ഇസ്താംബൂള്‍- നഗരത്തിലെ ഒരു പള്ളിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള മുറിയില്‍ സാധാരണ ഷൂ റാക്കുകളാണ് ഉള്ളത്. എന്നാലിപ്പോള്‍ അവിടം ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പോലെയാണ്. അറകളില്‍ നിരത്തിവെച്ചിരിക്കുന്ന അനേകം സാധനങ്ങള്‍. ആവശ്യമുള്ള ആര്‍ക്കും അത് സൗജന്യമായി എടുക്കാം. കൊറോണമൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകുന്നു.
പള്ളിക്ക് മുമ്പിലുള്ള ബോര്‍ഡില്‍ ഒരു സന്ദേശം എഴുതിവെച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇവിടെ ഏത് അവശ്യസാധനവും കൊണ്ടുവെക്കാം, ആവശ്യമുള്ളവര്‍ക്ക് അത് എടുത്തുകൊണ്ടു പോകുകയും ചെയ്യാം. ഇതനുസരിച്ച് ധാരാളമാളുകള്‍ ഇവിടെ സാധനങ്ങള്‍ നിറക്കുന്നു. അത്യാവശ്യക്കാര്‍ എടുത്തുകൊണ്ടുപോകുന്നു.
തുര്‍ക്കിയില്‍ കൊറോണ കാര്യമായി പടര്‍ന്നിട്ടുണ്ട്. 2259 ആണ് ഔദ്യോഗികമായി മരണസംഖ്യ. പ്രധാന നഗരങ്ങളെല്ലാം ലോക്ഡൗണിലാണ്.
പള്ളികളില്‍ നമസ്‌കാരം നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ഇസ്താംബൂളിലെ ഈ പള്ളിയില്‍ ആളുകളെത്തുന്നു. പ്രാര്‍ഥിക്കാനല്ല, അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍. ഇമാം അബ്ദുല്‍സമദ് സാക്കിറിന്റേതാണ് ഈ ആശയം.






