Sorry, you need to enable JavaScript to visit this website.

ജിസാനിൽ 16 ലേബർ ക്യാമ്പുകളിൽ നിയമ ലംഘനങ്ങൾ

ജിസാൻ - ജിസാനിൽ പ്രത്യേക കമ്മിറ്റി നടത്തിയ പരിശോധനകളിൽ പതിനാറു ലേബർ ക്യാമ്പുകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ ഇവിടങ്ങളിൽ പാലിക്കുന്നില്ലെന്ന് വ്യക്തമായി. പരിധിയിൽ കൂടുതൽ തൊഴിലാളികൾ കൂട്ടത്തോടെ കഴിയൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് ലേബർ ക്യാമ്പുകളിൽ കണ്ടെത്തിയത്. 
ജിസാൻ ഗവർണറേറ്റ്, നഗരസഭ, ആരോഗ്യ വകുപ്പ്, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, റെഡ് ക്രസന്റ്, വാണിജ്യ മന്ത്രാലയ ശാഖ എന്നിവയുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റി ജിസാനിലെ 34 ലേബർ ക്യാമ്പുകളിലാണ് പരിശോധനകൾ നടത്തിയത്. ഇതിൽ പതിനാറെണ്ണത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. 
താൽക്കാലിക താമസ സ്ഥലങ്ങളെന്നോണം ഉപയോഗിക്കുന്നതിന് ചില സ്‌കൂളുകൾ പ്രയോജനപ്പെടുത്തി ലേബർ ക്യാമ്പുകളിലെ തിരക്കുകൾക്ക് കമ്മിറ്റി പരിഹാരം കണ്ടു. 
കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വ്യവസ്ഥകൾ പൂർണമായ ബദൽ താമസ സ്ഥലങ്ങൾ കമ്പനികൾ തങ്ങളുടെ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതു വരെയാണ് തൊഴിലാളികളെ സ്‌കൂളുകളിൽ പാർപ്പിക്കുക. 

 

Latest News