Sorry, you need to enable JavaScript to visit this website.

കർഫ്യൂ: ഒരു ലക്ഷം ഓൺലൈൻ ടാക്‌സികൾ നിരത്തിലിറങ്ങും

റിയാദ് - പൂർണ കർഫ്യൂ പ്രഖ്യാപിക്കാത്ത പ്രദേശങ്ങളിൽ ടാക്‌സി സർവീസ് നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ഒരു ലക്ഷത്തോളം ഓൺലൈൻ ടാക്‌സികൾ നിരത്തിലിറങ്ങും. കർഫ്യൂ പ്രഖ്യാപനം വന്നതു മുതൽ ആഭ്യന്തര ഗാതാഗതം പൂർണമായും നിർത്തിവെച്ചതിന് ശേഷം ആദ്യമായാണ് കർഫ്യൂ ഇല്ലാത്ത സമയങ്ങളിൽ ടാക്‌സി ഓടിക്കാൻ അനുമതിയായത്.
സൗദികൾക്ക് മാത്രമാണ് ആപ്ലിക്കേഷനുകൾ വഴിയുള്ള ടാക്‌സി ഓടിക്കാൻ അനുമതിയുള്ളത്. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സൗദികളുടെ എണ്ണം അയ്യായിരം കവിയും. എന്നാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന മിക്കവരും ആപ്ലിക്കേഷൻ നേരിട്ട് ഡൗൺലോഡ് ചെയ്ത് സർവീസ് നടത്തുന്നവരാണ്. കഴിഞ്ഞ മൂന്നു വർഷമായി വിവിധ ആപ്പുകൾ ടാക്‌സി സർവീസിനായി ഉപയോഗിക്കുന്നുണ്ട്.


കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി ലഘൂകരിക്കാനാണ് പുതിയ തീരുമാനമെന്ന് ഗതാഗത മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസർ വ്യക്തമാക്കിയിരുന്നു.
ടാക്‌സി സർവീസിന് ലൈസൻസ് ലഭിച്ചിരിക്കണം. ട്രിപ്പുകൾ തേടി കറങ്ങിനടക്കാൻ പാടില്ല. ഓർഡർ വരുമ്പോൾ മാത്രം പാർക്കിംഗിൽ നിന്ന് വാഹനമെടുക്കുക. ലൈസൻസുള്ള ആപ്ലിക്കേഷനുകൾ മാത്രം ഉപയോഗിക്കുക. കർഫ്യൂ സമയത്ത് ഓടാതിരിക്കുക എന്നിവയാണ് വ്യവസ്ഥകൾ.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ എല്ലാ മുൻകരുതലുകളും ഡ്രൈവർമാർ സ്വീകരിച്ചിരിക്കണമെന്നും ട്രാൻസ്‌പോർട്ട് അതോറിറ്റി ആവശ്യപ്പെട്ടു.

 

Latest News