മകള്‍ക്കൊപ്പം നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക്  കൂടി മംഗല്യഭാഗ്യമൊരുക്കി വ്യവസായി

വെഞ്ഞാറമൂട്- മൈലയ്ക്കല്‍ ഗ്രൂപ്പ് ഉടമ മൈലയ്ക്കല്‍ ഗാര്‍ഡന്‍സില്‍ നിസാറാണ് മകളുടെ വിവാഹത്തിനൊപ്പം മറ്റ് രണ്ട് വിവാഹങ്ങള്‍ കൂടി നടത്തിയത്. രണ്ട് വിവാഹങ്ങള്‍ക്ക് പുറമേ ഒരാള്‍ക്ക് നിസാര്‍ വിവാഹ ധനസഹായവും നല്‍കി. ഇന്നലെയായിരുന്നു നിസാറിന്റെയും  ഷജീലയുടെയും മകള്‍ സാദിയയുടെ വിവാഹം. വാമനപുരം കരുവയല്‍ ഫവാസ് മനസില്‍ സൈനുല്ലാബ്ദീന്റെയും ജമീല ഹക്കിമിന്റെയും മകന്‍ ഫൈസലാണ് സാദിയയുടെ വരന്‍. 
പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയില്‍ സലിമിന്റെയും ഷാഹിദയുടെ മകള്‍ ഖദീജയും പെരുമാതുറ തെരുവില്‍  തൈവിളാകത്ത് വീട്ടില്‍ അഷറഫ് നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ ഷഹീനും തമ്മിലായിരുന്നു മറ്റൊരു വിവാഹം. 
വെഞ്ഞാറമൂട് കോട്ടറക്കോണം വൈഷ്ണവ്  ഭവനില്‍ പരേതനായ രഘുവിന്റെയും ശാലിനിയുടെ മകള്‍ രജിതയും ഇടുക്കി വാഗമണ്‍ ചെറിയകാവില്‍ ഹൗസില്‍ മനോജിന്റെയും  ഉഷയുടെയും  മകന്‍  മജുവും തമ്മിലുള്ള വിവാഹമായിരുന്നു മറ്റൊന്ന്. 
ഇവര്‍ക്കൊപ്പം മറ്റൊരു വിവാഹം കൂടി നടത്താന്‍ നിസാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൌണ്‍ കാരണം വരന് നാട്ടിലെത്താന്‍ സാധിച്ചില്ല. എന്നാല്‍, ഇവര്‍ക്കുള്ള വിവാഹ ധനസഹായം നിസാര്‍ നല്‍കി. 
അഞ്ച് പവന്‍ സ്വര്‍ണം, വിവാഹ വസ്ത്രങ്ങള്‍, 10,000 രൂപ എന്നിവ നല്‍കിയാണ് രണ്ട് വിവാഹങ്ങളും നിസാര്‍ നടത്തിയത്. ഇതിന് പുറമേ, ഇവരെ വിവാഹം ചെയ്ത വരന്മാര്‍ക്ക് ഓരോ ഓട്ടോ റിക്ഷകളും നിസാര്‍ നല്‍കി.ലോക്ക് ഡൌണിനെ തുടര്‍ന്ന് അവരവരുടെ വീടുകളില്‍ ലളിതമായ ചടങ്ങുകളോടെയാണ് മൂന്ന് വിവാഹങ്ങളും നടന്നത്. നെല്ലനാട് പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണില്‍ വച്ചായിരുന്നു വിവാഹ സദ്യ. ചടങ്ങുകള്‍ക്ക് ശേഷം കമ്യൂണിറ്റി കിച്ചണിലെത്തിയ വധൂവരന്മാര്‍ ഭക്ഷണ വിതരണത്തില്‍ പങ്കെടുത്താണ് മടങ്ങിയത്. 
ഇതിനെല്ലാം പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിസാര്‍ 10,000 രൂപ സംഭാവന നല്‍കി. ഡികെ മുരളി എംഎല്‍എ വഴിയാണ് നിസാര്‍ സംഭാവന കൈമാറിയത്. 
പഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ്, എസ്.അനില്‍, അല്‍ സജീര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് പ്രസിഡന്റ് സിത്താരാ ബാബു കെ. സിത്താര എന്നിവര്‍ പങ്കെടുത്തു.
 

Latest News