Sorry, you need to enable JavaScript to visit this website.

ജർമനിയുടെ ചരിത്ര ശേഷിപ്പുകൾ തേടി 

ഫ്രാങ്ക്ഫർട്ട് പേപ്പർ വേൾഡ് എക്‌സിബിഷൻ ലോകത്തെ സുപ്രധാന പ്രദർശനമാണെന്ന് അവിടുത്തെ സജ്ജീകരണങ്ങൾ കണ്ടപ്പോൾ മനസ്സിലായി. നാല് കെട്ടിടങ്ങളിൽ മൂന്നു തട്ടുകളിലായി ആയിരക്കണക്കിന് സ്റ്റാളുകൾ. ഒരു കെട്ടിടത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ ഷട്ടിൽ ബസ് സൗകര്യം. ആവശ്യമുള്ള സ്റ്റാളുകളൊക്കെ കണ്ടു ഉത്തരവാദിത്തം പൂർത്തീകരിച്ചു. 

ദൈവകൃപ ഉണ്ടെങ്കിൽ ഒരുവർഷം ഒരു പുതിയ രാജ്യമെങ്കിലും ഭാര്യയോടൊപ്പം സന്ദർശിക്കണമെന്ന ആഗ്രഹ സാക്ഷാത്ക്കാരത്തിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷാവസാനം അമേരിക്കയിൽ ചെന്നത്. അന്നുതന്നെ തീരുമാനിച്ചതാണ് ഈ വർഷം യൂറോപ്പ് സന്ദർശിക്കണമെന്ന്. ആ തീരുമാനവും അവിടെ പോയതും നന്നായെന്നാണ്  ഇന്നത്തെ ആ രാജ്യങ്ങളിലെ  അവസ്ഥ കാണുമ്പോൾ തോന്നുന്നത്. അടുത്ത രണ്ടു വർഷം ഈ രാജ്യങ്ങളിൽ സന്ദർശനം നടക്കാൻ സാധ്യത കുറവാണല്ലോ. 
ആധുനികതയിലും പഴമയെ ഫലപ്രദമായി നിലനിർത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് കൊണ്ടാവാം വിനോദ സഞ്ചാരികളെ യൂറോപ്പ് ആകർഷിക്കുന്നത്. 26 രാജ്യങ്ങളുടെ ഒരു കൂട്ടായ്മ എന്ന നിലക്ക് ഷെങ്കൻ വിസ എടുത്താൽ അതിൽ പെട്ട രാജ്യങ്ങളൊക്കെ സന്ദർശിക്കാം എന്നതും മറ്റൊരു കാരണമാവാം.


സൗദി മാർക്കറ്റിൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് സ്‌റ്റേഷനറി മാർക്കറ്റിൽ നല്ലൊരു സ്ഥാനം ഉറപ്പിച്ച ബിഎൻബി  എന്ന എന്റെ കമ്പനിയുടെ പ്രതിനിധിയായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന പേപ്പർ വേൾഡ് എക്‌സിബിഷൻ പങ്കെടുക്കേണ്ടതുണ്ട്. ജർമനിയും തൊട്ടടുത്തുള്ള ജീവിത സാഹചര്യം കൊണ്ട് ലോകത്ത് ഉയർന്നു നിൽക്കുന്ന ഇറ്റലിയും  ലോകത്തിലെ ഏറ്റവും വലിയ പട്ടണമായ ഫ്രാൻസിലെ പാരീസും സന്ദർശിക്കാൻ തീരുമാനിച്ചു.
ഭാര്യ നാട്ടിലായത് കൊണ്ട് ബാംഗ്ലൂരിലെ വി എസ് എഫ് ഓഫീസിലായിരുന്നു വിസക്ക് അപേക്ഷിച്ചത്. 


