തിരുവന്തപുരം- കേരളം കോവിഡിന്റെ നാട് എന്ന് പറഞ്ഞേടത്ത് നിന്നാണ് ഇന്ന് കോവിഡ് മുക്ത സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളം നടന്നുകയറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കോവിഡിന്റെ നാടാണെന്ന് പറഞ്ഞാണ് അയൽ സംസ്ഥാനം അതിർത്തികൾ മണ്ണിട്ട് അടച്ചത്. അവിടെ നിന്ന് കൃത്യമായ പ്രവർത്തനങ്ങളിലൂടെ കേരളം സ്തംഭിച്ചുപോയ ജനജീവിതത്തെ തിരിച്ചുപിടിക്കുകയും കോവിഡ് ഭീതിയിൽനിന്ന് ജനത്തെ അകറ്റുകയും ചെയ്തു. കൈവിട്ടുപോകും എന്ന അവസ്ഥ ഒരു ഘട്ടത്തിലുണ്ടായി. ഒരു രോഗി ഒറ്റയടിക്ക് 23 പേർക്കാണ് രോഗം പടർത്തിയത്. അവരിൽനിന്ന് 12 പേർക്കുമുണ്ടായി. അത് ഒരു ലക്ഷണമായി എടുത്താൽ കേരളം ഭയാനകമായ അവസ്ഥയിലേ്ക്ക് പോകുമായിരുന്നു. ആ രോഗികളെ കണ്ടെത്തുകയും അവർ കടന്നുപോയ വഴികളിലൂടെ സഞ്ചരിക്കുകയും അവരെ ഐസലോഷനിൽ പാർപ്പിക്കുകയും ചെയ്തു. ഒന്നേമുക്കൽ ലക്ഷത്തോളം പേർ നിരീക്ഷണത്തിലുണ്ടായിന്നത് ഇപ്പോൾ 45000ത്തിലെത്തി. ലോകത്തിലെ ഏറ്റവും കുറവ് മരണ നിരക്കും കൂടുതൽ രോഗമുക്തിയും കേരളം നേടിയത് ഇന്ദ്രജാലം കൊണ്ടല്ല. എല്ലാവരുടെയും കൂട്ടായ്മ കൊണ്ടാണ്. അതുകൊണ്ടാണ് ലോകം മുഴുവൻ ഇതിനെ പ്രശംസിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വരെ കേരളത്തെ പ്രശംസിച്ചു. ലോകത്തിലെ പ്രമുഖ മാധ്യമങ്ങളും കേരളത്തിന്റെ പ്രവർത്തനത്തെ പിന്തുണച്ചു. ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള സേന കേരളത്തിലുണ്ട്.
അതേസമയം, ഇത് ശ്വാസം വിടാനുള്ള സമയമല്ല എന്നും നാം തിരിച്ചറിയണം.
കോവിഡ് പ്രവാസികളെയും അവരുടെ കുടുംബത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്. അവർക്ക് ആവശ്യമായ സഹായം നൽകാൻ നോർക്ക വഴി ശ്രമിച്ചു. പ്രവാസികളിൽ ഏറെയും ഗൾഫിലാണ്. ഏകദേശം ഇരുപത് ലക്ഷത്തോളം പേർ. അടിയന്തിരമായി തിരിച്ചുവരേണ്ടവരെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തിരിച്ചെത്തുന്നവർക്ക് ആവശ്യമായ മുഴുവൻ ക്രമീകരണങ്ങളും കേരളം ഏർപ്പെടുത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുകയും ചെയ്തു. രണ്ടു ലക്ഷത്തോളം പേരെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യം കേരളം ഏർപ്പെടുത്തിയിട്ടുണ്ട്. അതിലേറെ ആളുകൾ വന്നാലും പാർപ്പിക്കാൻ കേരളത്തിന് സംവിധാനമുണ്ട്. ഗർഭിണികൾ, വിസിറ്റ് വിസയിൽ പോയവർ, പ്രായമായവർ എന്നിവർക്ക് മുൻഗണന നൽകും. കേന്ദ്ര സർക്കാറിൽനിന്ന് അനുകൂല തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. അതുവരെ ഇപ്പോൾ പ്രവാസികൾ എവിടെയാണോ അവിടെ അതാത് സർക്കാറിന്റെ നിർദ്ദേശം പാലിച്ച് കഴിയണം. കേരളത്തിന് പുറത്തുനിന്ന് കോവിഡ് ബാധയുടെ അസുഖകരമായ വാർത്തകളാണ് അനുദിനം വരുന്നത്.
ലോക്ഡൗൺ അവസാനിച്ചാൽ പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും കേരളത്തിൽ എത്തും. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ദിവസങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. കോവിഡിനെതിരെ രണ്ടു മാസത്തിലേറെയായി പടപൊരുതുന്ന ജില്ലയാണ് കാസർക്കോട്. ഇപ്പോൾ ആ ജില്ല ആശ്വാസത്തിന്റെ വക്കിലാണ്. ഇപ്പോൾ അവിടെ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് കാസർക്കോട് രാജ്യത്തിന് തന്നെ മാതൃകയായത്. ഇന്ന് ആറുപേരെയാണ് കാസർക്കോട് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്.
മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി വീണ്ടും മാധ്യമ സമ്മേളനത്തിനെത്തിയത്. ഇനി മുതൽ ലോക് ഡൗൺ തീരുന്നത് വരെ മുഖ്യമന്ത്രി ദിവസവും പത്രസമ്മേളനമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിന് എത്തിയത്. പൊങ്ങച്ചം പറയാനല്ല പത്രസമ്മേളനമെന്നും അതാത് ദിവസത്തെ കാര്യം ജനത്തെ അറിയിക്കാനുമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പത്രസമ്മളനം തുടങ്ങിയത്. കേരളത്തിൽ ഇന്ന് ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ ആറുപേരും കണ്ണൂർ ജില്ലയിൽനിന്നുള്ളവരാണ്. അഞ്ചു പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം മൂലവും രോഗം പടർന്നു. സംസ്ഥാനത്ത് നിരീക്ഷണത്തിൽ 46,323 പേർ നിരീക്ഷണത്തിലുണ്ട്. ആശുപത്രിയിൽ 398 പേർ മാത്രമാണുള്ളത്. ഇന്ന് 62 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19756 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 19074 ലു രോഗബാധ ഇല്ല എന്നുറപ്പാക്കി. ആശുപത്രികളിൽ ക്വാറന്റൈനിലുള്ള മുഴുവൻ ആളുകളെയും പരിശോധിക്കും. ഇത് മൂന്നു ദിവസത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.