Sorry, you need to enable JavaScript to visit this website.

ഡാറ്റ ചോർത്തലും സാമ്രാജ്യത്വ പാദസേവയും  

റിച്ചാർഡ് ഫ്രാങ്കി...
ഇതുപോലൊരു ഇടതു ഭരണ കാലത്ത് കേരളത്തിലെ പത്രമാധ്യമങ്ങളിലൂടെ നമ്മൾ കേട്ടു പതിഞ്ഞൊരു നാമമായിരുന്നു അത്. നരവംശ ശാസ്ത്രജ്ഞനും അമേരിക്കയിലെ മോൺഡ് ക്ലയർ യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ റിച്ചാർഡ് ഫ്രാങ്കിക്ക് നമ്മുടെ തോമസ് ഐസക്കുമായി ഉണ്ടായിരുന്ന ബന്ധമാണ് അക്കാലത്ത് വിവാദ കോലാഹലങ്ങൾക്ക്  വഴിവെച്ചത്. 
റിച്ചാർഡ് ഫ്രാങ്കിക്ക് അമേരിക്കൻ ചാര സംഘടനയായ സി.ഐ.എയുമായി അടുത്ത ബന്ധമുണ്ടെന്നും കേരളത്തിൽ നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതിയിൽ പോലും അമേരിക്കൻ ഇടപെടലുണ്ടായെന്നും അക്കാലത്ത് അക്കമിട്ടു നിരത്തിയത് ഏതെങ്കിലും യു.ഡി.എഫ് നേതാവായിരുന്നില്ല, കമ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പ്രൊഫ. എം.എൻ. വിജയൻ മാഷായിരുന്നു.
ഡോ. തോമസ് ഐസക്കിന്റെ ഗുരുവായ റിച്ചാർഡ് ഫ്രാങ്കി സാമ്രാജ്യത്വ ഏജന്റും  സി.ഐ.എ ചാരനുമാണെന്നും ഐസക് അടക്കമുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാക്കൾ ഫ്രാങ്കിയുടെ  വളർത്തു മൃഗങ്ങളാണെന്നും എം.എൻ. വിജയൻ മാഷുടെ പത്രാധിപത്യത്തിൽ ഇറങ്ങുന്ന 'പാഠം മാസിക' അക്കമിട്ടു നിരത്തി. റിച്ചാർഡ് ഫ്രാങ്കിയുടെ ചാരശൃംഖലയിലെ സുപ്രധാന കണ്ണികളാണ് ഐസക്കും ശാസ്ത്ര സാഹിത്യ പരിഷത്തും എന്നു വരെ പാഠം മാസിക വിമർശനമുന്നയിച്ചു.  മാർക്‌സിസത്തിനു പകരം നാലാം ലോക രാഷ്ട്രീയം പകരം വെക്കാൻ  ഐസക് ശ്രമിച്ചുവെന്നും മാസികയിൽ വന്നു. സാമ്രാജിത്വ ശക്തികളുടെ പ്രതിനിധിയായ റിച്ചാർഡ് ഫ്രാങ്കിയെ 'മാനായി വന്ന മാരീചനെന്നു' വിളിച്ചത് സാക്ഷാൽ വി.എസ്. അച്യുതാന്ദനാണ്. ഈ മാരീചനെ കേരളത്തിലേക്ക് ഒളിച്ചുകടത്താൻ നേതൃത്വം നൽകിയത് ഡോ. തോമസ് ഐസക് ആണെന്നും പാഠം മാസിക അന്നു വിമർശിച്ചു. 