വിസ നടപടിക്രമങ്ങൾ  14 ദിവസം കൊണ്ട് പൂർത്തിയാക്കി.  വിസ കിട്ടിയത് കൊണ്ട് പാസ്‌പോർട്ടും വാങ്ങി നേരെ എയർപോർട്ടിലേക്ക് പോയി. ഗൾഫ് എയർ ഫ്‌ളൈറ്റിൽ ബഹ്‌റൈൻ വഴി 14 മണിക്കൂർ നീണ്ട യാത്ര. നാട്ടിൽ നിന്നും പുറപ്പെട്ടു മൊത്തം 26 മണിക്കൂർ യാത്രക്കൊടുവിൽ രാവിലെ പ്രാദേശിക സമയം 8 മണിക്ക് ഫ്രാങ്ക്ഫർട്ടിൽ എത്തി. എമിഗ്രേഷൻ നടപടികളൊക്കെ പെട്ടെന്ന് കഴിഞ്ഞു. അറിയാമായിരുന്നിട്ടും മറന്ന കാരണം ഒരു യൂറോ കോയിൻ ഇല്ലാത്തത് കൊണ്ട് ട്രോളി എടുക്കാൻ സാധിച്ചില്ല. ട്രോളി ബാഗായത് കൊണ്ട് രണ്ടുപേരും ഉരുട്ടി പുറത്തേക്ക് വന്നു. വരി പാലിച്ചു പുറത്തു നിരയായി നിൽക്കുന്ന ടാക്‌സിയിലേക്ക് നടന്നു. ഭാഗ്യവശാൽ പാക്കിസ്ഥാനി ഡ്രൈവറുടെ വണ്ടി കിട്ടിയപ്പോൾ സമാധാനം തോന്നി  ഭാഷാ പ്രശ്‌നം ഉണ്ടാവില്ല എന്നോർത്ത്.
ഗൂഗിളിൽ ഹോട്ടൽ സ്ഥലം നോക്കിയപ്പോൾ എയർപോർട്ടിൽ നിന്നും 20 മിനിട്ടു യാത്രയും ഓൺലൈൻ ടാക്‌സിക്ക് 10 യൂറോ ചാർജും ആകും എന്ന് മനസ്സിലാക്കി. ഹോട്ടലിന്റെ 100 മീറ്റർ അടുത്തെത്തിയപ്പോൾ മീറ്ററിലുണ്ടായ 10 യൂറോ, മുന്നിലുണ്ടായ മൂന്ന് സിഗ്‌നലുകൾ കഴിയുമ്പോൾ മീറ്ററിൽ 12 യൂറോ ആയി. യൂറോപ്പിൽ പൊതുഗതാഗതം ഉപയോഗിക്കണമെന്ന പരിചിതരുടെ വാക്കുകളുടെ അർത്ഥം അപ്പോഴാണ് മനസ്സിലായത്.


