Sorry, you need to enable JavaScript to visit this website.

പിന്നെയും ചിതറിയ ചിന്തകൾ 

കള്ളു കുടിച്ച കുരങ്ങൻ രസകരമായ ഒരു ബിംബം ആകുന്നു. സംസ്‌കൃതക്കാർ അതിനു പണ്ടേ പേരിട്ടു: മർക്കടസ്യ സുരാപാനം. പക്ഷേ കള്ള് കുടിക്കുന്ന കുരങ്ങന്റെ മാത്രമല്ല കുടിക്കാത്ത കുരങ്ങച്ചാരുടെയും തലക്കു പിടിക്കാമെന്ന് ഈയിടത്തെ ചില സംഭവ വികാസങ്ങൾ തെളിയിക്കുകയുണ്ടായി. കൊറോണക്കാലത്തെ കുടിയെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും മാറിമാറിപ്പറഞ്ഞ കാര്യങ്ങളുടെ സൂചന അതു തന്നെ. നാടൻ കോൺഗ്രസുകാരുടെ ചൊറിയും കേന്ദ്രത്തിന്റെ മുറുമുറുപ്പും എടങ്ങേറായപ്പോൾ മദ്യവാദ്യം രണ്ടുപേരും നിർത്തിവെച്ചെന്നേയുള്ളൂ. 
കൊറോണക്കാലത്ത് അടച്ചിടേണ്ട കടകളുടെ പട്ടിക തയാറാക്കുമ്പോൾ സർക്കാർ ശ്രദ്ധയോടെ ഒഴിവാക്കിയതാണ് കള്ളു കടകൾ. ഏതാണ്ട് അത്യാവശ്യ സാധനങ്ങളുടെ കൂട്ടത്തിൽ പെടുത്തുന്ന പോലെ തോന്നി കള്ളിനെ.  ബാറുകളും ബിവറേജസ് കോർപറേഷൻ വിതരണ കേന്ദ്രങ്ങളും നിശ്ചിത വ്യവസ്ഥകൾ അനുസരിച്ച് തുറന്നിടാമെന്ന് നേരത്തേ തന്നെ തീരുമാനമായിരുന്നു.
ഗാന്ധിയുമായി ഉടുപ്പിന്റെ കാര്യത്തിൽ ബന്ധം പുലർത്തുന്ന പാർട്ടിയുടെ ചില കൊച്ചന്മാർ കൊറോണക്കാലത്ത് വീണുകിട്ടിയ ആ സമരാവസരം പാഴാക്കിയില്ല. പൂട്ടു താഴ്ത്തുമ്പോൾ കള്ളു കടകളുടെ പൂട്ടും താഴ്ത്തണമെന്ന്  ദൽഹിയിൽനിന്നും ഇണ്ടാസ് വന്നു. 


