Sorry, you need to enable JavaScript to visit this website.

ഓൺലൈൻ വിപണിക്കും ലോക്കിട്ട് കേന്ദ്രം; അവശ്യസാധനങ്ങൾ മാത്രം വാങ്ങിയാൽ മതി

ന്യൂദൽഹി- കോവിഡ് ലോക്ഡൗൺ കാലത്ത് ഓൺലൈൻ വിപണിക്ക് വീണ്ടും കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ. അവശ്യ സാധനങ്ങൾ മാത്രം ഓൺലൈൻ വഴി വിപണനം ചെയ്താൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ച നൽകിയ നിർദേശം. എന്നാൽ, മൊബൈൽ ഫോൺ, റഫ്രിജറേറ്റേഴ്‌സ്, തുണികൾ, ടെലിവിഷൻ, ലാപ്‌ടോപ്പ് അടക്കമുള്ള വസ്തുക്കളുടെ വിപണനത്തിന് എതാനും ദിവസങ്ങൾക്ക് മുമ്പ് അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഓൺലൈൻ കമ്പനികളുടെ വിതരണക്കാർ അവശ്യ സാധനങ്ങൾ മാത്രം വിതരണം ചെയ്താൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ ഉത്തരവിൽ പറയുന്നത്. ഓൺലൈൻ വിപണിയിൽ കൂടുതൽ ഇളവുകൾ നൽകുന്നത് മറ്റു മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി പുണ്യ സലിലയും പറഞ്ഞു. 
ഏപ്രിൽ 20 മുതൽ അതിവ്യാപന മേഖലകൾ അല്ലാത്ത സ്ഥലങ്ങളിൽ ഇളവുകൾ ആകാമെന്നു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓൺലൈൻ വിപണികൾക്കും കേന്ദ്രം അവശ്യേതര വസ്തുക്കൾ കൂടി വിൽക്കാൻ അനുമതി ആദ്യം നൽകിയത്. എന്നാൽ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡേഴ്‌സ് (സിഎഐടി) ഈ തീരുമാനത്തിനെതിരേ ശക്തമായി രംഗത്തെത്തിയതാണ് ഇപ്പോൾ തീരുമാനം മാറ്റാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. 
നാൽപതു ലക്ഷത്തോളം വ്യാപാരികൾ ലോക് ഡൗൺ കാലത്ത് രാജ്യത്ത് അവശ്യ വസ്തുക്കൾ വിൽപന നടത്തിയിരുന്നു. ഇവരെ പാടേ അവഗണിച്ചാണ് ഓൺലൈൻ കമ്പനികൾക്ക് ഏപ്രിൽ 20 മുതൽ അവശ്യേതര വസ്തുക്കൾ കൂടി വിൽപന നടത്താൻ അനുമതി നൽകിയതെന്നാണ് കോൺഫഡറേഷൻ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേവാൾ പറഞ്ഞത്. ലോക്ഡൗൺ പ്രഖ്യാപിച്ച ഉടൻ തന്നെ ഓൺലൈൻ കമ്പനികൾ പ്രവർത്തനം നിർത്തിയിരുന്നു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അവർക്ക് കൂടുതൽ ഇളവുകൾ നൽകുന്നത്. അവശ്യ വസ്തുക്കളുടെ വിതരണത്തിന് ഓൺലൈൻ കമ്പനികൾക്ക് അനുമതി നൽകുന്നതിൽ എതിരില്ല. എന്നാൽ, അവശ്യേതര വസ്തുക്കളുടെ ഓൺലൈൻ വിൽപന കൂടി അനുവദിക്കുന്നത് അനീതിയാണെന്നും പ്രവീൺ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡേഴ്‌സ് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകിയിരുന്നു.
 

Latest News