Sorry, you need to enable JavaScript to visit this website.

പലതരം 'ചലഞ്ചു'കൾ

സംസ്ഥാന മുഖ്യമന്ത്രിയുടെ 6 മണിക്കുള്ള സായാഹ്ന ചാനൽ കം പ്രസ് മീറ്റിനെ സംബന്ധിച്ച് രണ്ടഭിപ്രായങ്ങളുണ്ട്. 'അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം' എന്നു പണ്ടേ ഒരു മുൻകൂർ ജാമ്യ വ്യവസ്ഥയുള്ളതിനാൽ മുഖ്യന് തടിയൂരിപ്പോരാം. പക്ഷേ വ്യാഴാഴ്ച നടന്ന പ്രസ് മീറ്റ് ലേശം മുനവെച്ച വാക്കുകൾ കൊണ്ട് 'ധന്യ'മായിരുന്നുവെന്നു ആരും സമ്മതിക്കും. 'പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു സമയമെയുക്കും' എന്ന് സഖാവ് പറഞ്ഞവസാനിപ്പിച്ചത് ആലോചനാമൃതമാണ്. 'സപ്രിംഗ്ലർ' ഡാറ്റാശേഖരണം കുട്ടികളുടെ സ്റ്റാമ്പ് ശേഖരണം പോലെയല്ലെന്ന ചെന്നിത്തലയുടെ വെളിപാടാണ് ഇതിനു ഹേതു. ഇന്ന് 'സ്പ്രിംഗ്ലർ' എന്നു കേട്ടാൽ ടാറ്റയുടെ 'അയഡൈസ്ഡ്' ഉപ്പായ 'സ്പ്രിംഗിൾ' ആണ് ആരും ഓർക്കുക. 1930 മാർച്ചിൽ മഹാത്മാഗാന്ധി നയിച്ച ഉപ്പുസത്യഗ്രഹത്തെ ആര് ഓർക്കാനാണ്? അഥവാ, കുറച്ചുകാലം കൂടി കഴിഞ്ഞാൽ മഹാത്മാവിനെ പോലും ഓർമിക്കാൻ ആളുണ്ടാകുമോ? 'ഗാന്ധി'യെന്നു കേട്ടാൽ സോണിയാ ഗാന്ധി, രാഹുൽ പ്രിയങ്ക ഗാന്ധിമാർ -ഇവയിലേതെങ്കിലും ഒരെണ്ണം നറുക്കിട്ടെടുത്തു പറയാനുള്ള ത്രാണിയേ കുട്ടികൾക്കുള്ളൂ. അപ്പോൾ 'സ്പ്രിംഗ്ലർ' എന്നു പറഞ്ഞാലോ? സ്പ്രിംഗിൾ സാൾട്ട് കണ്ടുപിടിച്ച മഹാൻ എന്നോ, വിതരണം ചെയ്യുന്ന ഏജന്റ് എന്നോ ന്യൂജൻ പിള്ളേർ അർഥമെഴുതും. അത്തരമൊരു ദുരവസ്ഥ ഒഴിവാക്കി നാടിന്റെ അഭിമാനം രക്ഷിക്കുന്നതിനാണ് ചെന്നിത്തല ഈ പെടാപ്പാടൊക്കെ ചുമക്കുന്നത്. കമ്പനിയുടെ കേന്ദ്രം അമേരിക്കയാണെന്നും അതിനാൽ മാരകമായ വൈറസാണെന്നും തോന്നും ആ രേഖാമൂലമുള്ള അവതരണം കേട്ടാൽ. രണ്ടു വർഷമായി തട്ടിപ്പു കേസിൽ കോടതി കയറുന്ന ഒരു കമ്പനിയാണ് മേപ്പടി 'ശൃംഗാർ.' അതുകൊണ്ടു കരാർ കൊടുത്തതു തെറ്റ്. കമ്പനിയുടെ തലപ്പത്ത് രജി തോമസ്  എന്ന മലയാളിയാണ്, ഒരു മലയാളി കേസിൽ പെട്ടുഴലുമ്പോൾ ഇങ്ങു കൊച്ചു കേരളത്തിൽ നമ്മൾ കൈയും കെട്ടി ഇരിക്കണോ എന്നു മറുചോദ്യം. ഏപ്രിൽ 14നാണ് ഐ.ടി ഏമാൻ രേഖകൾ പുറത്തു വിടുന്നത്. എന്നാൽ മാർച്ച് 27 നു തന്നെ മേപ്പടി അമേരിക്കയിലെ സഹോദരന് വിവരങ്ങൾ നൽകാൻ സർക്കുലർ പുറത്തിറക്കിയിരുന്നു. ചെന്നിത്തലക്ക് കാര്യം മനസ്സിലായില്ല. ഒറ്റ ഉദാഹരണം മതി - ഗാന്ധർവ വിവാഹത്തിൽ ആദ്യം നടക്കുന്നത് എന്താണ്? യുവാവും യുവതിയും അനുരക്തരാകുന്നു. പലതും പല 'ഡാറ്റ'യും കൈമാറുന്നു. പിന്നീട് മാത്രമാണ് നാട്ടുകാരറിയുന്നതും, പിടിച്ചു കെട്ടിക്കുന്നതും. ഇവിടെയും അത്രയേ സംഭവിച്ചിട്ടുള്ളൂ. എന്നിട്ടും മനസ്സിലായില്ലെങ്കിൽ സഖാവ് പറഞ്ഞതു പോലെ, പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസ്സിലാകാൻ കുറച്ചു സമയമെടുക്കും. പക്ഷേ അതിനർഥം, നേതാവ് മന്ദബുദ്ധിയാണെന്നോ കുഴിമടിയനാണെന്നോ അല്ല. ചില കുട്ടികൾക്ക് കണക്കും ഇംഗ്ലീഷുമൊക്കെ 'ബലികേറാ മല' ആയിരിക്കുമല്ലോ!