ഒരാഴ്ചത്തേക്കുള്ള ട്രിപ്പിൽ രണ്ടു ദിവസമാണ് എക്‌സിബിഷന് വേണ്ടി മാറ്റിവെച്ചത് എന്നത് കൊണ്ട് വിശ്രമിക്കാനൊന്നും നിൽക്കാതെ തയ്യാറെടുത്ത് എക്‌സിബിഷൻ നടക്കുന്ന സ്ഥലത്തേക്ക് പോകാനായി ഇറങ്ങി. റിസപ്ഷൻ  കൗണ്ടറിൽ വെച്ച് മാപ്പ് നോക്കി നിൽക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും അവിടേക്കുള്ള മെട്രോ ട്രെയിൻ നമ്പറും കണ്ടുപിടിച്ചു. എന്നിരുന്നാലും സംശയം ദൂരീകരിക്കാൻ റിസപ്ഷനിലെ കുറച്ചു ഇംഗ്ലീഷ് അറിയുന്ന സ്ത്രീയോട് ചോദിച്ചു. ഉടനെ രണ്ടു പേപ്പർ കഷ്ണം എടുത്തു ജർമൻ ഭാഷയിൽ എഴുതി തന്നിട്ട് പറഞ്ഞു യാത്രക്കിടയിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ ഇതു കാണിച്ചാൽ മതി.  ഒന്നു പോകുന്നതിനും മറ്റൊന്നു തിരിച്ചു വരുന്നതിനും. അതൊരു നല്ല രീതിയായി മനസ്സിലാക്കിയതു കൊണ്ട് യാത്രയിലുടനീളം ഉപയോഗിക്കുകയും വഴി തെറ്റി സമയം നഷ്ടപ്പെടാതെ നോക്കാനും സാധിച്ചു.
ഫ്രാങ്ക്ഫർട്ട് പേപ്പർ വേൾഡ് എക്‌സിബിഷൻ ലോകത്തെ സുപ്രധാന പ്രദർശനമാണെന്ന് അവിടുത്തെ സജ്ജീകരണങ്ങൾ കണ്ടപ്പോൾ മനസ്സിലായി. നാല് കെട്ടിടങ്ങളിൽ മൂന്നു തട്ടുകളിലായി ആയിരക്കണക്കിന് സ്റ്റാളുകൾ. ഒരു കെട്ടിടത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ ഷട്ടിൽ ബസ് സൗകര്യം. ആവശ്യമുള്ള സ്റ്റാളുകളൊക്കെ കണ്ടു ഉത്തരവാദിത്തം പൂർത്തീകരിച്ചു. കൂടെയുള്ള ഭാര്യയെ വൈഫൈ സൗകര്യമുള്ള സ്ഥലത്ത് നിർത്തി കുടുംബക്കാരുമായും കൂട്ടുകാരികളുമായും ചാറ്റ് ചെയ്യാനും സാമൂഹ്യ മാധ്യമം ഉപയോഗിക്കാനും അവസരമൊരുക്കിയത് കൊണ്ട് കാര്യങ്ങൾ എളുപ്പം പൂർത്തീകരിക്കാൻ സാധിച്ചു. മീറ്റിംഗിനിടയിൽ പരിചയക്കാരോട് അധികം ദൂരം പോകാതെ കാണാൻ പറ്റുന്ന പ്രദേശങ്ങളുടെ അറിവ് നേടാൻ ശ്രമിച്ചു. എല്ലാവരും ഉപദേശിച്ച പ്രകാരം പിറ്റേന്ന് അവിടെ നിന്നും 89കിലോ മീറ്റർ ദൂരമുള്ള ഏറ്റവും പഴക്കമുള്ള പട്ടണമായ ഹൈഡൽബെർഗിലേക്ക് പോകാൻ തീരുമാനിച്ചു. രാവിലെ തന്നെ ഇന്റർസിറ്റി ട്രെയിനിൽ പുറപ്പെട്ടു. നേരിയ ചാറ്റൽ മഴയും