നാലാം ലോക സിദ്ധാന്തവുമായി ബന്ധപ്പെട്ട് ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു, പാഠം മാസികയെ ഏറ്റുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം റിച്ചാർഡ് ഫ്രാങ്കി -തോമസ് ഐസക് ബന്ധത്തെക്കുറിച്ച് പരമ്പരകൾ തയാറാക്കി. കേരളത്തിലെ സി.പി.എമ്മിൽ വി.എസ് - പിണറായി പക്ഷങ്ങൾ നേരിട്ട് ഏറ്റുമുട്ടുന്ന ഒരു കാലത്തായിരുന്നു ഈ സൈദ്ധാന്തിക ചർച്ചകൾ എന്നത് വി.എസ് പക്ഷത്തിന് പൊതുവേ നേട്ടമായി. പിണറായി പക്ഷം സാമ്രാജ്യത്വ ദാസന്മാരും വി.എസ് പക്ഷം കടുത്ത സാമ്രാജ്യത്വ വിരുദ്ധരായും പൊതുവെ ഒരു ധാരണ പൊതുസമൂഹത്തിൽ അതുണ്ടാക്കി. 


ഒറ്റുകാരൻ, ദല്ലാൾ തുടങ്ങിയ പദപ്രയോഗങ്ങളിൽ  ധനമന്ത്രി  തോമസ് ഐസക് തീർത്തും അസ്വസ്ഥനായിരുന്നു. വി.എസ്  പക്ഷക്കാരനായി വന്നു പാർട്ടിയിൽ പിടിമുറുക്കിയ തോമസ് ഐസക്കിനെ സഖാവ് വി.എസും കൈവിട്ട കാലമായിരുന്നു അത്. വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാൻ  മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന്  തോമസ് ഐസക് പറഞ്ഞെങ്കിലും പാഠം മാസികക്കും എം.എൻ. വിജയൻ മാഷിനുമെതിരെ ശാസ്ത്ര സാഹിത്യ പരിഷത്താണ് കേസിനു പോയത്.  കേരളമാകെ ഉറ്റുനോക്കിയ ആ കേസിൽ   2007 സെപ്റ്റംബർ 28 നാണ് വിധി വന്നത്. വിജയൻ മാഷെയും,  സുധീഷിനെയും പാഠത്തിന്റെ പ്രിന്ററും പബ്ലിഷറുമായിരുന്ന  ശ്രീകുമാറിനെയും കുറ്റക്കാരല്ലെന്നു കണ്ട്  എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിട്ടയച്ചു. വിധിയിലെ നിരീക്ഷണം സുപ്രധാനമായി.  പരിഷത്തിനെ മാത്രമല്ല ഡോ. തോമസ് ഐസക്, പ്രൊഫ. ബി. ഇക്ബാൽ, ശാസ്ത്ര സാഹിത്യ പരിഷത്ത്, സി.ഡി.എസ് എന്നീ വ്യക്തികളെയും സ്ഥാപനങ്ങളെയും അതു പ്രതിക്കൂട്ടിലാക്കി. 
 സി.ഡി.എസിൽ നിന്നും വിദേശത്തു നിന്നും ഫണ്ട് പറ്റിയതായി പരാതിക്കാരനായ പരിഷത്തിന്റെ പ്രസിഡന്റ് തന്നെ കോടതിയിൽ  വെളിപ്പെടുത്തി. തങ്ങളുടെ ആരോപണങ്ങൾ ന്യായീകരിക്കാനുള്ള തെളിവുകളും രേഖകളും പരാതിക്കാർ ഹാജരാക്കിയില്ല. പ്രതികളാകട്ടെ, എം.പി. പരമേശ്വരനെഴുതിയ പുസ്തകം ഹാജരാക്കി  പരിഷത്തിന് വിദേശ ഫണ്ട് ലഭിച്ചതിന്റെ തെളിവു നൽകി.  
ഒറ്റുകാരൻ, ദല്ലാൾ തുടങ്ങിയ വാക്കുകളെ വിധി ന്യായീകരിച്ചു. സ്വാഭാവികമായും വിദേശ ഫണ്ട് ഉപയോഗിച്ച് സർക്കാരേതര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ  രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയാണ്. അതു ബോധ്യപ്പെടുത്താനാണ്  അത്തരം വാക്കുകൾ ഉപയോഗിച്ചത്. ശ്രദ്ധയും ജാഗ്രതയുമില്ലാതെ പ്രയോഗിച്ചതല്ല. കോടതി സസൂക്ഷ്മം നിരീക്ഷിച്ചു. കേരളത്തിന്റെ വിഭവ വിവരങ്ങളും ഭൂപടങ്ങളും സമാഹരിച്ചതു സംബന്ധിച്ച വിമർശത്തെയും കോടതി പരാമർശിച്ചു.  അതു ചാരപ്പണിയായി  വ്യാഖ്യാനിച്ചതിനോടും  അതേ നിലപാടേ സ്വീകരിക്കാനാവൂ,,.  എം.എൻ. വിജയൻ മാസ്റ്ററാകട്ടെ സുകുമാർ അഴീക്കോടിനെയും വി.ആർ. കൃഷ്ണയ്യരെയും പോലെ സംസ്ഥാനത്തെ സമകാലിക സാംസ്‌കാരിക തലത്തിലെ മാർഗദർശകനാണ് എന്നും കോടതി എടുത്തു പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉടലെടുത്ത ഈ ദാർശനിക പോരാട്ടത്തിലും എം.എൻ. വിജയൻ മാഷും പാഠം മാസികയും വിജയിച്ചു. പക്ഷേ  ആ വിജയം കമ്യൂണിസ്റ്റ് പാർട്ടിയിൽ പരിവർത്തിപ്പിച്ച് ആത്യന്തിക വിജയം നേടിയെടുക്കാൻ വിജയൻ മാഷിന് ആയുസ്സുണ്ടായില്ല.


