Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ ജനക്കൂട്ടം തെരുവിലിറങ്ങി 

വാഷിങ്ടണ്‍-യുഎസില്‍ കൊറോണാവൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിട്ടും മരണം നാല്‍പ്പതിനായിരത്തിലേയ്ക്ക് അടുത്തിട്ടും ലോക്ക്ഡൗണ്‍ അംഗീകരിക്കാതെ ഒരു വിഭാഗം ആളുകള്‍ തെരുവില്‍. കൊറോണാ വൈറസിന് എതിരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ തങ്ങാനുള്ള നിബന്ധനയ്‌ക്കെതിരെയാണ് പ്രതിഷേധക്കാര്‍ തെരുവിലെത്തിയത്. ഓസ്റ്റിനിലെ കാപ്പിറ്റോള്‍ ബില്‍ഡിംഗിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാരാണ് എത്തിയത്.
ലോക്ക്ഡൗണ്‍ നിബന്ധനകള്‍ അനുസരിക്കില്ലെന്ന് വാശിപിടിക്കുകയാണ് ഒരു വിഭാഗം. ലോക്ക്ഡൗണ്‍ നീക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ മെഡിക്കല്‍ അഡൈ്വസറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.
കോവിഡ്19 വകവെയ്ക്കാതെ അടുത്ത ആഴ്ച തങ്ങളുടെ സ്‌റ്റേറ്റ് വീണ്ടും തുറക്കുമെന്ന് ടെക്‌സാസ് പ്രഖ്യാപിച്ചു. ടെക്‌സാസിന് പുറമെ ഒക്ലോഹാമ, ഇദാഹോ, വിര്‍ജിനിയ, മിഷിഗന്‍, ഫ്‌ളോറിഡ, കാലിഫോര്‍ണിയ, കെന്റക്കി, ഒഹിയോ, നോര്‍ത്ത് കരോളിന, മിനസോട്ട എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. പൗരന്‍മാരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ ഉന്നത ഇമ്മ്യൂണോളജിസ്റ്റും, ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധനുമായ ഡോ. ആന്റണി ഫോസിയെ പുറത്താക്കണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നു. വാഷിംഗ്ടണ്‍ സ്‌റ്റേറ്റില്‍ ആദ്യമായി രോഗം കണ്ടെത്തിയത് മുതല്‍ പ്രസിഡന്റ് ട്രംപിന്റെ കൊറോണ പ്രതിരോധ നടപടികള്‍ നയിക്കുന്നത് ഡോ. ഫോസിയാണ്. പത്രസമ്മേളനങ്ങളില്‍ ട്രംപ് ഡോ. ഫോസിയുടെ നിലപാടുകളെ തുറന്ന് എതിര്‍ക്കുകയും, വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളെ ട്രംപ് പിന്തുണയ്ക്കുന്നു എന്നതാണ് സവിശേഷത. ഡെമോക്രാറ്റുകളായ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സ്‌റ്റേറ്റുകളില്‍ പ്രതിഷേധക്കാരെ ട്രംപ് പിന്തുണയ്ക്കുന്നു.
 കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷത്തിലേറെയായിട്ടും യു എസ് ഭരണകൂടവും ജനങ്ങളും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല എന്നതാണ് വസ്തുത. 
 

Latest News