Sorry, you need to enable JavaScript to visit this website.

പാലത്തായി കേസ് അന്വേഷിക്കുന്നത് അറസ്റ്റ് വൈകിച്ച ഉദ്യോഗസ്ഥർ; ക്രൈം ബ്രാഞ്ചിനു വിടണമെന്ന് ആവശ്യം  

കണ്ണൂർ-പാനൂർ പാലത്തായിയിൽ ബി.ജെ.പി നേതാവ് പത്മരാജൻ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നീതി നടപ്പാകണമെങ്കിൽ അന്വേഷണ സംഘത്തെ മാറ്റി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ തന്നെ അന്വേഷണച്ചുമതല ഏൽപിച്ചത് കേസ് അട്ടിമറിക്കാനാണ്. അപഹാസ്യമായ ഈ തീരുമാനം പിൻവലിക്കണം. എസ്.പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല നൽകണം. ഇത് വരെ പോലീസ് നടത്തിയ അന്വേഷണം വിലയിരുത്തിയാൽ പ്രതിയെ രക്ഷിക്കാനുള്ള ശ്രമം വ്യക്തമാണ്.


പോക്‌സോ പ്രകാരം ആദ്യ മൊഴി അനുസരിച്ച് തന്നെ  പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതിന് പകരം കൺമുന്നിലുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാതെ സഹായിക്കുകയാണ് പോലീസ് ചെയ്തത്. വിമൻ ജസ്റ്റിസ് ഉൾപ്പെടെ നടത്തിയ പ്രക്ഷോഭത്തിന് മുന്നിൽ അറസ്റ്റിന് നിർബന്ധിതമായ പോലീസ് അതിനകം പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി.
പീഡനത്തിനിരയായ കുട്ടിയെ പാനൂരിൽ നിന്ന് തലശ്ശേരി ഡിവൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചു വരുത്തി ആറ് മണിക്കൂറോളം ചോദ്യം ചെയ്തത് പോക്‌സോ നിയമത്തിന്റെ പരസ്യമായ ലംഘനമാണ്. പോക്‌സോ നിയമത്തിന് വിരുദ്ധമായി കുട്ടിയെ പലവട്ടം വീടിനു പുറത്ത് കൊണ്ടുപോയി ചോദ്യം ചെയ്തു. കുട്ടിയെ മാനസികമായി സമ്മർദത്തിലാക്കാനാണ് പോലീസ് ശ്രമിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കാതെ ലോക്ഡൗൺ കാലത്ത് കുട്ടിയെ കൗൺസലിംഗിനെന്ന് പറഞ്ഞ് കോഴിക്കോട്ട് കൊണ്ടുപോയി. കണ്ണൂർ ജില്ലയിൽ നിരവധി സ്ഥാപനങ്ങളുണ്ടായിരിക്കേ ആണ് പോലീസ് ഇത് ചെയ്തത്. ഏത് നിയമത്തിന്റെ പിൻബലത്തിലാണ് പോലീസ് ഇങ്ങനെ പ്രവർത്തിച്ചത്. കൗൺസലിംഗിന് കൊണ്ടുപോയ ഇംഹാൻസ് മെഡിക്കൽ സെന്ററിൽ കേസിന്റെ അന്വേഷണ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കപ്പെട്ട മുൻ പാനൂർ സി.ഐ ശ്രീജിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ഡോക്ടർ കേസ് വഴിതിരിച്ചുവിടാൻ വേണ്ടി സംസാരിച്ചുവെന്നുമുള്ള കുട്ടിയുടെ ബന്ധുക്കളുടെ പരാതി പോലീസിന്റെ അട്ടിമറി ശ്രമത്തിനു തെളിവാണ്. കുട്ടിയെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്ന് ചാനലിന് മുന്നിൽ വ്യക്തമായി വെളിപ്പെടുത്തിയ സഹപാഠിയെ പോലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നെങ്കിലും മൊഴി പരിഗണിക്കാൻ പോലീസ് സന്നദ്ധമായില്ല.


പ്രതി കുട്ടിയെയും കൊണ്ട് സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കാൻ പോലീസ് തയാറായില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പോലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതും പ്രതിഭാഗം അഭിഭാഷകന്റെ ചില വെളിപ്പെടുത്തലുകളും പോലീസിന്റെ അട്ടിമറി ശ്രമം ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ്. ഇത്തരത്തിൽ അന്വേഷണം അട്ടിമറിക്കാൻ പലവിധ ശ്രമങ്ങൾ നടന്നു എന്ന് വ്യക്തമായിരിക്കേ അതിന് ശ്രമിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും നിയമ നടപടിക്ക് വിധേയമാക്കി മാറ്റിനിർത്തുന്നതിന് പകരം അതേ ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപപ്പിക്കുന്ന വിരോധാഭാസം ആണ് നടക്കുന്നത്. ഇത് അനുവദിക്കാൻ ആവില്ല. 


മറ്റൊരു വാളയാറായി ഈ കേസ് മാറാതിരിക്കാൻ  തുടരന്വേഷണം ക്രെംബ്രാഞ്ചിന് കൈമാറാൻ സർക്കാർ തയാറാകണം. അധ്യാപകനിൽ നിന്ന്  കൂടുതൽ വിദ്യാർഥികൾക്ക് ദുരനുഭവം ഉണ്ടായോ എന്നറിയാൻ മുഴുവൻ വിദ്യാർഥികളെയും കൗൺസലിംഗിന് വിധേയമാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി തയാറാകണം. അന്വേഷണം അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ  നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പോക്‌സോ പ്രതിയെ  ഒളിപ്പിച്ച സംഘ് പരിവാർ നേതാക്കളെ അറസ്റ്റ് ചെയ്യണം. കുട്ടിയെയും കുടുംബത്തെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം തുടങ്ങിയ ആവശ്യങ്ങളും ജബീന ഇർഷാദ് ഉന്നയിച്ചു.
ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ  ശക്തമായ സമര പരിപാടികൾക്ക് വിമൻ ജസ്റ്റിസ്  നേതൃത്വം നൽകുമെന്ന് അവർ പറഞ്ഞു.


 

Latest News