കൽപറ്റ- സംസ്ഥാന ആരോഗ്യവകുപ്പ് തയാറാക്കിയ സംസ്ഥാനത്തെ കോവിഡ് ഹോട്‌സ്‌പോട്ട് പഞ്ചായത്തുകളുടെ പട്ടികയിൽ വയനാട്ടിലെ വെള്ളമുണ്ട ഉൾപ്പെട്ടതിൽ ആശയക്കുഴപ്പം. കോവിഡ് ബാധിതരുള്ള കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിരു പങ്കിടുന്ന പഞ്ചായത്തല്ല വെള്ളമുണ്ട. കോഴിക്കോട് ജില്ലയിലെ കാവിലുംപാറയോടു ചേർന്നാണ് കുറച്ചു പ്രദേശമെന്നതു ഒഴിച്ചാൽ ഇതര ജില്ലകളും വെള്ളമുണ്ടയുടെ അയലത്തല്ല. തൊണ്ടർനാട്, എടവക, പടിഞ്ഞാറത്തറ, പനമരം പഞ്ചായത്തുകൾക്കു മധ്യത്തിലാണ് വെള്ളമുണ്ടയുടെ കിടപ്പ്.
കോവിഡ് വൈറസ് വ്യാപനത്തിനു പിന്നാലെ തിരിച്ചെത്തിയ പ്രവാസികൾ പഞ്ചായത്തിലുണ്ട്. ഇവരിൽ ആർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഒരാൾക്കുപോലും ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയേണ്ടി വന്നില്ല. തിരിച്ചെത്തിയ പ്രവാസികളെല്ലാം തന്നെ വീടുകളിൽ നിരീക്ഷണകാലം പൂർത്തിയാക്കിയതുമാണ്. എന്നിരിക്കെ പഞ്ചായത്തിനെ ഹോട്‌സ്‌പോട്ടുകളുടെ പട്ടികയിൽപ്പെടുത്തിയതു അനുചിതമാണെന്ന അഭിപ്രായമാണ് പൊതുവെ.
ഒരു കോവിഡ് രോഗി മാത്രം ചികിത്സയിൽ തുടരുന്ന വയനാടിനെ കേന്ദ്ര സർക്കാർ രാജ്യത്തെ കോവിഡ് ഹോട്‌സ്‌പോട്ട് ജില്ലകളുടെ ഗണത്തിൽപ്പെടുത്തിയിരുന്നു. ഇതു ഹോട്‌സ്‌പോട്ടുകളുടെ നിർണയത്തിൽ കേന്ദ്ര മന്ത്രാലയത്തിനുണ്ടായ പിഴവായാണ് പലരും അഭിപ്രായപ്പെട്ടത്. കേന്ദ്ര മന്ത്രാലയത്തിനു സംഭവിച്ചതുപോലെ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിനു ഉണ്ടായ പിശകാണ് വെള്ളമുണ്ട ഹോട്‌സ്‌പോട്ട് പഞ്ചായത്തുകളുടെ പട്ടികയിൽ ഉൾപ്പെടാൻ കാരണമെന്നു വിലയിരുത്തുന്നവർ നിരവധിയാണ്. വെള്ളമുണ്ട എങ്ങനെ ഹോട്‌സ്‌പോട്ട് പഞ്ചായത്തായി എന്നതിൽ ജില്ലാ ഭരണകൂടം വ്യക്തമായ മറുപടി നൽകുന്നില്ല.
ഓറഞ്ച് ബി സോണിലുള്ള വയനാട്ടിൽ വെള്ളമുണ്ടയ്ക്കു പുറമേ മൂപ്പൈനാട് പഞ്ചായത്തും ഹോട്‌സ്‌പോട്ടാണ്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽപ്പെട്ട ചോലാടിയുമായി അതിരിടുന്നതാണ് മൂപ്പൈനാട് പഞ്ചായത്ത്. ഈ പഞ്ചായത്തിൽനിന്നുള്ള പ്രവാസിയാണ് കോവിഡ് രോഗത്തിനു ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. എന്നിരിക്കെ മൂപ്പൈനാട് പഞ്ചായത്തിനെ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിൽ അനൗചിത്യമില്ലെന്ന അഭിപ്രായമാണ് പൊതുേവ.
ജില്ലയിൽ ഇതിനകം മൂന്നു കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. മൂപ്പൈനാടുകാരനു പുറമേ വിദേശത്തുനിന്നു തൊണ്ടർനാട് പഞ്ചായത്തിലും കമ്പളക്കാട് പഞ്ചായത്തിലും തിരിച്ചെത്തിയ ഓരോ ആളുകളിലാണ് രോഗം കണ്ടെത്തിയത്. രോഗമുക്തി നേടി ആശുപത്രി വിട്ട കമ്പളക്കാട്, തൊണ്ടർനാട് സ്വദേശികൾ വീടുകളിൽ നിരീക്ഷണത്തിലാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി അതിരു പങ്കിടുന്ന പഞ്ചായത്താണ് തൊണ്ടർനാട്.
ഓറഞ്ച് ബി സോണിൽ ഉൾപ്പെടുത്തി ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന്റെ ആദ്യദിനം ജില്ലയിലെ നിരത്തുകളിൽ വാഹന-ജനത്തിരക്ക് അനുഭവപ്പെട്ടു. ചെറുകിട ജ്വല്ലറികൾ, വസ്ത്രാലയങ്ങൾ, മൊബൈൽ ഷോപ്പുകൾ, വർക്ക്‌ഷോപ്പുകൾ, സ്റ്റേഷനറി പീടികകൾ, കംപ്യൂട്ടർ ഷോപ്പുകൾ, ഹാർഡ് വെയർ ഷോപ്പുകൾ, മലഞ്ചരക്കു പീടികകൾ എന്നിവ തുറന്നു. ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുവെന്നു ഉറപ്പുവരുത്തിയായിരുന്നു സ്ഥാപനങ്ങളുടെ പ്രവർത്തനം. ഭക്ഷണം പൊതികളിൽ നൽകുന്നതു ഒഴികെ ഹോട്ടലുകൾ അടഞ്ഞുകിടന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശാനുസരണം ഹാർഡ്‌വെയർ ഷോപ്പുകളും മലഞ്ചരക്കു പീടികകളും ഒഴികെ സ്ഥാപനങ്ങൾ ഉച്ചകഴിഞ്ഞു രണ്ടോടെ അടച്ചു. പൊതു ഇടങ്ങളിൽ മുഖാവരണം ധരിക്കാതെയെത്തിയ കാൽനട യാത്രക്കാർ നാമമാത്രമായിരുന്നു.






