ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വൈറസ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലൊക്കെ വമ്പിച്ച പുരോഗതി നേടിയ മനുഷ്യൻ എത്രമാത്രം നിസ്സഹായനാണന്ന് ബോധ്യപ്പെടുത്തുന്ന സാഹചര്യം. ഈ കോവിഡ് പ്രതിസന്ധി ഉണ്ടാക്കാവുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയുടെ ആഴം നമുക്ക് ഊഹിക്കാനാവുന്നതിലും വലുതാകുമെന്നതിൽ സംശയമില്ല. തികച്ചും അനിശ്ചതത്വത്തിലായ സാമ്പത്തിക ചക്രവാളം കൂടുതൽ മേഘാവൃതമായിരിക്കുന്നു. കടുത്ത ഈ പ്രതിസന്ധിയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും പകച്ചു പോകാതിരിക്കാനും നാം എന്താണ് ചെയ്യുക?
ലോകത്തെ വിറപ്പിച്ച വൻശക്തികൾ ഒരു സൂക്ഷ്മാണുവിന് മുന്നിൽ കീഴടങ്ങുന്ന അത്യന്തം ദയനീയ കാഴ്ച! സാമ്പത്തിക ശക്തിയും സാങ്കേതിക മേന്മയും അവരുടെ രക്ഷക്കെത്തിയില്ല. ഗൾഫ് മേഖലയിലും കൊറോണ പിടിമുറുക്കി.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനലക്ഷങ്ങളായ പാവപ്പെട്ടവരുടെ സഹന സമര വീര്യവും അതിജീവന സമരത്തിൽ ഉരുക്കു കോട്ട തീർത്ത ഒരുമയുടെ നിശ്ചയദാർഢ്യവുമായിരിക്കും കോവിഡാനന്തര പുതുലോകത്തിന്റെ മുഖ്യ ചർച്ചാ വിഷയം എന്ന കാര്യം മലയാളികൾ എന്ന നിലയ്ക്ക് നമ്മെയൊക്കെ സന്തോഷിപ്പിക്കുന്നുവെങ്കിലും പ്രവാസ ലോകത്തെ സ്ഥിതിഗതികൾ അത്യന്തം ആശങ്കാജനകമായി തുടരുന്നത് നമ്മുടെയൊക്കെ സമാധാനം കെടുത്തുന്നു.
കോവിഡ്19 എന്ന മഹാമാരിയുടെ ഭീതിയിൽ ലോകം പകച്ചുനിൽക്കുമ്പോഴും ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും തിരിനാളങ്ങളാണ് ലോകം അന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം വാട്‌സ്ആപ്പിൽ വായിച്ച ഒരു കഥയുടെ സംഗ്രഹം ഇങ്ങനെയാണ്:
1914 ഡിസംബർ 10 ന് അമേരിക്കയിലെ ന്യൂജഴ്‌സിയിൽ വെസ്റ്റ് ഓറഞ്ച് നഗരത്തിൽ ഒരു വലിയ സ്‌ഫോടനം നടന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞനായിരുന്ന തോമസ് ആൽവ എഡിസന്റെ ഉടമസ്ഥതയിലുള്ള പത്ത് വലിയ ബിൽഡിംഗുകളുള്ള ഫാക്ടറി സമുച്ചയമാണ് കത്തിച്ചാമ്പലായത്.
വിദഗ്ധരായ ഫയർ ഫൈറ്റർമാരുടെ നിരവധി സംഘങ്ങൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും തീ അണക്കാനായില്ല. തനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളുമെടുത്ത ശേഷം, തന്റെ കഠിനാധ്വാനം കൊണ്ട് പടുത്തുയർത്തിയ സാമ്രാജ്യം കത്തിനശിക്കുന്നത് എഡിസൺ നിർവികാരനായി നോക്കി നിന്നു. 24 വയസ്സുള്ള തന്റെ മകൻ ചാൾസ് അദ്ദേഹത്തിന്റെ അരികിൽ വന്നു നിന്നപ്പോൾ എഡിസൺ മോനോട് പറഞ്ഞത്, മോനേ വേഗം പോയി അമ്മയോട് കൂട്ടുകാരികളെയൊക്കെ കൂട്ടി വരാൻ പറയൂ. ജീവിതത്തിൽ ഇത്രയും വലിയ ഒരു തീപ്പിടിത്തം ഇനി കാണാൻ കഴിയില്ല. പിതാവിന്റെ പ്രതികരണം കേട്ട അന്തം വിട്ട മകൻ ചാൾസ് ചോദിച്ചു. ഡാഡീ, നമ്മുടെ മുഴുവൻ ഫാക്ടറിയും കത്തിച്ചാമ്പലാവുകയാണ്. എഡിസൺ പറഞ്ഞു. അതെ നമ്മുടെ ഫാക്ടറി മുഴുവനും ചാരമാവുകയാണ്. ഇക്കാലമത്രയും നാം ചെയ്ത മിസ്‌റ്റേക്കുകളും അതോടെ ചാരമാകും.
