മുന്‍കരുതലുകള്‍ പാലിച്ചില്ല; സൗദിയില്‍ ലേബര്‍ ക്യാമ്പ് പൊളിച്ചുമാറ്റി

അബഹ - കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ പാലിക്കാത്തതിന് അസീര്‍ നഗരസഭ ലേബര്‍ ക്യാമ്പ് പൊളിച്ചുനീക്കി. വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിഞ്ഞിരുന്ന കെട്ടിടമാണ് പൊളിച്ചതെന്ന് അസീര്‍ മേയര്‍ ഡോ. വലീദ് അല്‍ഹുമൈദി പറഞ്ഞു. പതിനെട്ടു മുറികള്‍ അടങ്ങിയ കെട്ടിടത്തില്‍ 100 ലേറെ തൊഴിലാളികളാണ് കഴിഞ്ഞിരുന്നത്.
അനുയോജ്യമായ ബദല്‍ താമസസ്ഥലം കണ്ടെത്തി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ച ശേഷമാണ് കെട്ടിടം നഗരസഭ പൊളിച്ചത്.
അബഹ നഗരമധ്യത്തില്‍ ലൈസന്‍സില്ലാത്ത മറ്റു നാലു ലേബര്‍ ക്യാമ്പുകള്‍ നഗരസഭ അടപ്പിക്കുകയും ചെയ്തു. സുരക്ഷാ വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്തതും തൊഴിലാളികള്‍ കൂട്ടത്തോടെ കഴിഞ്ഞതും പൊതുശുചിത്വവും ആരോഗ്യ വ്യവസ്ഥകളും പാലിക്കാത്തതുമാണ് ഈ ക്യാമ്പുകള്‍ അടപ്പിക്കാന്‍ കാരണം.

https://www.malayalamnewsdaily.com/sites/default/files/2020/04/21/p2camp3.jpg
കൊറോണ വ്യാപനം തടയുന്നതിന് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ആരോഗ്യ, മുന്‍കരുതല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ജനവാസ കേന്ദ്രങ്ങളിലും പുറത്തുമുള്ള ലേബര്‍ ക്യാമ്പുകള്‍ കൊറോണ വ്യാപനത്തിന്റെ ഉറവിടമായി മാറാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഉന്നതാധികൃതരുടെ നിര്‍ദേശങ്ങള്‍ സുവ്യക്തമാണ്. കൊറോണ വ്യാപനത്തില്‍ നിന്ന് തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് ഡോ. വലീദ് അല്‍ഹുമൈദി പറഞ്ഞു.

 

Latest News