കാനഡയില്‍ വെടിവെപ്പ്: പോലീസ്   ഉദ്യോഗസ്ഥ ഉള്‍പ്പെടെ 16 പേര്‍  കൊല്ലപ്പെട്ടു

ടൊറൊന്റോ- കോവിഡ് പ്രതിരോധ കാലത്തു കാനഡയിലെ നോവ സ്‌കോഷ്യ പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ 16 പേര്‍  കൊല്ലപ്പെട്ടു. 23 വര്‍ഷമായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി സേവനമനുഷ്ഠിക്കുന്ന ഹെയ്ദി സ്റ്റീവന്‍സണ്‍ ആണ് മരിച്ച ഉദ്യോഗസ്ഥ. പോലീസ് യൂണിഫോമില്‍ തോക്കുമായി എത്തിയ അക്രമിയാണ് വെടിവെപ്പ് നടത്തിയത്. 51കാരനായ ഗബ്രിയേല്‍ വോര്‍ട്മാന്‍ എന്നയാളാണ് അക്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ വെടിയേറ്റു മരിച്ചു. 30 വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിത്. ഹാലിഫാക്‌സ് നഗരത്തിന് 100 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ടാപിക്യുവിലാണ് വെടിവെപ്പ് നടന്നത്. ഞായറാഴ്ച രാത്രി പോലീസ് വേഷത്തിലെത്തിയ അക്രമി വീടുകളില്‍ കയറി വെടിവെപ്പ് നടത്തുകയായിരുന്നു. വീടിനകത്തും പുറത്തു നിന്നുമായി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 12 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ ആക്രമിയുടെ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോര്‍ട്ടപികില്‍ നിന്നും തുടങ്ങിയ ആക്രമണം 12 മണിക്കൂറുകള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെയോടെ 22 മൈല്‍ അകലെയുള്ള എന്‍ഫീല്‍ഡിലാണ് അവസാനിച്ചത്.കൊറോണ വൈറസ് വ്യാപനം മൂലം അടച്ചിട്ട നഗരത്തിലാണ് അക്രമം നടന്നത്. വെടിവെപ്പില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും തീപിടിച്ചു. പ്രദേശത്തു വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Latest News