Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് മൂന്നു മാസത്തിനിടെ ഒരു ലക്ഷം വനിതാ  ഡ്രൈവർമാരെ റിക്രൂട്ട് ചെയ്തു

റിയാദ് - മൂന്നു മാസത്തിനിടെ സൗദിയിലേക്ക് ഒരു ലക്ഷത്തിലേറെ വനിതാ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 1,03,841 വനിതാ ഡ്രൈവർമാരെയാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്തത്. നാലാം പാദത്തിൽ റിക്രൂട്ട് ചെയ്ത വനിതാ ഡ്രൈവർമാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായി. മൂന്നാം പാദാവസാനത്തിൽ സൗദിയിൽ 502 വിദേശ വനിതാ ഡ്രൈവർമാർ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 20,19,370 ഹൗസ് ഡ്രൈവർമാരുണ്ട്. ഇക്കൂട്ടത്തിൽ 19,15,027 പേർ പുരുഷന്മാരും 1,04,343 പേർ വനിതകളുമാണ്. 


ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 36,90,719 ഗാർഹിക തൊഴിലാളികളാണുള്ളത്. ഇക്കൂട്ടത്തിൽ 25,22,113 പേർ (68.3 ശതമാനം) പുരുഷന്മാരും 11,68,606 പേർ (31.7 ശതമാനം) വനിതകളുമാണ്. സൗദിയിലെ വനിതാ ഗാർഹിക തൊഴിലാളികളിൽ 97.2 ശതമാനവും വേലക്കാരികളും ഹൗസ് ഡ്രൈവർമാരുമാണ്. വനിതാ ഗാർഹിക തൊഴിലാളികളിൽ 88.2 ശതമാനം വേലക്കാരികളാണ്. 16,922 വനിതകൾ വീടുകളിൽ ഗാർഡുകളായി ജോലി ചെയ്യുന്നുണ്ട്. 


പുരുഷ ഗാർഹിക തൊഴിലാളികളിൽ 75.9 ശതമാനവും ഹൗസ് ഡ്രൈവർമാരും 20.8 ശതമാനം വേലക്കാരും ശുചീകരണ തൊഴിലാളികളുമാണ്. 5,26,120 പുരുഷന്മാർ വീടുകളിൽ വേലക്കാരും ശുചീകരണ തൊഴിലാളികളുമായി ജോലി ചെയ്യുന്നുണ്ട്. സൗദിയിലെ ആകെ പുരുഷ ഗാർഹിക തൊഴിലാളികളിൽ 97 ശതമാനവും ഈ രണ്ടു വിഭാഗങ്ങളിലും പെട്ടവരാണ്. 
ഹോം മാനേജർമാരായി 1204 വനിതകളും 1736 പുരുഷന്മാരും വേലക്കാരും ശുചീകരണ തൊഴിലാളികളുമായി 10,30,396 വനിതകളും 5,26,120 പുരുഷന്മാരും പാചകക്കാരും സപ്ലയർമാരുമായി 6880 വനിതകളും 36,693 പുരുഷന്മാരും ഗാർഡുമാരായി 37,725 പുരുഷന്മാരും 16,922 വനിതകളും വീടുകളിലെ തോട്ടം തൊഴിലാളികളായി 188 വനിതകളും 2630 പുരുഷന്മാരും ടെയിലർമാരായി 938 വനിതകളും 758 പുരുഷന്മാരും ഹോംനഴ്‌സുമാരായി 2200 വനിതകളും 770 പുരുഷന്മാരും ട്യൂഷൻ അധ്യാപകരും ആയമാരുമായി 5535 വനിതകളും 654 പുരുഷന്മാരും ജോലി ചെയ്യുന്നതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

Latest News