ലോക്ഡൗണില്‍ മാതൃകയായി മുന്‍ പ്രവാസിയുടെ മകളുടെ വിവാഹം

മലപ്പുറം- വിരലിലെണ്ണാവുന്ന ബന്ധുക്കളെ മാത്രം സാക്ഷിയാക്കി അവര്‍ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. ആഘോഷാരവങ്ങളില്ലാതെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് വിവാഹ ജീവിതത്തിന് ലളിതമായ തുടക്കം. സ്‌നേഹവും സന്തോഷവും ബിരിയാണി പൊതികളായി അയല്‍വീട്ടുകാര്‍ക്ക് കൈമാറി. കോവിഡ് പ്രതിരോധത്തില്‍ വിശ്രമമില്ലാത്തെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ലഡു നല്‍കി ആദരം.
ദീര്‍ഘകാലം ജിദ്ദ ബാബ് മക്കയില്‍ പ്രവാസിയായിരുന്ന മലപ്പുറം മൈലപ്പുറം കൊന്നോല കുഞ്ഞിപ്പയുടെ മകള്‍ ഷബാന ഷെറിന്റെയും ഉമ്മത്തൂര്‍ സ്വദേശി നാണത്ത് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് അര്‍ഷദിന്റെയും വിവാഹമാണ് ലളിതവും വേറിട്ടതുമായ രീതിയില്‍ നടന്നത്.
ഇരുവരുടെയും നിക്കാഹ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19 ന് നടന്നിരുന്നു. ഈ മാസം ഒമ്പതിന് വിപുലമായ വിവാഹ ചടങ്ങ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായി ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ നീട്ടിയതോടെ വിപുലമായ ചടങ്ങുകള്‍ ഉപേക്ഷിച്ചു. ഇന്നലെ നിക്കാഹിന്റെ ഒന്നാം വാര്‍ഷികത്തില്‍ മൈലപ്പുറത്തെ കൊന്നോല വീട്ടില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വിവാഹം നടക്കുകയുമായിരുന്നു. ബിരിയാണി പാര്‍സലായി നല്‍കി അയല്‍വീട്ടുകാരുമായി വിവാഹത്തിന്റെ സന്തോഷം പങ്കിട്ടു. തുടര്‍ന്ന് വരനും വധുവും മലപ്പുറം പോലീസ് സ്‌റ്റേഷനിലെത്തി എല്ലാവര്‍ക്കും ലഡു വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ വിശ്രമമില്ലാതെ നാളുകളായി പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കുള്ള ആദരം കൂടിയായാണ് മധുരം നല്‍കിയതെന്ന് കുഞ്ഞിപ്പ കൊന്നോല പറഞ്ഞു.

 

Latest News