****                           ****                         ****

'എല്ലാവരും തുല്യരാണ്, എന്നാൽ ചിലർ കുറേയേറെ തുല്യരാണ്' എന്നു പറഞ്ഞാൽ തൽക്കാലം ഡെമോക്രസി ആയി. സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മൂന്നു മാസത്തേക്കു തടഞ്ഞു; കൊറോണയുടെ അനുഗ്രഹത്താൽ. ഏതൊരു വിഷമ സന്ധിയിലും ചാടി കഴുത്തിനു പിടിച്ച് ക്രോധം തീർക്കാൻ പറ്റിയ ഒരു വിഭാഗമാണല്ലോ ജീവനക്കാർ! ചിലർ അതിനെ കർമഫലം എന്നു പറയും. രാവിലെ പതിനൊന്നിന് ഓഫീസ്, പതിനൊന്നരക്ക് കാന്റീൻ, പന്ത്രണ്ടരക്ക് തീൻമേശ, മൂന്നരക്കു വീണ്ടും കാന്റീൻ, നാലരക്ക് സമാപന ജാഥ എന്ന മട്ടിലാണല്ലോ വകുപ്പുകളുടെ പ്രവർത്തനം. അതിനാൽ 'സറണ്ടർ' പിടിക്കുമ്പോൾ 'തുള്ളികണ്ണീര്' ചൊരിയാൻ പോലും ആളെ കിട്ടാറില്ല. പക്ഷേ, ഇതു മുൻകൂട്ടി അറിയുന്ന ചില ബ്രഹ്മജ്ഞാനികളുണ്ട്. 'ധന വകുപ്പു'കാർ. മരവിപ്പിക്കുന്ന കുത്തിവെപ്പ് എത്തും മുമ്പേ 167 കോടി രൂപയുടെ ബില്ലുകൾ 'പുഷ്പം പോലെ' മാറിയെടുക്കുന്നതിന് അവർ 'സഹോദര' സംഘടനക്കാരെ 'കൈ അയച്ചു' സഹായിച്ചു. കോവിഡ്19 ഗൃഹപ്രവേശം നടത്തി നിറഞ്ഞാടുന്ന ഘട്ടത്തിൽ ഈയൊരു ആപത്ത് മുൻകൂട്ടികണ്ട് മരവിപ്പിക്കൽ വിജ്ഞാപനത്തിനു മുമ്പേ കടന്ന് അത്യന്തം വേഗത്തിൽ ബില്ലുകൾ 'തുരുതരാ' മാറിയെന്നാണ് വാർത്തകൾ പരക്കുന്നത്. നിത്യഹരിത നായകന്റെ ഭാഷയിൽ 'അതിലെന്താണസ്സേ ഇത്ര കാര്യം' എന്നു ചോദിക്കാതെ തരമില്ല. പ്രശ്‌നം അവിടെയല്ല, ധനവകുപ്പും മന്ത്രിയും ഒന്നുപോലെ മുട്ടുകൾ കൂട്ടിയിടിക്കുന്ന അവസ്ഥയിൽ നിൽക്കുന്നത് 'സാലറി ചലഞ്ചി'ന്റെ കാര്യത്തിലാണ്. ജീവനക്കാരുടെ പ്രതികരണവും 'ചലഞ്ചാ'ണ്. കാര്യങ്ങൾ മുമ്പത്തെ പോലെയല്ല. പിന്നെ ഏക ഗുണം, ദിവസംപ്രതി ഓരോ കളർ ജൂബ്ബ വീതം മാറി മാറി ധരിച്ച് ഐസക് ഡോക്ടർക്ക് ചാനലുകളിൽ പ്രത്യക്ഷപ്പെടാമെന്നതാണ്. വാ തുറന്നാൽ ദാരിദ്ര്യമേ പറയൂ എന്നു പിറുപിറുത്തുകൊണ്ട് സ്വന്തം പാർട്ടിക്കാർ പോലും ചാനൽ മാറ്റുന്നതാണ് കണ്ടുവരുന്നത്. എന്തു ചെയ്യാം, 'പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല' എന്ന നമ്പ്യാരാശാന്റെ പാട്ട് മന്ത്രി-പ്രതിപക്ഷ ഭേദമെന്യേ' ഏവരെയും ജനങ്ങളുടെ ഓർമയിലെത്തിക്കുന്നതാണ് ഇന്നത്തെ കാഴ്ച.

