ന്യൂദല്‍ഹി- കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ബി.ജെ.പി നേതാക്കളും സംഘ്പരിവാറും മുസ്ലിംകള്ക്കെതിരെ തുടരുന്ന വിദ്വേഷ പ്രചാരണം ആഗോള തലത്തില്‍, പ്രത്യേകിച്ച് അറബ് ലോകത്ത് വ്യാപക ചര്‍ച്ചയാകുന്നു.
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തോടൊപ്പം ആരംഭിച്ച മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ രാജ്യത്ത് ഇസ്ലാം ഭീതിയായി രൂപപ്പെട്ടതിനു പിന്നാലെയാണ് കോവിഡിന്റേയും തബ് ലീഗ് സമ്മേളനത്തിന്റെയും പേരില്‍ വിദ്വേഷ പ്രചാരണം ശക്തിപ്പെട്ടത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം തബ് ലീഗുമായി ബന്ധപ്പെട്ട് കോവിഡിന്റെ പ്രത്യേക കണക്കുകള്‍ നല്‍കിയത് സംഘ് പരിവാറിന് ആയുധമാകുകയും ചെയ്തു. ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തിനുശേഷം ഓരോ സംസ്ഥാനങ്ങളിലും ആ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വ്യാപിപ്പിച്ച കോവിഡ് കണക്ക് ആരോഗ്യമന്ത്രാലയം നല്‍കിയിരുന്നു. തുടക്കത്തില്‍ തബ് ലീഗിനെതിരെ ആയിരുന്നു പ്രചാരണമെങ്കിലും പിന്നീട് അത് രാജ്യത്തെ മൊത്തം മുസ്്ലിംകള്‍ക്കെതിരായി മാറി.
ഇതിന്റെ പ്രതിഫലനമാണ് യു.പിയിലെ മീറത്തില്‍ ആശുപത്രി അധികൃതര്‍ നല്കിയ പരസ്യം. മുസ്ലിംകളും ഒപ്പം വരുന്നവരും കോവിഡ് പരിശോധനക്കു ശേഷം വന്നാല്‍ മതിയെന്നായിരുന്നു കാന്‍സര്‍ ആശുപത്രി പരസ്യം നല്‍കിയത്. ദിവസങ്ങള്‍ക്കുശേഷമാണ് ആശുപത്രി ഉടമക്കെതിരെ പോലീസ് കേസെടുത്തത്.
ജാര്‍ഖണ്ഡില്‍ കോവിഡിന്റെ പേരു പറഞ്ഞ് ഗര്‍ഭിണിയായ മുസ്ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ചതും വാര്‍ത്തയായി. ജംഷഡ്പൂരില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയില്ലെന്നും തറയില്‍ വീണ രക്തത്തുള്ളികള്‍ തുടപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി റിസ്വാന ഖാതൂന്‍ എന്ന 30 കാരി സംസ്ഥാന മുഖ്യമന്ത്രിക്ക് പരാതി നല്കി. പ്രസവിക്കാനായി മെഡിക്കല്‍ കോളേജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലെത്തുമ്പോഴേക്കും ഇവരുടെ കുഞ്ഞ് നഷ്ടമായിരുന്നു.
ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ, പാര്‍ട്ടി എം.പി ശോഭ കരന്തല്ജെ, ഹിമാചല്‍ പ്രദേശ് ബി.ജെ.പി നേതാവ് രാജീവ് ബിന്‍ഡല്‍, ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവര്‍ തബ്ലീഗിനെതിരെ നടത്തിയ പ്രചാരണം പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നു. തബ് ലീഗുകാരെ മനുഷ്യ ബോംബുകളെന്ന് വിശേഷിപ്പിച്ച് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അണികള്‍ വ്യാപകമായി പ്രചരിപ്പിച്ചു.
കോവിഡിന്റെ മറവില്‍ ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടത് ആഗോള തലത്തില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് കോവിഡിനു മതവും ജാതിയുമില്ലെന്നും സാഹോദര്യവും ഐക്യവുമാണ് പ്രധാനമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തുവന്നത്. ഇക്കാര്യം പറയാന്‍ മോഡി ലിങ്ക്ഡിന്‍ വെബ് സൈറ്റ് തെരഞ്ഞെടുത്തത് ഇന്ത്യയിലെ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ട്വിറ്ററടക്കം സാധാരണ ഉപയോഗിക്കാറുള്ള മാധ്യമങ്ങള്‍ ഒഴിവാക്കി ലിങ്ക്ഡിന്‍ തെരഞ്ഞെടുത്തതിനു കാരണം ആഗോള വിമര്‍ശം തടയാനായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. ലിങ്ക്ഡിന്‍ വെബ് സൈറ്റില്‍ എഴുതിയ ലേഖനത്തിലെ വരിയാണ് പിന്നീട് ട്വിറ്ററില്‍ പ്രചരിച്ചത്. മോഡിയുടെ സാരോപദേശത്തിന്റെ മുഖ്യലക്ഷ്യം ഇന്ത്യക്കാരേക്കള്‍ വിദേശ രാജ്യങ്ങളിലുള്ളവരായിരുന്നു.
അറബ് രാജ്യങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ നേരത്തെ തന്നെ വിവാദമായിരുന്നു. 95 ശതമാനം അറബ് സ്ത്രീകള്‍ക്കും നൂറ്റാണ്ടുകളായി രതിമൂര്‍ച്ച ലഭിക്കാറില്ലെന്നും സ്നേഹമില്ലാത്ത സെക്സ് വഴിയാണ് ഓരോ അറബ് മാതാവും മക്കളെ പ്രസവിക്കുന്നതെന്നുമുള്ള ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ 2015 ലെ ട്വീറ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. തേജസ്വി ട്വീറ്റ് ഉടന്‍ പിന്‍വലിച്ചിരുന്നെങ്കിലും സ്ക്രീന്‍ ഷോട്ട് അറബ് ലോകത്തെ കീഴടക്കിയിരുന്നു.
ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളായ യു.എ.ഇയിലും കുവൈത്തിലുമടക്കം മുസ്ലിംകള്ക്കെതിരായ ബി.ജെ.പിയുടെ നിലപാട് വിമര്‍ശിക്കപ്പെടുന്നതിനിടയിലാണ് കോവിഡിന് മതമില്ലെന്ന് വ്യക്തമാക്കി സാഹോദര്യം നിലനിര്‍ത്തണമെന്ന മോഡിയുടെ ഉപദേശം.
ഇന്ത്യയില്‍ ഇസ്ലാമോഫോബിയക്ക് തടയിടണമന്നും പീഡിപ്പിക്കപ്പെടുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന് (ഐ.പി.എച്ച്.ആര്.സി) ട്വീറ്റ് ചെയ്തിരുന്നു.






