Sorry, you need to enable JavaScript to visit this website.

റിസർവ് ബാങ്ക് 'കള്ളപ്പണക്കാർക്ക് പലിശ കൊടുക്കേണ്ട ഗതികേടിലേക്കെന്ന് രഘുറാം രാജൻ; വർഷം തോറും അധിക ബാധ്യത കാൽ ലക്ഷം കോടി രൂപ

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ മറ്റൊരു പരാജയം കൂടി വെളിപ്പെടുന്നു. നിരാധിത നോട്ടുകളുടെ 99 ശതമാനം തിരികെ എത്തിയതിനർത്ഥം കള്ളപ്പണക്കാരെല്ലാം തങ്ങൾ നികുതി വെട്ടിച്ച് പൂഴ്ത്തിവച്ച പണം നിയമാനുസൃതമാക്കി എന്നാണ്. ഇതോടെ ഇവർക്ക് നൽകേണ്ടി വരുന്ന പലിശ റിസർവ് ബാങ്കിന് വൻ ബാധ്യതയാകാൻ പോകുകയാണെന്ന് മുൻ ഗവർണർ രഘുറാം രാജൻ മുന്നറിയിപ്പു നൽകി. അധിക പലിശ ഇനത്തിൽ ആയിരക്കണക്കിന് കോടി രൂപയാണ് റിസർവ് ബാങ്കിന് നൽകേണ്ടി വരിക. 

കള്ളപ്പണം സൂക്ഷിച്ചവരെല്ലാം അവ നിയമാനുസൃതമാക്കാൻ വഴികൾ കണ്ടെത്തിയെന്നാണ് പുതിയ കണക്കുളിൽ നിന്ന് വ്യക്തമായത്. ഈ പണത്തിന് ഇവർക്ക് പലിശ നൽകേണ്ട ബാധ്യതയാണിപ്പോൾ റിസർവ് ബാങ്കിന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നത്. നോട്ടുനിരോധന സമയത്ത് നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണമുണ്ടായിരുന്നതായി കണക്കാക്കുകയാണെങ്കിൽ  ഒരു വർഷം 24,000 കോടി രൂപ വരെ പലിശ ബാധ്യത വരാമെന്ന് അദ്ദേഹം കണക്കു കൂട്ടുന്നു.

നോട്ടുനിരോധനം മൂലം ജനങ്ങൾ ശ്രദ്ധിക്കാതെ പോയ ചെലവുകളിലൊന്ന് വീടുകളിൽ സൂക്ഷിച്ച പണത്തിന്റെ കാര്യത്തിലായിരുന്നു. ഈ പണമത്രയും ഒരു പലിശയും നേടാതെ ജനങ്ങളുടെ വീടുകളിൽ ഇരിക്കുകയായിരുന്നു. ഇത് ബാങ്കുകളിലെത്തി നിയമാനുസൃതമായതോടെ ഇതിന് ജനങ്ങൾക്ക് പലിശ നൽകേണ്ടി വരുന്നു, അദ്ദേഹം പറഞ്ഞു. 

നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മൂന്ന് ലക്ഷം കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം തിരിച്ചു പിടിക്കുകയെന്നതായിരുന്നു. നോട്ടു നിരാധിച്ചാൽ ഇവ ബാങ്കിൽ തിരിച്ചെത്തില്ലെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് റിസർവ് ബാങ്കിന്റെ ലാഭം വർധിപ്പിക്കുകയും ബാധ്യത കുറക്കുകയും ചെയ്യുമായിരുന്നു. ഇതു വഴി സർക്കാർ പദ്ധതികൾക്ക് കൂടുതൽ ഫണ്ട് കൈമാറാനും കഴിയുമായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. തിരിച്ചെത്തിയ 99 ശതമാനം പണത്തിനും പലിശ നൽകേണ്ട ഗതികേടിലായി. ഇത് റിസർവ് ബാങ്കിന്റെ ലാഭം മുൻവർഷത്തേക്കാൾ പകുതിയായി ഇടിച്ചെന്നും നേരത്തെ രഘുറാം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
 

Latest News