ന്യൂദൽഹി- ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരിൽ 80 ശതമാനത്തിനും രോഗലക്ഷണമില്ലായിരുന്നുവെന്ന് റിപ്പോർട്ട്. ഈ സ്ഥിതി വലിയ ആശങ്ക ഉയർത്തുന്നതാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
വിവിധ സംസ്ഥാനങ്ങൾ നൽകിയ കണക്കുകൾപ്രകാരം കോവിഡ് സ്ഥിരീകരിച്ചവരിൽ 50 മുതൽ 82 വരെ ശതമാനം രോഗലക്ഷണങ്ങളില്ലാത്തവരായിരുന്നു. അസമിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനംപേർക്കും രോഗലക്ഷണമില്ലായിരുന്നു. പഞ്ചാബിലെയും ഉത്തർപ്രദേശിലെയും രോഗികളിൽ 75 ശതമാനത്തിനും കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗലക്ഷണവുമില്ലായിരുന്നു.ആഗോളതലത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനം രോഗലക്ഷണങ്ങൾ കാണിക്കാത്തവരോ, ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നവരോ ആണെന്ന് ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
രോഗലക്ഷണമില്ലാത്ത ഒട്ടേറെ കൊറോണ വൈറസ് വാഹകരുണ്ടാകാമെന്നും എല്ലാവരെയും പരിശോധിച്ച് രോഗബാധിതരെ കണ്ടെത്തുക എളുപ്പമല്ലെന്നും ഐ.സി.എം.ആർ. സീനിയർ സയന്റിസ്റ്റ് ഡോ. ആർ. ഗംഗാഖേദ്‌കർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി അവരെ പരിശോധിക്കുക മാത്രമാണു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
രോഗലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് ബാധിതരിലേറെയും 20-45 വയസ്സിന് ഇടയിലുള്ളവരാണ്. ചില മരുന്നുകൾ കഴിക്കുന്ന പ്രായമുള്ളവരിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടില്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങളുള്ളവരിലുമാണ് കോവിഡ് ലക്ഷണങ്ങൾ വേഗം കണ്ടുതുടങ്ങുക.
കഴിഞ്ഞദിവസങ്ങളിൽ ദൽഹിയിൽ ശേഖരിച്ച 736 സാംപിളുകളിൽ കോവിഡ് സ്ഥിരീകരിച്ച 186 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാൽ തങ്ങൾ വൈറസ് വാഹകരാണെന്ന് അവർക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.