അഞ്ചു ഡിഗ്രി തണുപ്പുമാണ് കാലാവസ്ഥ. 11 മണിക്ക് ഹൈഡൽബെർഗ് സ്‌റ്റേഷനിൽ ഇറങ്ങി ഇൻഫർമേഷൻ സെന്ററിൽ പോയി അവിടുത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങളെ ചോദിച്ചു മനസ്സിലാക്കി. എല്ലായിടത്തേയും പോലെ മാപ്പ് പ്രദർശിപ്പിച്ച്  വിശദീകരിച്ചു തന്നിട്ട് പുറത്തു നമുക്ക് പോകേണ്ട ബസ് നമ്പറും പറഞ്ഞു തന്നു.
ബസ് നേരെ പോയത് ഹൈഡൽബെർഗ് യൂണിവേഴ്‌സിറ്റി ഭാഗത്തേക്കായിരുന്നു. അതിനു ചുറ്റും നടന്നു കാണാനുള്ളതാണ് പ്രധാന കേന്ദ്രം എന്നത് കൊണ്ട് അവിടെ ബസിറങ്ങി.
ആദ്യം പോയത് ലോകത്തിലെ ഏറ്റവും പുരാതന ഇരുമ്പ് പാലം കാണാനാണ്. നെക്കാർ നദിക്കു കുറുകെ 120 മീറ്റർ നീളത്തിൽ 1789ൽ ഉണ്ടാക്കിയ ആ പാലം കാണാൻ ഏകദേശം വർഷം 120 ലക്ഷം ആളുകൾ വരുന്നുണ്ട് എന്നാണ് കണക്ക്. പാലത്തിന്റെ മുന്നിൽ തന്നെ കണ്ണാടിയും പിടിച്ചു നിൽക്കുന്ന ഒരു കുരങ്ങന്റെ മുന്നിൽ നിന്നും സെൽഫി എല്ലാ സന്ദർശകരും എടുക്കുന്നത് കാണാമായിരുന്നു.
അവിടെ നിന്നും നോക്കിയാൽ കാണുന്ന കുന്നിനു മുകളിലായുള്ള പുരാതന കോട്ടയായിരുന്നു അടുത്ത ലക്ഷ്യം. കുറച്ചു ബുദ്ധിമുട്ടിയായാലും അതിന്റെ മുകളിൽ കയറി. 1300കളിൽ ഉണ്ടാക്കിയ ആ കോട്ട നവോത്ഥാനത്തിന്റെ ആർകിടെക്ട് എന്നാണറിയപ്പെടുന്നത്. മുകളിൽ നിന്നും നോക്കിയാൽ ഹൈഡൽബെർഗ് താഴ്‌വരയുടെയും നെക്കാർ പുഴയുടെയും അണക്കെട്ടിന്റെയും കാഴ്ച്ച നയന സുന്ദരമായിരുന്നു.
അവിടെ നിന്നും നടന്നു നേരെ പോയത് ലോകത്തിലെ പഴക്കം ചെന്ന ഹൈഡൽബെർഗ് യൂണിവേഴ്‌സിറ്റി കാണാനായിരുന്നു. ഇന്ത്യ അടക്കം ലോകത്തിലെ വിവിധ ഭാഗങ്ങളിലെ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. സൈക്കിളിലോ കാലൽനടയായോ ആണ് കുട്ടികൾ വരുന്നത്. ഒച്ചപ്പാടോ ആർപ്പു വിളിയോ ഇല്ലാത്ത തികച്ചും സമാധാനമുള്ള ഒരന്തരീക്ഷം. എനിക്കേറെ ഇഷ്ടമുള്ള ലൈബ്രറിയിൽ കയറി നോക്കി. ഒരു കോളേജ് വലിപ്പത്തിലുള്ള വലിയ കെട്ടിടത്തിൽ വിവിധ  വിഭാഗങ്ങളാക്കി തിരിച്ച ഒട്ടേറെ ഹാളുകൾ.  കുട്ടികൾ നിശ്ശബ്ദമായി ഇരുന്നു വായിക്കുന്നു. 


