കോവിഡ് ബാധിച്ച് മരിച്ച ഡോക്‌റുടെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു; ആംബുലന്‍സ് അടിച്ചുതകര്‍ത്തു

ചെന്നൈ‌- കോവിഡ് 19 ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച 55 കാരനായ ന്യൂറോസര്‍ജന്‍ ഡോ സൈമണ്‍ ഹെര്‍കുലീസിന്റെ മൃതദേഹത്തോടാണ് നാട്ടുകാര്‍ ക്രൂരമായി പെരുമാറിയത്. സംസ്കരിക്കാന്‍ സെമിത്തേരിയിലേക്കും പോകും വഴി, ഡോക്ടറുടെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനുനേരെ ജനക്കൂട്ടം കല്ലെറിയുകയും ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തു.

ചെന്നൈ കില്‍പൗകിലെ സെമിത്തേരിയിലാണ് നാട്ടുകാര്‍ അഴിഞ്ഞാടിയത്.  മൃതദേഹം സംസ്‌കരിക്കാന്‍ സെമിത്തേരിയില്‍ എത്തുംമുമ്പ് കോവിഡ് ബാധിച്ച് മരിച്ചയാളെ കൊണ്ടുവരുന്ന വിവരം പ്രദേശവാസികള്‍ക്കിടയില്‍ പ്രചരിച്ചു. ഇവിടെ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന സന്ദേശവും അതോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സംഘടിച്ച് എത്തിയ പ്രദേശവാസികള്‍ മൃതദേഹുമായി വരുന്ന ആംബുലന്‍സ് തടഞ്ഞു. ഇവര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകരെയും ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയും മര്‍ദ്ദിച്ചു. ആംബുലന്‍സിന്റെ ചില്ലുകള്‍ കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു.

തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആക്രമത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കുപറ്റിയതിനാല്‍ മൃതദേഹത്തെ അനുഗമിച്ച മറ്റൊരു ഡോക്ടറാണ് പിന്നീട് ആംബുലന്‍സ് ഡ്രൈവ് ചെയ്തത്.

"ഇതാണോ ഡോക്ടര്‍മാര്‍ നേരിടേണ്ടി വരിക? ഇങ്ങനെയാണോ പൊതുജനം ഞങ്ങള്‍ക്ക് പ്രതിഫലം തരിക? ഈ വീഡിയോ പുറത്തുവിടാന്‍ എനിക്ക് നാണക്കേടുണ്ട്. നമുക്ക് അദ്ദേഹത്തെ രക്ഷിക്കാനായില്ല, ഇപ്പോള്‍ സംസ്‌കരിക്കാനും." ദുരനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് മരണപ്പെട്ട ഡോക്ടറുടെ സുഹൃത്തായ ഡോ. ഭാഗ്യരാജ് ട്വിറ്റില്‍ ചോദിക്കുന്നു.

ന്യൂറോ സര്‍ജനായ ഹെര്‍ക്കുലീസിന് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

Latest News