Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോഹിംഗ്യൻ വംശഹത്യ: അന്താരാഷ്ട്ര സമൂഹത്തിന്റെ  മൗനം പ്രതിഷേധാർഹം -മുസ്‌ലിം വേൾഡ് ലീഗ്

മക്ക- മ്യാന്മറിൽ റോഹിംഗ്യൻ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഭീകർ നടത്തുന്ന കൂട്ടക്കൊലയിൽ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം വേൾഡ് ലീഗ് പറഞ്ഞു. റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങളെ സംഘടന അപലപിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾക്ക് ഇരയാകുന്ന ജനവിഭാഗം എന്ന് അന്താരാഷ്ട്ര സമൂഹം തന്നെ വിശേഷിപ്പിച്ച റോഹിംഗ്യൻ മുസ്‌ലിംകൾക്ക് സംരക്ഷണം നൽകുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്താത്തതും അപലപനീയമാണ്. മുസ്‌ലിംകൾക്കോ അമുസ്‌ലിംകൾക്കോ എതിരെ, നിയമാനുസൃത സ്വാതന്ത്ര്യങ്ങൾ ഹനിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏതു പ്രവർത്തനങ്ങളെയും മുസ്‌ലിം വേൾഡ് ലീഗ് അപലപിക്കുകയാണ്. 
എല്ലാവരുടെയും കൺമുന്നിൽ മൃഗീയമായ ആക്രമണങ്ങൾക്കും കൂട്ടക്കുരുതിക്കുമാണ് റോഹിംഗ്യൻ മുസ്‌ലിംകൾ വിധേയരാകുന്നത്. ഇത് മാനവിക സമൂഹത്തിന് നെറ്റിയിലെ കറയും ധാർമിക, സദാചാര മൂല്യങ്ങളുടെയും അന്താരാഷ്ട്ര വ്യവസ്ഥിതിയുടെയും ചരമക്കുറിപ്പുമാണ്. മാനവിക, അന്താരാഷ്ട്ര ചരിത്രത്തിലെ സംഘർഷഭരിതമായ ഏടാണ് റോഹിംഗ്യൻ മുസ്‌ലിംകളുടെ വംശഹത്യ. വിദ്വേഷത്തിൽ അധിഷ്ഠിതമായ ഈ കൂട്ടക്കൊല തടയുന്നതിന് അന്താരാഷ്ട്ര സമൂഹം എത്രമാത്രം അലംഭാവം കാണിക്കുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയാണിത്. 
മ്യാന്മറിലെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ നടക്കുന്നത് ക്രൂരവും രക്തരൂഷിതവുമായ ഭീകരാക്രമണത്തിന്റെ ഏറ്റവും വൃത്തികെട്ട ചിത്രമാണ്. ഐ.എസും അൽഖാഇദയും നടത്തുന്ന കിരാതമായ ഭീകരാക്രമണങ്ങളേക്കാൾ ഒട്ടും കുറവല്ല ഇത്. ഇതേക്കുറിച്ച് മൗനം ദീക്ഷിക്കുന്നത് ഭീകര വിരുദ്ധ പോരാട്ട രംഗത്ത് അന്താരാഷ്ട്ര വ്യവസ്ഥിതി പിന്തുടരുന്ന നയങ്ങളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കും. 
മ്യാന്മറിൽ ഭീകരർ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനും റോഹിംഗ്യൻ മുസ്‌ലിംകൾക്ക് ഉടനടി സംരക്ഷണം ലഭ്യമാക്കുന്നതിനും ഭീകരരെ നീതിപീഠത്തിനു മുന്നിൽ ഹാജരാക്കുന്നതിനും ഇടപെടലുകൾ നടത്തുന്നതിൽ നിന്ന് ഒരു നിമിഷം പോലും മടിച്ചുനിൽക്കുന്നതിന് മനഃസാക്ഷിയുള്ള ആർക്കും സാധിക്കില്ല. റോഹിംഗ്യൻ പ്രശ്‌നത്തിന് പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ പരിഹാര മാർഗങ്ങൾ ആരായണം. 
അനുദിനം ക്രൗര്യം മൂർഛിച്ച്, ഭീകരർ നടത്തുന്ന കൂട്ടക്കുരുതികൾ കണ്ടിട്ടും അവ തടയുന്നതിനും കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനും ഇടപെടാതിരിക്കുന്നത് അന്താരാഷ്ട്ര വ്യവസ്ഥിതിയെയും ലോക സമാധാനത്തെയും കുറിച്ച വിശ്വാസത്തിന് മങ്ങലേൽപിക്കും. ഭീതിജനകമായ ഈ ദുരന്തം മറ്റുള്ളവരെ എളുപ്പത്തിൽ ഭീകരതയിലേക്ക് ആകൃഷ്ടരാക്കും. സംഘർഷങ്ങളാണ് ഭീകരതക്ക് വളക്കൂറുള്ള മണ്ണായി മാറുന്നത്. മ്യാന്മറിലെ കൂട്ടക്കുരുതി നേരിടുന്നതിന്, ഐ.എസിനും അൽഖാഇദക്കും എതിരെ സ്വീകരിച്ചതിനു സമാനമായി ഫലപ്രദവും ശക്തവുമായ തീരുമാനം അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളണം. 
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ മാസം 25 വരെ മ്യാന്മറിൽ 6334 റോഹിംഗ്യൻ മുസ്‌ലിംകൾ കൊല്ലപ്പെടുകയും 8349 പേർക്ക് പരിക്കേൽക്കുകയും 500 സ്ത്രീകൾ ബലാത്സംഗത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. 103 ഗ്രാമങ്ങൾ പൂർണമായും ചുട്ടെരിച്ചു. 23,250 ഭവനങ്ങൾക്ക് കൊള്ളിവെച്ചു. 3,35,000 പേർക്ക് വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടു. 21,166 കുടുംബങ്ങൾ ഭവനരഹിതരായി. 1,45,000 അഭയാർഥികൾ ബംഗ്ലാദേശിൽ എത്തി. 1,90,000 പേർ മ്യാന്മർ, ബംഗ്ലാദേശ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. 250 മസ്ജിദുകളും 80 മദ്രസകളും തകർക്കപ്പെട്ടു. 
റോഹിംഗ്യൻ മുസ്‌ലിംകളുടെ പ്രശ്‌നത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. അന്താരാഷ്ട്ര വേദികളിലും യു.എൻ മനുഷ്യാവകാശ കൗൺസിലിലും റോഹിംഗ്യൻ മുസ്‌ലിംകൾക്കു വേണ്ടി സൗദി അറേബ്യ ശബ്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. റോഹിംഗ്യൻ മുസ്‌ലിംകളുടെ ക്ഷേമത്തിന് സൗദി അറേബ്യ അഞ്ചു കോടി ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. 
1948 മുതൽ റോഹിംഗ്യൻ അഭയാർഥികളെ സൗദി അറേബ്യ സ്വീകരിക്കുന്നുണ്ട്. നിലവിൽ മൂന്നു ലക്ഷത്തോളം റോഹിംഗ്യൻ അഭയാർഥികളാണ് സൗദിയിലുള്ളത്. സൗദി അറേബ്യ നടത്തിയ ശക്തമായ ശ്രമങ്ങളുടെ ഫലമായി റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം യു.എൻ പാസാക്കിയിട്ടുണ്ടെന്നും മുസ്‌ലിം വേൾഡ് ലീഗ് പറഞ്ഞു. 

Tags

Latest News