കൊറോണ അക്രമിക്കുന്നത്  ജാതിയും മതവും നോക്കിയല്ല-മോഡി 

ന്യൂദല്‍ഹി-ജാതി, മതം, നിറം, ഭാഷ, അതിര്‍ത്തികള്‍ ഒന്നും നോക്കാതെയാണ് കൊറോണ വൈറസ് ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാഹോദര്യവും ഒരുമയും കൊണ്ട് വേണം കൊവിഡിന് നാം മറുപടി കൊടുക്കേണ്ടത്. നമ്മളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ മുന്നോട്ട് പോകുന്നിതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കോവിഡ് രാജ്യത്ത് പടരുമ്പോഴും മതത്തിന്റെയും മറ്റും വേര്‍തിരിവുകള്‍ പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലാക്കിയ അഹമ്മദാബാദ് സിവില്‍ ആശുപത്രിയുടെ നടപടി ഏറെ വിവാദത്തിലായിരുന്നു.സാധാരണ സ്ത്രീക്കള്‍ക്കും പുരുഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ നല്‍കാറുള്ളത്. കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന ഫലവുമായി വരാത്ത മുസ്ലീങ്ങള്‍ക്ക് ചികിത്സ നല്‍കാനാവില്ലെന്ന് മീററ്റിലെ വാലന്റിസ് കാന്‍സര്‍ ആശുപത്രി ഹിന്ദി ദിനപത്രത്തില്‍ പരസ്യം നല്‍കിയതും വിവാദമായിരുന്നു. ഇന്ത്യയിലെ ചില ഗ്രൂപ്പുകളുടെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെ മിഡില്‍ ഈസ്റ്റിലെ പ്രമുഖര്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ഇത്തരം സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
 

Latest News