ലോക്ക്ഡൗണ്‍ ലംഘിച്ച് എംഎല്‍എയ്ക്ക് പുഷ്പവൃഷ്ടിയോടെ സ്വീകരണം - Video

അമരാവതി- ലോക്ക്ഡൗണിനിടെ ആന്ധ്രാപ്രദേശില്‍ എംഎല്‍എയ്ക്ക് പുഷ്പവൃഷ്ടിയോടെ സ്വീകരണം. കിണര്‍ ഉല്‍ഘാടനം ചെയ്യാന്‍ എത്തിയ എംഎല്‍എയും നടിയുമായ റോജയെ സ്വീകരിക്കാനാണ് സംഘാടകര്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടത്തെ പുഷ്പവൃഷ്ടി നടത്താന്‍ തയാറാക്കി നിര്‍ത്തിയത്. ഭരണകക്ഷിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് റോജ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിപക്ഷമായ ടിഡിപി കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം, ഇത്തരത്തില്‍ സ്വീകരണം ഒരുക്കുന്നത് അറിഞ്ഞില്ലെന്നാണ് റോജയുടെ പ്രതികരണം. അവരുടെ മനസ് വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് പുഷ്പവൃഷ്ടി അടക്കമുള്ളവ തടയാതിരുന്നത്. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം മാസ്‌ക് ധരിചച്ചിരുന്നുവെന്നും സാമൂഹ്യ അകലം പാലിച്ചിരുന്നുവെന്നും എംഎല്‍എ അവകാശപ്പെട്ടു. 

കോവിഡ് 19 ബാധിച്ച് ആന്ധ്രാപ്രദേശില്‍ 24 പേര്‍ മരണപ്പെട്ടിട്ടുണ്ട്.  813 രോഗികള്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56 പേര്‍ക്കാണ് ഇവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Latest News