അതിനിടെ വിജയനും സുരേന്ദ്രനും മദ്യമന്ത്രി ടി.പി. രാമകൃഷ്ണനും മദ്യപാനാവസരം  സംരക്ഷിക്കേണ്ടതിന്റെ ആവശ്യം വാദിച്ചുറപ്പിക്കുകയായിരുന്നു. വാദം ഒന്ന്: കുടിക്കേണ്ടവർ കുടിക്കും. തടയാൻ നോക്കിയിട്ടു കാര്യമില്ല. കൊള്ളാവുന്ന കള്ള് തുറന്ന ചന്തയിൽ കിട്ടില്ലെങ്കിൽ, കരിഞ്ചന്തയിൽ കൊള്ളലാഭത്തിനു വിറ്റഴിക്കാവുന്ന മദ്യം, വീര്യം കൂടിയതും സുരക്ഷിതത്വം സംശയാസ്പദമായതുമായ വ്യാജൻ, സഹ്യനിൽ തല ചായ്ച്ചും കടപ്പുറത്ത് കാൽ നീട്ടിവെച്ചു കിടക്കുന്നതുമായ ഭൂപ്രദേശത്ത് ധാരാളം ഒഴുകിവരും. വ്യാജ പ്രളയം തടയാൻ സർക്കാറിനു ബാധ്യതയില്ലേ? 
സർക്കാറിന്റെ വാദത്തിനു കൊഴുപ്പു കൂട്ടാൻ ഉതകിയ മറ്റൊരു സംഭവം കുടിയന്മാരുടെ ആത്മഹത്യയായിരുന്നു. ഞങ്ങൾക്ക് അന്നന്നത്തെ അന്നം തരൂ എന്ന് യേശു പ്രാർത്ഥിച്ചതു പോലെ, ഞങ്ങൾക്ക് അന്നന്നത്തെ മദ്യം തരൂ എന്ന് കുടിയന്മാർ വാവിട്ടു കരഞ്ഞു. കള്ളു കിട്ടാത്തവർ ജീവിതം നിഷ്ഫലമെന്നു നിനച്ച് പ്രാണൻ വെടിഞ്ഞു.  കൃഷി നശിച്ചോ കടം പെരുകിയോ അല്ലാതെയോ ജീവനൊടുക്കുന്ന കർഷകരുടേതു പോലെ കുടിയന്മാരുടെയും ആത്മഹത്യക്ക് സർക്കാർ നിർുജീവ സാക്ഷിയാകേണ്ടിവരുമെന്നു പോലും പലരും ഭയപ്പെട്ടു. സുരേന്ദ്രൻ ആ ഭയം പരസ്യമായി പങ്കു വെക്കുക പോലും ചെയ്തു. മറ്റു പല തരത്തിലും ഖ്യാതി നേടിക്കൊണ്ടിരുന്ന
സർക്കാർ സ്വയം കരി വാരിത്തേക്കുന്നതു പോലെയായിരുന്നു ആ നടപടി. അഞ്ചാറു ദിവസം കഴിഞ്ഞപ്പോൾ 'ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ' എന്നു ജപിച്ചുകൊണ്ട് മദ്യസേവ മതിയാക്കേണ്ടിവന്നത് എല്ലാവർക്കും നന്നായി. 


മദ്യശാലകളിൽ നിയന്ത്രണം വന്നത് മദ്യം വർജിക്കാൻ കുടിയന്മാർക്ക് ഒരവസരം നൽകട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ. പക്ഷേ മദ്യം അവശ്യവസ്തുവും ഔഷധവുമായി കഴിക്കുന്നത് അതു നിഷേധിക്കുന്നത് ജനകീയ സർക്കാറിനു ചേർന്നതല്ല. അതുകൊണ്ട് ഡോക്ടർമരുടെയും മദ്യവകുപ്പിന്റെയും ഒത്താശയോടെ കള്ള് വേണ്ടവർക്ക് കിട്ടാറാക്കണം എന്ന നയം സർക്കാർ സ്വീകരിച്ചു. അതും പാളി. 'മദ്യം വേണ്ടേ വേണ്ട' എന്ന് ഒടുവിൽ നിശ്ചയിച്ചു. മദ്യപാനം രോഗമായിട്ടുള്ളവരെ സഹായിക്കുന്നതായിരുന്നില്ല അതുവരെ ചാഞ്ചാടിയാടി നിന്നിരുന്ന സർക്കാഖിന്റെ സാമൂഹ്യ വീക്ഷണവും സത്യസന്ധതയും.
മൂന്നു  പതിറ്റാണ്ടു മുമ്പ് സമർഥനായ ഒരു ബാങ്ക് ഉദ്യോഗസ്ഥനെ മദ്യപാനത്തിൽനിന്നു വിമുക്തനാക്കാൻ നടത്തിയ ശ്രമം ഓർത്തുപോകുന്നു. ചില ബാങ്കുകളിലെ കള്ളക്കളി പുറത്തു കൊണ്ടുവരാൻ രഹസ്യമായി എന്നെ സഹായിച്ച ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അറിവോ ബുദ്ധികൂർമതയോ സംശയത്തിനിടം നൽകിയിരുന്നില്ലെങ്കിലും മട്ടും മാതിരിയും ഒട്ടും വിശ്വാസം ഉറപ്പിക്കുന്നതായിരുന്നില്ല. ഞങ്ങൾ കാണുമ്പോഴെല്ലാം അദ്ദേഹം അമൃതാഞ്ജൻ ദേഹമാസകലം പൂശിയിരിക്കും. ഒരിക്കൽ ഞാൻ തമാശ പറഞ്ഞു, ഈയിടെയായി മദ്യത്തിന് മെന്തോളിന്റെ മണമായിരിക്കുന്നു. അദ്ദേഹത്തിന് പെട്ടെന്ന് കുത്ത് പിടികിട്ടി. എന്നോട് പരിഭവമാകുകയും ചെയ്തു. നന്നേ രാവിലെ മുതൽ രാത്രി ഉറങ്ങിപ്പോകും വരെ മദ്യപിച്ചിരുന്ന അദ്ദേഹത്തെ രണ്ടാഴ്ച കുടിക്കാതിരുത്തുന്നത് വലിയ പരീക്ഷണമായിരുന്നു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി വീട്ടിലേക്ക് തിരിച്ചെത്തിയ അദ്ദേഹം വീട്ടിൽനിന്നുള്ള സമ്മർദവും സൗഹൃദവും ഫലപ്രദമാകാത്തതുകൊണ്ട്, വീണ്ടും കുടി തുടങ്ങി.