നാം തികച്ചും പുതിയതൊന്ന് നാളെ തുടങ്ങും. അന്ന് വൈകുന്നേരം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എനിക്ക് 67 വയസ്സായെങ്കിലും തീയണക്കാനുള്ള ശ്രമത്തിൽ ഞാൻ പൂർണമായും ഓടിത്തളർന്നിരിക്കുകയാണെങ്കിലും നാളെ തികച്ചും പുതിയതായി, പൂർവാധികം ശക്തിയും ഊർജവും സംഭരിച്ച് ഞാൻ തുടങ്ങും. അദ്ദേഹം അങ്ങനെ ചെയ്തു.
ജീവിതം പലപ്പോഴും അങ്ങനെയാണ്. നമ്മുടെ ആശകളും പ്രതീക്ഷകളുമൊക്കെ അത് തകർത്തെറിയും. പ്രയത്‌നങ്ങളൊക്കെ നിഷ്ഫലമാക്കും. ഈ സമയത്തും നാം ഓർക്കേണ്ട മൂന്ന് പ്രധാന സംഗതികളുണ്ട്.
great people they dont cry, theyt ry to rebuild their dreams
great people dont give up. they live up to the challenges life throws at them.
great people dont go through challenges, they grow through the difficulties with great hope and determination.
പണവും അധികാരവുമൊക്കെ ഒരു ചെറിയ വൈറസിന് മുന്നിൽ ഒന്നുമല്ലാതാകുന്ന ദയനീയാവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അഹങ്കാരം വെടിഞ്ഞ് വിനയാന്വിതരായി സമാധാനത്തോടെ സഹവർത്തിക്കാനുള്ള ആഹ്വാനമാണ് ഈ സന്ദർഭം ആവശ്യപ്പെടുന്നത്. കോവിഡിനെ പേടിച്ച് അസ്വസ്ഥരാവാതെ, സാധ്യമാകുന്ന പ്രതിരോധ നടപടികളാണ് നാം കൈക്കൊള്ളേണ്ടത്. രോഗം ബാധിച്ചവർക്ക് മികച്ച പരിചരണം നൽകുന്നതോടൊപ്പം സാമൂഹ്യ വ്യാപനത്തിന്റെ എല്ലാ പഴുതുകളുമടക്കാനും നാം ജാഗ്രത പാലിക്കുക.
ലോക ചരിത്രം കോവിഡിന് മുമ്പും ശേഷവും എന്ന രീതിയിലാണ് വായിക്കപ്പെടുക എന്ന് തന്നെയാണ് കരുതേണ്ടത്. കോവിഡിന് ശേഷമുള്ള ലോകക്രമം എന്തായിരിക്കുമെന്നോ ലോകത്തിന്റെ നേതൃത്വം ആർക്കായിരിക്കുമെന്നോ എന്നൊന്നും പ്രവചിക്കാനാത്ത വിധം സങ്കീർണമാണ് സാഹചര്യം.
ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചൊടുങ്ങുകയും നിരവധി സംരംഭങ്ങൾ തകർന്നടിയുകയും ചെയ്യുന്ന ദുരന്തത്തിന്റെ ആഘാതം രാജ്യങ്ങൾക്ക് താങ്ങാനാകുമോ എന്ന വലിയ ഭയാശങ്കകളാണ് നിലനിൽക്കുന്നത്. എങ്കിലും പ്രതീക്ഷ കൈവിടാതെ നാം മുന്നേറുക.
ഈ സമയവും കടന്നുപോകുമെന്ന പ്രശസ്തമായ വാക്യമാണ് ഇവിടെ നമുക്ക് പ്രചോദനം. മാനവരാശിയുടെ സ്‌നേഹവും ഐക്യവുമാണ് നമ്മുടെ ശക്തി. ഒരുമിച്ചു നിൽക്കാനും പരസ്പരം സഹായ സഹകരണങ്ങളിലൂടെ മുന്നേറാനും ലോകം തയാറാകുമെങ്കിൽ, അഹങ്കാരം വെടിഞ്ഞ് നന്മയുടെയും സുകൃതങ്ങളുടെയും ശുദ്ധമായ മരുപ്പച്ചയിലേക്ക് തിരിച്ചുവരാൻ സന്നദ്ധമാകുമെങ്കിൽ ഈ തമസ്സിനപ്പുറമുള്ളത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വെളിച്ചത്തിന്റെ തുരുത്തുകളാണെന്നു നാമറിയുക.






