കേരളത്തില്‍ 11 പേര്‍ക്കുകൂടി കോവിഡ്; രോഗബാധിതരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞും ഹൗസ് സര്‍ജന്‍മാരും

തിരുവനന്തപുരം- സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ഏഴു പേര്‍ക്കും കോഴിക്കോട് രണ്ടു പേര്‍ക്കും കോട്ടയം മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്നുവന്നവരും മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 4 മാസം പ്രായമുള്ള കുഞ്ഞിനാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കുഞ്ഞ്.  മെഡിക്കല്‍കോളജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കണ്ണൂർ ജില്ലക്കാരനാണ്. സംസ്ഥാനത്തിന് പുറത്തുനിന്ന് നേരത്തേ ട്രെയിന്‍വഴി വന്നവരാണ് ഇരുവരും. 

ഒരാളുടെ പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്. ഇതുവരെ 437 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 127 പേര്‍ ചികിത്സയിലുണ്ട്. 29,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.

Latest News