ലണ്ടന്‍- ലോകത്തെയും യുകെയും ബാധിച്ചിരിക്കുന്ന കൊറോണ പ്രതിസന്ധി തരണം ചെയ്യാനുള്ള വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നാളെ തുടങ്ങും. ഇംപീരിയല്‍ കോളേജ് ലണ്ടനും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സതാംപ്ടണും രോഗത്തെ നേരിടാനുള്ള പുതിയ വാക്‌സിന്‍ ഫലപ്രദമാണോയെന്ന് പരിശോധിക്കാന്‍ ആളുകളോട് മുന്നോട്ടുവരാന്‍ അഭ്യര്‍ത്ഥിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ വികസിപ്പിച്ച കോവിഡ് 19 വാക്‌സിന്റെ ആദ്യ മനുഷ്യ പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി. ആരോഗ്യമുള്ള 18 നും 55 നും ഇടയില്‍ പ്രായമുള്ള 510 പേരിലാവും പരീക്ഷണം. ലണ്ടന്‍, ബ്രിസ്‌റ്റോള്‍, സതാംപ്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവരുടെ സമയത്തിന് 190 പൗണ്ട് മുതല്‍ 625 പൗണ്ടുവരെ വാഗ്ദാനം ചെയ്തു. ലോകത്തിലെ ആദ്യത്തെ കൊറോണ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തില്‍ താന്‍ മറ്റെല്ലാം അവഗണിക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് ശാസ്ത്ര സംഘത്തിനും ഇംപീരിയല്‍ കോളേജ് ടീമിനും ഗവേഷണത്തിനും മറ്റുമായി പൊതു പണം ലഭിക്കുമെന്ന് ഹാന്‍കോക്ക് പറഞ്ഞു. പരീക്ഷണങ്ങളെ സഹായിക്കാന്‍ ഓക്‌സ്‌ഫോര്‍ഡിലെ ശാസ്ത്രജ്ഞര്‍ക്ക് സര്‍ക്കാര്‍ 20 മില്യണ്‍ പൗണ്ട് അധികമായി നല്‍കുമെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഒരു പ്രോജക്ടിന് 22.5 മില്യണ്‍ പൗണ്ട് അധികമായി നല്‍കുമെന്നും ഹാന്‍കോക്ക് പറഞ്ഞു. ട്രയല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഓക്‌സ്‌ഫോര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ടീം ഉത്പാദനം ആരംഭിക്കുകയാണ്. സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസുകള്‍ അയയ്ക്കാന്‍ അവര്‍ തയ്യാറാണ്. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഇരു ടീമുകളും അതിവേഗം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുമെന്നും ഹാന്‍കോക്ക് ഉറപ്പ് നല്‍കി.
പുതിയ വാക്‌സിന് കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബോധ്യമായാലും അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ചീഫ് സയന്റിഫിക് ഓഫീസര്‍ സര്‍ പാട്രിക് വാലന്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.






