മലപ്പുറം- ലോക്ഡൗൺ നിലനിൽക്കെ, ചെന്നൈയിൽനിന്ന് ചരക്കു വാഹനങ്ങളിലും കാൽനടയായും സംസ്ഥാന അതിർത്തി കടന്ന് പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ 18 കാരനാണ് രോഗബാധ. ഇയാൾ മലപ്പുറം ജില്ലയിൽ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.
ചെന്നൈയിലെ ജ്യൂസ് കടയിൽ ജോലിക്കാരനായ 18 കാരൻ ഒതുക്കുങ്ങലിലെ വീട്ടിൽനിന്ന് 2020 ജനുവരി 18 ന് ചെന്നൈയിലേക്ക് പോയതാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയിൽനിന്ന് ചരക്കു വാഹനങ്ങളിലും കാൽനടയായുമാണ് ഇയാൾ അതിർത്തി കടന്നത്. ഇതിനിടെ ഏപ്രിൽ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വെച്ച് പോലീസിന്റെ പിടിയിലായി. 18 ന് തന്നെ പൊലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കൽ കോേളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി.






