ബുറൈദ - അൽഖസീം പ്രവിശ്യയിൽ പെട്ട അൽറസിൽ കൊറോണബാധാ കേസുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിച്ച സൗദി പൗരനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി അൽഖസീം പോലീസ് വക്താവ് ലെഫ്. കേണൽ ബദ്ർ അൽസുഹൈബാനി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് 50 കാരൻ കിംവദന്തികൾ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വക്താവ് അറിയിച്ചു.