****                             ****                         ****

പാമ്പാട്ടിയുടെ കുട്ടിയെ ഓലപ്പാമ്പു കാട്ടി പേടിപ്പിക്കരുതെന്ന്' പറയാറുണ്ട്. കണ്ണൂർ കമ്യൂണിസ്റ്റ് കോട്ട ആയിരിക്കാം. പക്ഷേ മറ്റു പുഷ്പങ്ങൾക്കു കൂടി വിടരാനുള്ളതാണ് അവിടുത്തെ മണ്ണ്. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആനപ്പകയുമായി നടക്കുന്ന മുഖ്യമന്ത്രിക്കു കിട്ടിയ പണി കണ്ടില്ലേ? പതിവ് അത്താഴം മുടങ്ങുന്നതിനു തുല്യമായില്ലേ, വൈകിട്ട് ആറു മണിക്കുള്ള പരിപാടിയുടെ ഗതി? ഇനിയിപ്പോൾ കുറച്ചുകാലം കെ.എം. ഷാജി കൊണ്ടുള്ള വിഭവങ്ങളായിരിക്കാം വിളമ്പാനുള്ളത്!
അഴിക്കോട് മണ്ഡലം കണ്ണൂരിലാണ്. ഷാജിക്ക് റോഡിലിറങ്ങി നടക്കുന്നതിനു പ്രയാസമുണ്ടാകാനിടയില്ല. പക്ഷേ, അകത്തു പോകാതെ സൂക്ഷിക്കണം! വിജിലൻസെന്നു പറഞ്ഞാൽ മുഖ്യമന്ത്രി 'വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉഗ്രസ്വരൂപിണിയാണ്. ജാഗ്രത ഇതിനു മുമ്പും മുഖ്യൻ കക്ഷിയെ ആവാഹിച്ച് പല ശത്രുസംഹാരങ്ങളും നടത്തിയിട്ടുണ്ട്. ചരിത്ര രേഖകൾ തപ്പിനോക്കണം. ഇപ്പോൾ 'നിയുക്ത മന്ത്രിസഭ'യെന്ന പോലെ നിയുക്ത കേസിന്മേൽ നിയമസഭാ സ്പീക്കർ പോലും മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരിക്കുന്നു. കേട്ടവർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ശ്രീരാമകൃഷ്ണൻ എന്നു പേരുള്ള ഒരു സ്പീക്കർ നാട്ടിലുണ്ടെന്നു പിടികിട്ടി. അത്രയും നന്ന്! പ്രളയ കാലത്തെ കണക്കും മറ്റും ചോദിച്ച് മുഖ്യനെ ക്ഷോഭിപ്പിക്കരുതെന്ന സന്ദേശം കൂടിയുണ്ട് ഇത്തവണ. പല ദുരിത സഖാക്കളെയും സഹായിക്കാൻ ഫണ്ട് വിനിയോഗിക്കും. ദുരിതമുള്ളവർക്കല്ലേ ആശ്വാസം നൽകേണ്ടത്? ഇടതു മുന്നണിക്കാർക്കൊന്നും ദുരിതമില്ലെന്ന് ഷാജിയെ ആരാണ് പറഞ്ഞു പഠിപ്പിച്ചത്?
കേസ് വാദിക്കാൻ രണ്ടു കോടി ഒരു വക്കീലിനു കൊടുത്തുവത്രേ! പിന്നെ ഒന്നരച്ചക്രത്തിനു വാദിക്കാൻ ആരാണ് വരിക? ഷുഹൈബ്, ഷുക്കൂർ, ശരത്‌ലാൽ എന്നിവർ കൊല്ലപ്പെട്ടവരാണെന്ന് ഓർക്കണം. ജീവിച്ചിരിക്കുന്നവർ അതിന്റെ പേരിൽ ജയിലിൽ കിടക്കണോ? പ്രത്യേകിച്ച്, നോം ഇവിടെ ഭരിക്കുമ്പോൾ! കെ.എം. ഷാജി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നേ പറയാനുള്ളൂ.

