മലപ്പുറം- കോവിഡ്19 പശ്ചാത്തലത്തിൽ പ്രവാസികൾ നേരിടുന്ന പ്രശനങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും അവരുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. ഗൾഫ് മേഖലയിൽ പ്രവാസികൾ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ പാണക്കാട് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനിടെയാണ് തങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചത്. വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസി സമൂഹം വലിയ ഒറ്റപെടൽ നേരിടുകയാണ്. സർക്കാറും സംസ്ഥാനവും അവരെ കൂട്ടുപിടിക്കണം. ഗൾഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രവാസി മലയാളികൾക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. അവരെ തിരിച്ചുകൊണ്ടുവരാനുള്ള കാര്യങ്ങളിലും സർക്കാറിന്റെ ശക്തമായ ഇടപെടൽ വേണമെന്നും തങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രവാസികളുടെ പ്രശ്നങ്ങൾ ദിനേന സങ്കീർണമായി തുടരുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി യോഗം ചേർന്നത്. ഗൾഫ് മലയാളികൾ വലിയ ദുരന്തമുഖത്താണ് ജീവിക്കുന്നത്. അവരെ സഹായിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് പ്രധാനമായും യോഗം ചർച്ച ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ദിവസം ചെല്ലുംതോറും പ്രതിസന്ധി ഇരിട്ടിക്കുകയാണ് ഗൾഫ് മേഖലയിൽ. ആശുപത്രികളെല്ലാം കോവിഡ് സ്പെഷൽ ആശുപത്രികളാക്കി മാറ്റിയതിനാൽ മറ്റു രോഗങ്ങളുള്ളവരും ഗർഭിണികളടക്കം വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്.
അടിയന്തരമായി എന്തെല്ലാം ചെയ്യാനാകും എന്നതായിരുന്നു പ്രധാന ചർച്ച. വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുമായി യോഗത്തിൽ പങ്കെടുത്ത എം.പിമാർ സംസാരിച്ചു. സൗദി അറേബ്യ, ഖുവൈത്ത്, യു.എ.ഇ, അബൂദാബി തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങളിൽ വേഗത്തിലുള്ള പരിഹാരമാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി. ഇതിനായി ചെയ്യേണ്ട കാര്യങ്ങളിലും സർക്കാറുകളിലും എംബസി ഉദ്യോഗസ്ഥരിലും നടത്തേണ്ട ഇടപെടലുകളും യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചു.
ലോക്ഡൗൺ പശ്ചാത്തലത്തിൽ റിലീഫ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ എം.എൽ.എ പങ്കെടുത്തു.






