വാഷിംഗ്ടൺ- ആഗോള കോവിഡ് മരണസംഖ്യ 173,274 ആയി ഉയർന്നതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം പേരാണ് വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ എണ്‍പതിനായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,511,319 ആയി.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് അമേരിക്കയിലാണ്. 794,347 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടപ്പോള്‍ ഇതില്‍ 43,115 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളില്‍ ഇരുപതിനായിരത്തിന് മുകളിലാണ് മരണ സംഖ്യ. ലോകത്ത് കോവിഡ് മൂലമുള്ള മരണങ്ങളില്‍ മൂന്നില്‍ രണ്ടും യൂറോപ്പിലാണ് ഉണ്ടായിരിക്കുന്നത്. 1.2 ലക്ഷത്തോളം പേരാണ് യൂറോപ്പില്‍ മാത്രം മരണപ്പെട്ടിരിക്കുന്നത്.
രോഗബാധിതരുടെ എണ്ണം അനുസരിച്ച് അമേരിക്ക 794,347, സ്‌പെയിന്‍ 204,178, ഇറ്റലി 181,228, ഫ്രാന്‍സ് 155,383, ജര്‍മനി 147,593, ബ്രിട്ടണ്‍ 129,044, തുര്‍ക്കി 90,980, ഇറാന്‍ 84,802, ചൈന 82,758, റഷ്യ 52,763 എന്നിങ്ങനെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച ആദ്യ പത്ത് രാജ്യങ്ങള്‍.






