'പൂജ്യത്തിന് ഇപ്പോള്‍ വലിയ വിലയുണ്ട്'; രാജ്യത്തെ ആദ്യ കോവിഡ് മുക്ത സംസ്ഥാനമായി ഗോവ

പനാജി- സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 രോഗികള്‍ മുഴുവന്‍ ആശുപത്രി വിട്ടതോടെ രോഗമുക്തമാവുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഗോവ. ചികിത്സയിലുണ്ടായിരുന്ന ഏഴ് രോഗികളില്‍ മുഴുവന്‍ പേര്‍ക്കും രോഗം ഭേദമായതായി ആരോഗ്യമന്ത്രി അറിയിച്ചു.

"പൂജ്യത്തിന് ഇപ്പോള്‍ വലിയ വിലയുണ്ട്. സംസ്ഥാനത്തെ എല്ലാ കോവിഡ് 19 രോഗികള്‍ക്കും ഇപ്പോള്‍ ഫലം നെഗറ്റീവായ കാര്യം  പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മറ്റുള്ളവരെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി അശ്രാന്ത പരിശമം നടത്തിയ മുഴുവന്‍ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വളരെ നന്ദി" ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.

അവസാനത്തെ കോവിഡ് ബാധിതനും രോഗമുക്തി നേടുമ്പോള്‍ സംതൃപ്തിയും ആശ്വാസവും തോന്നുന്നുവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നിരന്തരമായ പരിശ്രമത്തിന് ഡോക്ടര്‍മാരുടെ സംഘവും മുഴുവന്‍ ജീവനക്കാരും പ്രശംസ അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് ഭേദമായ രോഗികളെ ഒരു പ്രത്യേക ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. വീട്ടിലേക്ക് അയയ്ക്കുന്നതിന് മുമ്പായി 14 ദിവസത്തേക്ക് ഇവരെ ക്വാറന്റൈന്‍ ചെയ്യും. 

കോവിഡ് 19 സ്ഥിരീകരിച്ച ഏഴ് രോഗികളാണ് ഗോവയില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ 3 ന് ശേഷം പുതിയ പോസിറ്റീവ് കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest News