Sorry, you need to enable JavaScript to visit this website.

കോവിഡ് 19: റമദാനിൽ മസ്ജിദുകളിൽ പ്രാർഥനകളും  ഇഫ്ത്താർ വിരുന്നുകളുമില്ല

മലപ്പുറം- കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ റമദാനിൽ മസ്ജിദുകളിൽ പ്രാർഥനകളും സംഘം ചേർന്നുള്ള ഇഫ്ത്താർ വിരുന്നുകളുമില്ല. മതസംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ തീരുമാനം. കോവിഡ് പ്രതിരോധത്തിന് കൂടുതൽ ജാഗ്രത വേണമെന്നും രോഗ പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന മുഴുവൻ നടപടികളുമായും സഹകരിക്കുമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിവിധ മത സംഘടനാ പ്രതിനിധികൾ ഉറപ്പു നൽകി. മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിനിടയിലെത്തുന്ന റമദാൻ നന്മയുടെയും ത്യാഗത്തിന്റേതുമാകട്ടെയെന്നു മുഖ്യമന്ത്രി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മനുഷ്യ നൻമയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്. കോവിഡ് 19 ലോകമാകെ ഭീഷണിയാകുമ്പോൾ രോഗവ്യാപനം തടയുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇക്കാര്യത്തിൽ മുഴുവൻ മത സംഘടനകളും ഇതുവരെ നൽകിയ പിന്തുണ തുടർന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ആത്മ സംസ്‌ക്കരണത്തിന്റെ കാലമാണ് റമദാൻ. കോവിഡ് 19 പ്രതിരോധിക്കാൻ സാമൂഹിക അകലം ഉറപ്പാക്കി ഭക്തിസാന്ദ്രമായ റമദാൻ ഉറപ്പാക്കേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പൂർണ പിന്തുണയാണ് മത സംഘടനാ നേതാക്കൾ നൽകിയത്.


റമദാനിൽ മസ്ജിദുകളിൽ നടക്കുന്ന നമസ്‌കാരങ്ങൾ പൂർണമായും ഒഴിവാക്കാമെന്നും രോഗങ്ങൾക്ക് ചികിത്സയും പ്രതിരോധവും തേടണമെന്ന മത തത്വമാണ് ഇവിടെ പാലിക്കപ്പെടേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നമസ്‌കാരങ്ങൾ വീടുകളിൽത്തന്നെ നിർവഹിച്ചാൽ മതി. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഇഫ്ത്താർ വിരുന്നുകൾ പൂർണമായും ഉപേക്ഷിക്കണം. ഇഫ്ത്താറുകൾ സ്വന്തം വീടുകളിൽ ഒതുക്കി നിർത്തണം. ലോകത്തെ വിറപ്പിക്കുന്ന മഹാമാരി ചെറുക്കാൻ ക്ഷമയാണ് വിശ്വാസികളിൽനിന്ന് ഉണ്ടാകേണ്ടതെന്നും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന മുഴുവൻ തീരുമാനങ്ങളും അംഗീകരിക്കുമെന്നും നേതാക്കൾ ഐകകണ്ഠ്യേന വ്യക്തമാക്കി.


സമൂഹത്തിന്റെ ആരോഗ്യപൂർണമായ ഭാവി മുൻനിർത്തി മത-സാമൂഹിക സംഘടനാ നേതാക്കൾ സ്വീകരിക്കുന്ന സമീപനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന മത സംഘടനാ നേതാക്കളുടെ ആവശ്യം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കേരളം സർവ്വ സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാർ, എം.ഐ. അബ്ദുൾ അസീസ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ടി.കെ. അഷറഫ്, എൻ.കെ. സദറുദീൻ, ഡോ. ഫസൽ ഗഫൂർ, സയ്യിദ് ഖലീലുൽ ബുഹാരി തങ്ങൾ, പി. മുജീബ് റഹ്മാൻ, താജുദ്ദീൻ തുടങ്ങിയവർ മലപ്പുറത്തുനിന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
 

Latest News