തോമസ് ഐസക്കിനെതിരായ വിജയൻ മാഷിന്റെ ആരോപണങ്ങൾ കോടതി ശരിവെച്ചതോടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് തോമസ് ഐസക് ധനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആ പത്രസമ്മേളനത്തിന് ഇടയിൽ  കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.എൻ. വിജയൻ മാഷ് ഈ ലോകത്തോട് വിട പറഞ്ഞു.
അമേരിക്ക എന്നു കേട്ടാൽ ഉടൻ 'സാമ്രാജ്യത്വം അറബിക്കടലിൽ..' എന്ന് മുദ്രാവാക്യം വിളിക്കാറുള്ള സഖാക്കളൊക്കെ സ്പ്രിംഗഌ, സ്പ്രിംഗഌ എന്ന് അക്ഷര സ്ഫുടതയോടെ പറയാൻ പഠിക്കുന്ന വേളയിലാണ് വിജയൻ മാഷെന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികന്റെ പോരാട്ടവും അന്ത്യവും ഇവിടെ ഓർമക്കായി കുറിച്ചു വെച്ചത്.
സിറിയയിൽ, അഫ്ഗാനിൽ, ഇറാഖിൽ അങ്ങനെ സാമ്രാജ്യത്വം ബോംബിട്ടു കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രവുമേന്തി മലബാറിലെ ലീഗ് കേന്ദ്രങ്ങളിൽ വന്നു അമേരിക്കൻ വിരുദ്ധത  നടിക്കുകയും വോട്ടു രാഷ്ട്രീയത്തിന്  അത്തരം പ്രചാരവേലകൾ നടത്തുകയും ചെയ്യുന്ന ഇടതു കാപട്യമാണ് ഒരു അമേരിക്കൻ കമ്പനിക്കു വേണ്ടി നടത്തിയ ഡാറ്റാ ഇടപാടിലൂടെ മറനീക്കി പുറത്തു വരുന്നത്. സംസ്ഥാനത്ത് കോവിഡ്  നിരീക്ഷണത്തിലുള്ളവരുടെയും  കോവിഡ് രോഗികളുടെയും സ്വകാര്യ വിവരങ്ങൾ വിവാദ അമേരിക്കൻ കമ്പനിക്ക് കൈമാറിയ വിഷയത്തിൽ ഐ.ടി വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രതിരോധത്തിലായിട്ടുണ്ട്. ഈ വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കെ.എം. ഷാജിക്കു നേരെ തിരിഞ്ഞതും കുറച്ചു ദിവസത്തേക്കെങ്കിലും പതിവ് പത്രസമ്മേളനങ്ങൾ മുഖ്യമന്ത്രി നിർത്തിവെച്ചതും.