കൊറോണക്കാലത്ത് കുടി നിർത്തേണ്ടി വന്ന ആളുകൾ വീണ്ടും തുടങ്ങാതിരിക്കാനുള്ള വിദ്യകൾ വല്ലതും ആലോചനയിലുണ്ടോ എന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല.  സ്ഥിരം മദ്യപാനികൾ ഈ കാലഘട്ടം ഉപവാസത്തിന്റെയും വർജനത്തിന്റെയും അവസരമായി കണക്കാക്കി, വഴി മാറി നടന്നാൽ അത് വലിയൊരു സാമൂഹ്യ പരിവർത്തനമാകും. മദ്യത്തെ വരുമാനത്തിനുള്ള വലിയ വഴിയായി കണക്കാക്കുന്ന സർക്കാറും കുടിച്ചു പൂസായാലേ മദ്യപാനമാകൂ എന്നു കരുതുന്ന കരൾ രോഗികളും കുടിയന്മാരും കൂടി പണിതെടുത്തിരിക്കുന്ന സാമൂഹ്യ സംഘർഷമാണ് കേരളത്തിൽ മദ്യ വ്യവസായവും വിനിയോഗവും. കൊറോണ നിർബന്ധമാക്കിയ ഈ ഉപവാസ ഘട്ടം കുടിച്ചില്ലെങ്കിൽ മരിക്കുമെന്ന ധാരണ പാടേ തിരുത്താൻ ഉപകരിക്കും. 


