Sorry, you need to enable JavaScript to visit this website.

കെ.എം ഷാജിക്കെതിരായ അന്വേഷണം നീളും

കണ്ണൂർ- സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് വൻ വിവാദത്തിന് വഴിമരുന്നിട്ട കെ.എം.ഷാജി എം.എൽ.എക്കെതിരെയുള്ള അഴിമതി കേസിന്റെ അന്വേഷണം നീളും. അന്വേഷണ ഉദ്യോഗസ്ഥൻ സർവീസിൽ നിന്നും വിരമിക്കുന്നതും അന്വേഷണത്തിന് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്തതുമാണ് കാരണം. ഇതിനിടെ വിജിലൻസ് സംഘം നേരത്തെ ശേഖരിച്ച രേഖകളുടെ പരിശോധന ആരംഭിച്ചു. അഴീക്കോട് ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ്ടു കോഴ്‌സുകൾ അനുവദിക്കുന്നതിനായി കെ.എം.ഷാജി എം.എൽ.എ, 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സി.പി.എം.പ്രാദേശിക നേതാവ് കുടുവൻ പത്മനാഭൻ നൽകിയ പരാതിയിലാണ്  വിജിലൻസ് ഷാജിക്കെതിരെ കേസെടുത്തതും വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതും. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ കണ്ണുർവിംഗ് ഡിവൈ.എസ്.പി മധുസൂദനനാണ്  കേസ് റജിസ്റ്റർ ചെയ്തത്. ഈ ഉദ്യോഗസ്ഥൻ ഈ മാസം അവസാനം സർവീസിൽ നിന്ന് വിരമിക്കുകയാണ്. പുതിയ ഉദ്യോഗസ്ഥനെത്തി വേണം കേസന്വേഷണം ആരംഭിക്കാൻ. വിജിലൻസിലെ നാല് സി.ഐ.മാരടക്കമുള്ള ഉദ്യോഗസ്ഥർ, കൊറോണയുമായി ബന്ധപ്പെട്ട ചുമതലകളിലാണ്. ലോക് ഡൗൺ അവസാനിച്ചതിന് ശേഷം മാത്രമേ ഇവർ തിരികെ ജോലിയിൽ പ്രവേശിക്കാൻ ഇടയുളളൂ.  അതു കൊണ്ടു തന്നെ മൊഴിയെടുക്കലും ഷാജിയെ ചോദ്യം ചെയ്യലും അടക്കമുള്ള തുടർ നടപടികൾ വൈകും. പുതിയ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതെന്നതിനാൽ പുതുതായി വീണ്ടും മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല, കേസിൽ കൂടുതൽ പേർ പ്രതികളായി എത്താനും സാധ്യതയുണ്ട്. കൈകൂലി വാങ്ങുന്നതു പോലെ കുറ്റകരമാണ് നൽകുന്നതും. അതിനാൽ കൈക്കൂലി നൽകിയെന്നു പറയുന്ന സ്‌കൂൾ മാനേജരും, മാനേജ്‌മെന്റ് അംഗങ്ങളും അടക്കമുള്ളവർ പ്രതികളായി എത്താൻ സാധ്യതയുണ്ട്. മാത്രമല്ല, ഒരു പോസ്റ്റിന് പ്രതിഫലമായി നൽകിയ തുകയാണ് ഷാജിക്ക് നൽകിയ തുകയെന്നാണ് പറയുന്നത്. അതു കൊണ്ടു തന്നെ പണം നൽകിയ അധ്യാപകനും പ്രതി പട്ടികയിൽ എത്താൻ സാധ്യതയുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പേർ പ്രതികളായി എത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന സൂചന.
അതിനിടെ, കേസിന്റെ നിലനിൽപ് സംബന്ധിച്ച സംശയങ്ങളും ശക്തമായി ഉയരുന്നുണ്ട്. ഈ സ്ഥാപനം ഏകാംഗ മാനേജ്‌മെന്റാ,  ട്രസ്റ്റിയോ അല്ല നടത്തുന്നത്. മറിച്ച് 200 ഓളം അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയാണ്. ഇതിൽ ബഹുഭൂരിപക്ഷം അംഗങ്ങളും സി.പി.എം പ്രവർത്തകരുമാണ്. ഇവർ മുസ്ലിം ലീഗ് നേതാവായ ഷാജിക്ക് തുക നൽകാൻ തയ്യാറാവുമോ എന്നതാണ് പ്രധാന സംശയം. മാത്രമല്ല, ഇത്തരത്തിൽ ഒരു തുകയും നൽകിയിട്ടില്ലെന്ന് ആ സമയത്ത് ചുമതലയിലുണ്ടായിരുന്ന മാനേജർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കേസിലെ പരാതിക്കാരന്റെ കൈവശം, മുസ്്‌ലിം ലീഗ് പ്രാദേശിക നേതാവ് സംഘടനയ്ക്കു നൽകിയ പരാതിയുടെ കോപി മാത്രമാണ് പ്രധാന തെളിവായുള്ളത്. ഇത്തരമൊരു തെളിവിന് കോടതിയിൽ എത്രത്തോളം ആനുകൂല്യം ലഭിക്കുമെന്ന കാര്യം സംശയമാണ്. എല്ലാറ്റിലുമുപരി ഷാജിക്കെതിരെ പാർട്ടിയിൽ പരാതി നൽകുകയും, പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത ലീഗ് നേതാവ് നൗഷാദ് പൂതപ്പാറ, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാജിയുടെ എതിരാളിയായിരുന്ന സി.പി.എം. സ്ഥാനാർഥി എം.വി.നികേഷ് കുമാറിന്റെ വലം കൈയ്യായി പ്രവർത്തിച്ചയാളുമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സാധാരണക്കാർ പോലും സംശയിക്കുന്നതിന് ഇത് കാരണമാവുന്നു.
 

Latest News