Sorry, you need to enable JavaScript to visit this website.

ഇളവുകളില്ല; നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- സംസ്ഥാനത്ത് ഏർപ്പെടുത്തിയ ചില ഇളവുകളുടെ മറപടിച്ച് വാഹനങ്ങളും ആളുകളും ക്രമാതീതമായി നിരത്തിലെത്തിയതിനാൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുവരെയും സംസ്ഥാനം അപകട നിലയിൽനിന്നും മാറിയിട്ടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഏത് നിമിഷവും വലിയ രീതിയിലുള്ള രോഗവ്യാപനം  ഉണ്ടാകുമെന്നും അതിനാൽ അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പോലീസ് പരിശോധന കർശനമാക്കും. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ട് വീഴ്ചയില്ല. വ്യവസായ മേഖലയിലെ തൊഴിലാളികൾക്കാണ് സുരക്ഷാ മാനദണ്ഡം പാലിച്ച് ബസുകൾ അനുവദിക്കാൻ പറഞ്ഞിരുന്നത്. അത് തെറ്റിദ്ധരിക്കപ്പെട്ടു. അടുത്ത ജില്ലയിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് ഓഫീസുകളിലേക്ക് സ്വന്തം വാഹനങ്ങളിൽ പോകാം. റെഡ് സോൺ ജില്ലകളിൽ അത്യാവശ്യം ജീവനക്കാരെ വെച്ച് മാത്രമേ പ്രവർത്തിക്കാവൂ. മൈസൂരിൽ ചികിത്സയ്ക്ക് പോയ ഭിന്നശേഷിക്കാരായ 50 കുട്ടികളെയും കുടുംബാഗംങ്ങളെയും തിരികെ എത്തിക്കും. ദൽഹിയിൽ കുടുങ്ങിയ വിദ്യാർഥികളെ വീട്ടുടമസ്ഥർ ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിക്കുന്നത് തടയാൻ ദില്ലി സർക്കാരുമായിയി ചർച്ചചെയ്യും. 


ഡാമുകളിൽനിന്നും എക്കൽ നീക്കാൻ അനുമതി നൽകും. സ്റ്റാമ്പ് വെണ്ടർമാർക്ക് രണ്ട് ദിവസം പ്രവർത്തിക്കാൻ അനുമതി നൽകും. മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിൻ എത്തിക്കും. രക്തദാനത്തിൽ കുറവ് വരുന്നത് പരിഹരിക്കാൻ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കൊപ്പം സന്നദ്ധ സംഘടനകളും രംഗത്തേക്ക് വരണം. അതിർത്തികളിൽ ഊടുവഴികളിലൂടെയുള്ള കടന്നുകയറ്റം അനുവദിക്കില്ല. മത്സ്യലേലത്തിലെ തർക്കത്തിന് നിറം പകരുന്നത് തടയും. കുട്ടികൾക്കുള്ള പ്രതിരേധ കുത്തിവയപ് സ്വകാര്യ ആശുപത്രികളെകൂടി സഹകരിപ്പിച്ച് നടപ്പിലാക്കും. ബാർബർഷോപ്പിൽ ഒരേ ഉപകരണങ്ങൾ വ്യത്യസ്ത ആളുകൾ ഉപയോഗിക്കുന്ന ശീലം മാറ്റണമെന്നും ആരോഗ്യപരമായ ഇത്തരം ശീലങ്ങളുടെ തുടക്കം കുട്ടികളിൽനിന്നും ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News