ന്യൂദൽഹി- വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെയും മാൾഡോവയിൽ കുടുങ്ങിയ വിദ്യാർഥികളെയും ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. ലോകവ്യാപകമായി നടക്കുന്ന കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇന്ത്യയും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ഇറാനിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കാൻ അവിടത്തെ എംബസിക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരുകൾ നേരിട്ട് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന സർക്കലുർ റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് അടിസ്ഥാന വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ
തീരുമാനത്തിന് വിട്ടു.
ഇത്തരം ഹർജികൾ നൽകുന്നതിന് പകരം ഹർജിക്കാർ പാവപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടത്.






