃഷ്ണന്റെയും നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞിയുടെയും കോലം കുപ്പിയിലിട്ട് കത്തിച്ചാണ് മുസ്‌ലിം യൂത്ത്‌ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയത്. വിവിധ യൂനിറ്റ് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നാടിനും സമൂഹത്തിനും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന മദ്യം ഒഴുക്കുന്നതിന് ഈ കൊറോണ കാലത്ത് സംസ്ഥാന സർക്കാർ മുന്നോട്ട് വന്നത് പ്രതിഷേധം ഭയന്ന് കൊണ്ടാണെന്നും ഇതിലെ ഒത്തുകളികൾ പുറത്ത് കൊണ്ടു വരണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. 

ശ്രീരാമകൃഷ്ണൻ വഞ്ചിച്ചെന്ന് യു.ഡി.എഫ്
മലപ്പുറം- മലബാറിലെ ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിൽ ബാർ അനുവദിക്കാതിരിക്കാൻ മുൻ കാല സർക്കാരുകൾ ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആ നിലപാടുകളെ ഒറ്റു കൊടുത്ത് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി. അജയ്മോഹൻ കുറ്റപ്പെടുത്തി. ജനം കോവിഡ് ഭീതിയിൽ കഴിയുന്ന സമയത്ത് പൊന്നാനിയിലടക്കം പുതിയ ബാറുകൾ തുടങ്ങാൻ അനുമതി നൽകിയ സർക്കാർ നടപടി അപലപനീയമാണ്. പുണ്യനഗരമായി പരിഗണിക്കപ്പെടുന്ന പൊന്നാനിയിലെ ജനപ്രതിനിധി പി. ശ്രീരാമകൃഷ്ണൻ ഇതിനു കൂട്ടു നിന്നതു പൊറുക്കാനാവാത്ത തെറ്റാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറെ പ്രധാനമുള്ള നഗരമാണ് പൊന്നാനി. കേരളത്തിൽ മദ്യലഭ്യത കുറക്കുമെന്ന വാഗ്ദാനം ജനങ്ങൾക്ക് നൽകിയാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയത്. അബ്കാരികളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സംസ്ഥാനത്ത് മദ്യപ്പുഴയൊഴുക്കുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാറിപ്പോൾ ചെയ്തു കൂട്ടുന്നത്. കോവിഡ് ഭീതിയിൽ ജനം കഴിയുമ്പോൾ ബാറുകൾക്ക് അനുമതി നൽകിയ നടപടി ഇതിനു തെളിവാണ്. പൊന്നാനിയിൽ തുടങ്ങാനിരിക്കുന്ന മദ്യശാലക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്ന് വരണമെന്നും പി.ടി. അജയ്മോഹൻ ആവശ്യപ്പെട്ടു.
 

Latest News