ഒന്നര ലക്ഷം ആളുകൾ മരിക്കുകയും ലോക ജനസംഖ്യയുടെ പകുതിയും നിരീക്ഷണത്തിലോ ചികിത്സയിലോ ആവുകയും ചെയ്തിട്ടും കൊറോണയുടെ ഉത്ഭവമോ സ്വഭാവമോ വ്യാപനമോ പരിഹാരമോ പൂർണമായും ഉരുത്തിരിഞ്ഞിട്ടില്ല. ആരോ പറഞ്ഞു, ഭീതി ഉണ്ടാക്കുന്നത് ഭീകരവാദം.  ആ അർഥത്തിൽ കൊറോണ ഒരു ഭീകര പ്രസ്ഥാനം തന്നെ. അമേരിക്കയിലെ ഒരു ആരോഗ്യ നികേതനത്തിൽ അന്തേവാസികൾ പൊടുന്നനവേ രോഗികളാവുകയും മരിക്കുകയും ചെയ്തപ്പോൾ അതിന്റെ മേധാവിയായ ജിം ബ്രൈറ്റ്, ഭാരത യുദ്ധത്തിന്റെ അന്ത്യത്തിൽ തന്റെ നിസ്സഹായത പ്രഖ്യാപിച്ചുകൊണ്ട് കൈകൾ രണ്ടും ആകാശത്തേക്കുയർത്തിക്കൊണ്ടു പറഞ്ഞ പോലെ, ആരോടെന്നില്ലാതെ വിലപിച്ചു: അറിയാൻ വയ്യാത്ത എതിരാളിയോട് എങ്ങനെ മല്ലിടും? 
പ്രകൃതി വഴിക്കു വഴിയേ മനുഷ്യനെതിരെ തൊടുക്കുന്ന വധോദ്യമങ്ങൾ കൊറോണക്കു മുമ്പും നടന്നതായാണ് ചരിത്രം. കാലം ചെല്ലുന്തോറും ഓരോ വധോദ്യമത്തിന്റെയും വ്യാപ്തിയും ഫലശ്രുതിയും കൂടിക്കൂടി വരുന്നുവെന്നേയുള്ളൂ.  സർഗധനനായ മനുഷ്യൻ ഓരോ വിനാശകാണ്ഡത്തിലും അടുത്ത തലമുറക്ക് പാടിനടക്കാൻ പാകത്തിൽ വൃത്തങ്ങളും പുരാവൃത്തങ്ങളും രചിച്ചു പോന്നു. എയിഡ്‌സ് എന്ന മഹാമാരി പൊട്ടിയപ്പോൾ എന്തൊക്കെയായിരുന്നു കഥകൾ! അഭിജ്ഞരും അനഭിജ്ഞരും അത് ഒരുപോലെ വിശ്വസിച്ചു. സവിശേഷമായ ഇമ്പമുള്ളതാണ്              സർവനാശസൂക്തം. ആട്ടിൻ പാൽ കുടിച്ചാൽ എയ്ഡ്‌സ് മാറ്റാമെന്നു പോലും നമ്മൾ ധരിച്ചുവശായി. പ്രതിഭാശാലിയായ ഒരു വ്യവസായി  കൊച്ചിയിലെവിടെയോ 35,000 ചതുരശ്ര അടി വലിപ്പത്തിൽ മാളിക പണിതത് എയിഡ്‌സ് മാറ്റുന്ന മരുന്ന് വിറ്റഴിച്ചിട്ടാണത്രേ. എല്ലാവരും കൂടി ഉത്സാഹിച്ചപ്പോൾ എയിഡ്‌സ് പരസ്യങ്ങളുടെ പ്രളയമായി. കൊറോണ വഴിയും വൃത്തങ്ങളും പുരാവൃത്തങ്ങളും നിർമിക്കപ്പെടുന്ന പ്രക്രിയ ബി.ബി.സിരസകരമായി വിലയിരുത്തുന്നു.


എന്നിതു തുടങ്ങി, എന്നു തീരും എന്നൊരു രൂപവുമില്ല. ചില ഏജൻസികൾ പറയുന്നു, അമേരിക്കൻ പ്രസിഡന്റിന് സി.ഐ.എ വഴി ഈ കൊല്ലം തുടങ്ങുന്നതിനു മുമ്പേ വിവരം കിട്ടിയിരുന്നു. മൂന്നു കൊല്ലത്തോളം മുമ്പ് പക്ഷികളിൽനിന്നോ മൃഗങ്ങളിൽനിന്നോ മനുഷ്യരിൽ പടരാവുന്ന ഒരു വൈറസ് രൂപപ്പെടുത്തുന്നതിനെപ്പറ്റി ഒരു ചൈനക്കാരി ഗവേഷക സംസാരിച്ചിരുന്നുവത്രേ.  കൊറോണക്കുള്ള കുത്തിവെപ്പ് എന്താണെന്ന് ആരും അവസാന വാക്കായി പറയുന്നുമില്ല. പ്രസിഡന്റ്്് ട്രംപിന് ശാസ്ത്രീയ കാര്യങ്ങളെപ്പറ്റി അഭിപ്രായവും തീരുമാനവും മാറ്റിയെടുക്കാൻ വിഷമമില്ലെന്നാണ് സമീപകാല ചരിത്രം.


