ന്യൂദൽഹി- ലോക്‌സഭ സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഇയാളെ ദൽഹി ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കുടുംബാംഗങ്ങളെയും ഐസലേഷനിലാക്കി. പാർലമെന്റ് സമുച്ചയത്തിന് പുറത്തെ 36 ജി.ആർ.ജി റോഡിലുള്ള ലോക്‌സഭ സെക്രട്ടറിയേറ്റിലെ ഒരു സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പത്തുദിവസം മുമ്പാണ് രോഗലക്ഷണങ്ങളുമായി ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. എന്നാൽ അന്ന് പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് ആശുപത്രി വിട്ടു. ഏപ്രിൽ പതിനെട്ടിന് രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
നേരത്തെ രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നൂറോളം ജീവനക്കാരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരുന്നു. നാല് ദിവസം മുൻപാണ് തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബത്തോടുമാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ശുചീകരണ തൊഴിലാളിക്കൊഴികെ മറ്റ് ജോലിക്കാരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവാണ്.