****                             ****                   ****

ബാർ അസോസിയേഷനെ ഒരിക്കൽ ഞെട്ടിച്ച വിരുതനാണ് അഡ്വക്കറ്റ് സെബാസ്റ്റ്യൻ പോൾ. തലസ്ഥാനത്ത് ഹൈക്കോടതിയുടെ ഒര ബെഞ്ച് വേണമെന്ന് അസോസിയേഷൻ. നേരേ വിപരീതമായി കർക്കശ നിലപാടെടുത്തു മേൽപടി വക്കീൽ. മറ്റു പല പൊതുകാര്യങ്ങളിലും ഇടപെടുന്നത്ര ശക്തിയോടെ തന്നെ ഇക്കാര്യത്തിലും നില. ഇതാ വീണ്ടും അദ്ദേഹം ഞെട്ടിക്കുന്നു- ദക്ഷിണ കൊറിയയിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൂൺ ജെ ഇൻ വീണ്ടും ചെങ്കൊടി പാറിച്ച് അധികാരത്തിലെത്തി. ആ 'വൻ വിജയം' കേരളത്തിൽ പിണറായി ആവർത്തിക്കുമോ എന്ന ആശങ്കയിലാണത്രേ പ്രതിപക്ഷം!
ഒരു ആശങ്കയോ ശങ്കയോ ഇല്ലാത്ത കാര്യമാണ് വക്കീലേ അക്കാര്യം! പക്ഷേ ദക്ഷിണ കൊറിയ ഒരു രാജ്യവും കേരളം ഇവിടുത്തെ ഒരു കൊച്ചു സംസ്ഥാനവുമാണെന്നോർക്കണം. വലിയൊരു വാട്ടർ ടാങ്കിനുടുത്ത് ഒരു കൊച്ചു ബക്കറ്റിൽ വെള്ളം നിറക്കുന്നതു പോലെയേ ഉള്ളൂ അവ തമ്മിലുള്ള ബന്ധം. അതിൽ വലുതായി രോമാഞ്ചം കൊള്ളാനുള്ള വകയൊന്നുമില്ല. പിന്നെ, 'എള്ളു കൊറിച്ചാൽ എള്ളോള'മെങ്കിലും ആശ്വാസം കിട്ടുമെങ്കിൽ ആയിക്കോട്ടെ!
 

Latest News