ചടങ്ങുകളില്ലാതെയുള്ള വിവാഹം; മാര്യേജ് സര്‍ട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ- ചടങ്ങുകളില്ലാതെ നടത്തിയ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് ബോംബെ ഹൈക്കോടതി. താനെ സ്വദേശിയും കാമുകിയും നാല് വർഷം മുമ്പ് നേടിയ വിവാഹ സർട്ടിഫിക്കറ്റ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

2016 ജൂലായ് 28ന് പരാതിക്കാരുടെ വിവാഹം നടന്നിരുന്നതായി കാണിച്ച് സെപ്തംബര്‍ 29ന് താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ 2017 നവംബര്‍ 16ന് താനെ കുടുംബ കോടതി ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ജോലി ചെയ്തിരുന്ന ജിംനേഷ്യത്തിൽ തന്റെ സഹപ്രവർത്തകയുമായി പ്രണയത്തിലായ യുവാവ് ഇവര്‍ വിവാഹിതരാണെന്ന്  കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താനാണ് സര്‍ട്ടിഫിക്കറ്റ് നേടിയത്. വിവാഹത്തെ എതിര്‍ത്ത കുടുംബം യുവതിക്ക് മറ്റ് വിവാഹാലോചനകള്‍ നടത്തുന്നത് തടയാനും ഇതുവഴി കഴിയുമെന്ന് ഇരുവരും കരുതി. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ പരാതിപ്പെടുകയായിരുന്നു.  മകളെ തട്ടിക്കൊണ്ടുപോയി രേഖകളില്‍ ബലമായി ഒപ്പുവയ്പ്പിച്ചു വ്യാജ വിവാഹ രേഖയുണ്ടാക്കി എന്ന് കാണിച്ചാണ് യുവാവിനെതിരെ പരാതി നല്‍കിയത്. കാമുകനും മറ്റുചിലര്‍ക്കുമെതിരെയായിരുന്നു കേസ്. ഈ കേസ് പിന്നീട് ഒത്തുതീര്‍ന്നെങ്കിലും നേരത്തേ ലഭിച്ച വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ കാമുകിയെ സ്വന്തമാക്കാനായിരുന്നു യുവാവിന്റെ ശ്രമം.

Latest News