കമ്യൂണിസ്റ്റ് ലോകവും ചിന്തയും പിന്നോക്കം പോകരുതല്ലോ, ക്യൂബയിൽ കൊറോണക്ക് ഔഷധം കണ്ടെത്തിയതായുള്ള വെളിപാട് മുഖ്യമന്ത്രി തന്നെ പത്രസമ്മേളനത്തിൽ പറഞ്ഞുപോവുകയുണ്ടായി. അത്രയേ ഉണ്ടായുള്ളൂ. ക്യൂബയുടെ കണ്ടുപിടിത്തം കേരളത്തിൽ ഏകപക്ഷീയമായി നടപ്പാക്കാവുന്നതല്ലല്ലോ എന്നദ്ദേഹം സൂചിപ്പിക്കുകയുമുണ്ടായി. 
ഈ പശ്ചാത്തലത്തിൽ കൊറോണ വഴി ഇനിയുണ്ടാകാൻ പോകുന്ന വിപത്ത് ഇനിയും വ്യാപകവും വിനാശകരവും ആകാനേ വഴിയുള്ളൂ എന്ന് ന്യൂയോർക്ക്്് ടൈംസ് മുന്നറിയിപ്പു നൽകുന്നു. ഇതുവരെ രോഗം പിടിപെട്ട രാജ്യങ്ങളിൽ മിക്കതിനും അത് ഒട്ടൊക്കെ താങ്ങാനും തരണം ചെയ്യാനും കഴിയുമായിരുന്നു.  അമേരിക്കയിൽ കേട്ടുകേൾവി പോലുമില്ലാത്ത രീതിയിൽ അപായം
സംഭവിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ മുന്നോട്ടുള്ള നീക്കത്തെ അത് പിന്നോട്ടാക്കുകയില്ലെന്നാണ് വിദഗ്ധരുടെ വിശ്വാസം. പക്ഷേ സമ്പത്തും സാങ്കേതിക വിദ്യയും കുറഞ്ഞ നാടുകളിൽ വൈറസ് കേറിയാൽ പിന്നെ ഇറങ്ങാൻ വഴി കാണില്ല. ആഫ്രിക്കയെപ്പറ്റി നമ്മുടെ ഇന്നത്തെ അറിവ് ഗുണപരമായി നോക്കിയാൽ സ്റ്റാൻലിയുടെയും ലിവിംഗ്സ്റ്റണിന്റെയും കാലത്തേക്കാൾ വളരെ അധികമൊന്നുമല്ലെന്ന് സിനിക്കുകൾ പറയും.  അതിനെ ഉദാഹരിക്കാൻ വേണ്ടി ന്യൂയോർക്ക് ടൈംസ് ഒരു കണക്ക് അവതരിപ്പിക്കുന്നു. ജീവൻ രക്ഷക്ക് ഉപകരിക്കുന്ന പ്രധാനപ്പെട്ട ഒരു ഉപകരണമാണ് വെന്റിലേറ്റർ. അമേരിക്കയിൽ ഉള്ള വെന്റിലേറ്ററുകൾ 1,60,000. തെക്കൻ സുഡാനിൽ മൂന്ന്. ആ സംഖ്യകൾ കൂട്ടിക്കിഴിച്ചുനോക്കിയാൽ മതി, ഭാവിയുടെ വികൃതമുഖം തിരിച്ചറിയാൻ.

Latest News