കോവിഡ് രോഗികളുമായി ബന്ധപ്പെട്ട വ്യക്തിഗത രേഖകൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗഌറിനു നൽകുക വഴി എം.എൻ. വിജയൻ മാഷ് അന്ന് പറഞ്ഞ ആ ഒറ്റുകാരും അമേരിക്കൻ ദല്ലാളരും തങ്ങളുടെ  ചാരപ്പണി ഇപ്പോഴും നിർത്തിയിട്ടില്ലെന്നു തന്നെ വേണം അനുമാനിക്കാൻ.
കേരളവും ലോകവും ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന കാലത്തും സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന ഭരണകൂട നെറികേടുകൾക്കെതിരെ പ്രതികരിക്കുന്നവരെ കേസും കോടതിയും കാണിച്ചു വരുതിയിലാക്കാമെന്നും സർക്കാർ കരുതുന്നു. 


സ്പ്രിംഗഌ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന ഐ.ടി വകുപ്പ് പുറത്തു വിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങൾ കേവലം കത്തിടപാടുകൾ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട കരാറോ കരാറിലെ വ്യവസ്ഥകളോ ഇനിയും പുറത്തു വന്നിട്ടില്ല. സ്പ്രിംഗഌർ ഒരു പി.ആർ കമ്പനിയല്ല എന്ന് മുഖ്യമന്ത്രി  വാർത്താസമ്മേളനത്തിൽ പറഞ്ഞത് കളവാണ്. ഈ കമ്പനി രോഗികളുടെയും രോഗം സംശയിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് സർക്കാറിന് നൽകുന്നത് സൗജന്യമായിട്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കോവിഡ് വ്യാപനം തടയപ്പെട്ടതിനു ശേഷം പ്രതിഫലം നൽകണമെന്നാണ് പുറത്തു വന്ന ഇ- മെയിലുകളിൽ നിന്നും വ്യക്തമാകുന്നത്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനു വേണ്ടിയും ഐ.ടി കമ്പനികൾ നടത്തുന്ന സ്വകാര്യതാ ലംഘനങ്ങൾക്കെതിരായും ഇടതു പാർട്ടികൾ ദേശീയ തലത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകൾക്ക് വിരുദ്ധമായാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി  പിണറായി വിജയൻ പ്രവർത്തിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ മറപിടിച്ച് അമേരിക്കൻ കമ്പനിയെ സഹായിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ഈ ഇടപാടിലുള്ള പങ്കും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.


ഭരണകൂടത്തിന്റെ ജനവിരുദ്ധത ചോദ്യം ചെയ്യുക എന്ന പ്രതിപക്ഷ ധർമം കേരളത്തിലെ പ്രതിപക്ഷം നിറവേറ്റിയിട്ടുണ്ട്.  പക്ഷേ റിച്ചാർഡ് ഫ്രാങ്കിയുടെ അന്നത്തെ ഇടപെടൽ പോലെ സ്പ്രിംഗ്ലർ ഇടപാടുകളും ചർച്ചയാവുമ്പോൾ വിജയൻ മാഷെപ്പോലെ വ്യവഹാരിയായ ഒരു കമ്യൂണിസ്റ്റ് ദാർശനികൻ ഇല്ലാതെ പോയി എന്നതും കേരളം നേരിടുന്ന ധൈഷണിക പ്രതിസന്ധി തന്നെയാണ്.

Latest News