Sorry, you need to enable JavaScript to visit this website.

65നു മുകളിൽ പ്രായമുള്ളവർ അനാവശ്യമായി പുറത്തിറങ്ങിയാൽ വീട്ടുകാർക്കെതിരെ നടപടി

  • 1,309 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി

കൽപറ്റ- 65 വയസിനു മുകളിൽ പ്രായമുള്ളവർ അനാവശ്യമായി പുറത്തു സഞ്ചരിച്ചാൽ വീട്ടുകാർക്കെതിരെ കേസെടുക്കുമെന്നു വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല. കോവിഡ് പ്രതിരോധ നടപടികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനു  ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. പ്രായമായവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള  ഉത്തരവാദിത്തം മക്കൾക്കുണ്ട്. പ്രായമായവരെ റേഷൻ കടകളിലും മറ്റു കടകളിലും അയയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രായംകൂടിയവർ ഇറങ്ങിനടക്കുന്നതു അവരുടെതന്നെ ആരോഗ്യത്തിന് ഭീഷണിയാണ്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകൾ കടകളിലും നിരത്തുകളിലും ഇടപഴകുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. 
ജില്ലയിൽ ഇന്നലെ 1,309 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കിയതായി കലക്ടർ പറഞ്ഞു.  ഇതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം 11,555 ആയി. ജില്ലയിൽ 29 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 2,192  പേരാണ് നിലവിൽ നിരീക്ഷണത്തിൽ. ഇതിൽ എട്ടുപേർ ആശുപത്രിയിലാണ്. 

Latest News