തൃശൂർ- ലോക്ഡൗണുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ചുവപ്പ്, പച്ച, ഓറഞ്ച് എ, ഓറഞ്ച് ബി മേഖലകളിൽ നിലവിൽ വന്നതോടെ തൃശൂർ, മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിലും തൃശൂർ, പാലക്കാട് ജില്ലാ അതിർത്തിയായ ചാലിശ്ശേരിയിലും പോലീസ് പരിശോധന കർശനമാക്കി. തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് സി.ഐ ടി.കെ. ഷാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന. തൃശൂർ, പാലക്കാട് ജില്ലകൾ ഓറഞ്ച് ബി മേഖലയാണ്. ഓറഞ്ച് ബി മേഖലയിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്.
മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കും മാത്രമേ ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കുന്നുള്ളൂ. സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തനാനുമതി നൽകിയ കാര്യങ്ങൾക്കായി മാത്രമേ ഒരു ജില്ലയിൽ നിന്ന് അടുത്തുളള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നുള്ളതിനാൽ മറ്റ് ആവശ്യങ്ങൾക്കായി ജില്ല കടന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് സി.ഐ ടി.കെ. ഷൈജു പറഞ്ഞു. സി.ഐക്ക് പുറമെ ക്രൈംബ്രാഞ്ച് എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ ജിന്റോ, നീലകണ്ഠൻ, അഭിലാഷ്, പ്രദീപ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.






