മൂന്ന് പേരെ തല്ലിക്കൊന്ന സംഭവം; അറസ്റ്റിലായവരില്‍ മുസ്‌ലിംകളില്ലെന്ന് മഹരാഷ്ട്ര ആഭ്യന്തര മന്ത്രി

മുംബൈ- മഹാരാഷ്ട്രയിലെ പല്‍ഘറില്‍ മൂന്ന് പേരെ തല്ലിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായവരില്‍ മുസ്ലിംകളില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പിന് ബി.ജെ.പിയും സംഘ് പരിവാറും ശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന രണ്ട് സന്ന്യാസിമാരേയും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറേയും കഴിഞ്ഞയാഴ്ചയാണ് പല്‍ഘറില്‍ ആള്‍ക്കുട്ടം തല്ലിക്കൊന്നത്. ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിലായിരുന്നു സംഭവം.

അതിനിടെ, ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ബിജെപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം അറിയിച്ചു. പല്‍ഘര്‍ ജില്ലയിലെ ദഹാനു താലൂക്കില്‍ ഏപ്രില്‍ 16നു രാത്രി ആള്‍ക്കൂട്ടക്കൊല നടന്ന ഗഡ്ചിഞ്ചലേ ഗ്രാമം ബിജെപി ശക്തികേന്ദ്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്. ഗ്രാമത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിലും സന്ന്യാസികളെ കൊലപ്പെടുത്തിയതിലുമുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News