കണ്ണൂർ- സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ച ഏറ്റവും കൂടുതൽ പേരുള്ള കണ്ണൂർ ജില്ലയിൽ റിവേഴ്‌സ് ക്വാറന്റൈൻ നിർദ്ദേശം വരാൻ സാധ്യത. കണ്ണൂരിലെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നടപടി. രോഗം ഭേദമായാലും പതിനാലു ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണമെന്നതാണിത്.
കേരളത്തിൽ ഒരു ജില്ലയിലും ഇല്ലാത്ത വിധത്തിലുള്ള അസാധാരണ സ്ഥിതിവിശേഷമാണ് കണ്ണൂരിൽ നിലനിൽക്കുന്നത്. ഇവിടെ 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ 15 പേർക്ക് രോഗബാധയുണ്ടായപ്പോൾ, 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 53 പേർക്ക് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇതിനെക്കാളും വിചിത്രം 28 ദിവസത്തിലധികം നിരീക്ഷണത്തിലിരുന്ന 104 പേരിൽ 72 പേരും ഒരു രോഗലക്ഷണങ്ങളും കാട്ടാതെ തന്നെ കൊറോണ രോഗികളായി മാറിയെന്നതാണ്. എത്ര ദിവസം നിരീക്ഷണ കാലാവധിയെന്നത്
പ്രസക്തമല്ലെന്നാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. ഇത് ആശങ്കയുണർത്തുന്നതാണെങ്കിലും ഭയക്കാൻ ഒന്നുമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന സൂചന.
രോഗം ഭേദമായാലും പതിനാലു ദിവസമെങ്കിലും വീണ്ടും നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശിക്കാൻ ഇതാണ് കാരണം.
അതേ സമയം, വിദേശത്ത് നിന്നും വന്നവരുടെ ക്വാറന്റൈൻ കാലയളവ് 40 ദിവസമായി ദീർഘിപ്പിക്കേണ്ട സ്ഥിതിയിലേക്കാണ് ജില്ലയിലെ പോസിറ്റീവ് റിസൾട്ടുകൾ നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യം മുന്നിൽ കണ്ട്, വിദേശത്തുനിന്ന് വന്നവർ 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞ ഉടൻ ഷോപ്പുകളും മറ്റും സന്ദർശിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കും.
വിദേശത്ത് നിന്നും വന്നവർ 40 ദിവസം കഴിഞ്ഞ് മാത്രം പൊതുസ്ഥലങ്ങളിലും ഷോപ്പുകളിലും വരുന്നതായിരിക്കും രോഗവ്യാപനം തടയാൻ സ്വീകരിക്കാവുന്ന മുൻകരുതൽ.
അല്ലാത്തപക്ഷം 28 ദിവസം കഴിഞ്ഞ ഒരാൾ പോസിറ്റീവ് ആകുന്നുവെങ്കിൽ അദ്ദേഹം സന്ദർശിച്ച സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ കണ്ടെത്തുവാൻ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. 28 ദിവസം ക്വാറന്റൈൻ കഴിഞ്ഞാൽ വീട്ടുകാരുമായി ബന്ധപ്പെടാമെന്നും
40 ദിവസം കഴിഞ്ഞാൽ മാത്രമേ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ സന്ദർശിക്കുവാൻ പാടുള്ളൂവെന്നും നിർദ്ദേശം നൽകും. കണ്ണൂർ ജില്ലയിലെ കോവിഡ് രോഗികളിൽ 95 ശതമാനവും വിദേശത്തു നിന്നെത്തിയവരാണ്.
കണ്ണൂരിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുണ്ടെങ്കിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുന്നത് നല്ല സൂചനയാണ്.