കഌസിനേക്കാളും കൂടുതൽ സമയം വായന ശാലയിലും പ്രൊജക്റ്റ് ചെയ്യുന്ന മുറികളിലുമാണ് ചെലവാക്കുന്നതെന്ന് കുട്ടികളോട് ചോദിച്ചപ്പോൾ പറഞ്ഞു.
കുറച്ചുനേരം നെക്കാർ പുഴയുടെ ഓരം ചേർന്ന് കല്ല് പതിച്ച നടപ്പാതയിലൂടെ നടന്നു പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അടുത്ത ബസിൽ പട്ടണത്തിലേക്ക്. മഴ കുറച്ചു കനത്തതുകൊണ്ട് ഓരോ സാന്റുവിച്ചും വാങ്ങി കഴിച്ചു നേരെ റെയിൽവേ സ്‌റ്റേഷനിലേക്ക് പോയി. ഫ്രാങ്ക്ഫർട്ടിലേക്കുള്ള ട്രെയിനിന്റെ സമയമായിരുന്നു. റൂമിലേക്കുള്ള വഴിയിൽ ഹലാൽ ഹോട്ടലിൽനിന്നും ഒരു പിസ്സയും കഴിച്ചു.
അടുത്ത ദിവസം സിറ്റി കാണാനായിരുന്നു പദ്ധതി. രാവിലെ എഴുന്നേറ്റ് പ്രഭാത ഭക്ഷണമായ റൊട്ടിയും മുട്ട പുഴുങ്ങിയതും (അത് മാത്രമേ ധൈര്യത്തിൽ കഴിക്കാൻ പറ്റൂ )കഴിച്ചു 9 മണിക്ക് പുറത്തിറങ്ങിയപ്പോൾ വണ്ടികളോ ആളുകളോ റോഡിൽ ഇല്ലായിരുന്നു. 10 മണിക്ക് ശേഷമേ ആളുകൾ പുറത്തിറങ്ങൂ എന്ന് മനസ്സിലായി. എവിടെ നിന്നാലും ഫോട്ടോ എടുക്കാൻ പാകത്തിൽ ഇല കൊഴിഞ്ഞു വല്ലാത്തൊരു സൗന്ദര്യത്തിലുള്ള മരങ്ങളും പഴയ കെട്ടിടങ്ങളും.
അവിടെനിന്നും സിറ്റി ടൂർ പോകുന്ന ഹോപ് ഇൻ ഹോപ് ഓഫ്  ബസ് തുടങ്ങുന്ന സ്‌റ്റേഷനിലേക്ക് പോയി. ഒരു ടിക്കറ്റെടുത്താൽ രാത്രി വരെ ബസുകളിൽ പ്രധാന സന്ദർശന സ്ഥലം കണ്ടു തിരിച്ചുവരാം.  ആവശ്യമുള്ളിടത്തിറങ്ങിയാൽ അവിടെ ആവശ്യത്തിന് സമയം ചെലവഴിച്ചു കണ്ടു കഴിഞ്ഞതിന് ശേഷം അടുത്ത ബസിൽ അടുത്ത കേന്ദ്രത്തിലേക്ക് പോകാം. എല്ലാ അര മണിക്കൂറിലും ഈ ബസുകൾ ആ റൂട്ടിലൂടെ ഉണ്ടാകും. മൈൻ പുഴക്ക് ഇരു വശത്തായിട്ടാണ് പട്ടണം. ഓരോ 500 മീറ്ററിലും രണ്ടു വശങ്ങളെയും കൂട്ടിച്ചേർക്കുന്ന ഇരുമ്പു പാലങ്ങൾ കാണാം. അവിടെയൊക്കെ ഇറങ്ങി കുറെ ഫോട്ടോകൾ എടുത്തു. 
സിറ്റി ഓഫ് ഫിനാൻസ്, പുരാതന മ്യൂസിയം, പുരാതന പട്ടണം തുടങ്ങി 66 നിലകളിലായി 328 മീറ്റർ ഉയരത്തിലുള്ള ഡോം എല്ലാം വിശദമായി തന്നെ കണ്ടു. ഡോമിന്റെ മുകളിൽ കയറിയാൽ ഫ്രാങ്ക്ഫർട്ട്  പട്ടണം മുഴുവൻ കാണാൻ കഴിയുമെങ്കിലും നടന്നു കയറണമെന്നത് കൊണ്ട് ഉപേക്ഷിച്ചു. പുരാതന പട്ടണത്തിലെ മിക്കവാറും കെട്ടിടങ്ങൾ 18ആം നൂറ്റാണ്ടിലേതാണ്. 
ഒപ്പം കല്ല് പതിച്ച റോഡുകളും അതിലൂടെ പോകുന്ന ട്രെയിൻ ബസും ഇരട്ട നിലയും നീളവുമുള്ള ബസുകളും ഇല പൊഴിഞ്ഞ ആകർഷകമായ ഒട്ടേറെ മരങ്ങളുമെല്ലാം പട്ടണത്തിന്റെ സൗന്ദര്യമാണ്.
ഗൂഗിളിൽ ഇന്ത്യ /പാക്കിസ്ഥാനി റെസ്‌റ്റോറന്റ് തിരഞ്ഞപ്പോൾ 15 മിനിറ്റ് നടന്നാൽ ഉണ്ടെന്ന് മനസ്സിലാക്കി അങ്ങോട്ടേക്ക് നീങ്ങി. ഭാഗ്യവശാൽ എത്തിച്ചേർന്നത് നല്ലൊരു പാക്കിസ്ഥാനി റെസ്‌റ്റോറന്റിലായത് കൊണ്ട് ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ ലഭിച്ചു. അതും കഴിച്ചു റൂമിലേക്ക് പോയി പിറ്റേന്ന് പാരീസിലേക്ക് പോകാനായി പെട്ടിയൊക്കെ തയ്യാറാക്കി ഉറങ്ങി. (പാരീസ് വിശേഷങ്ങൾ അടുത്ത ആഴ്ച)


 

Latest News