ജനീവ- ചൈനയിലെ കോവിഡ് മരണങ്ങളുടെ കണക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ കോവിഡ് മരണങ്ങളുടെ കണക്കില്‍ 1300 മരണങ്ങള്‍കൂടി ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തതിനെ തുടര്‍ന്നാണ് ചൈനയിലെ മരണനിരക്കിൽ സംശയം പ്രകടിപ്പിച്ച് ട്രംപ് രംഗത്ത് എത്തുന്നത്.
ഒരു കേസും ഒഴിവാക്കാതിക്കാനുള്ള ചൈനയുടെ ശ്രമമാണ് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ കാരണമെന്നാണ് ലോകാരോഗ്യസംഘടന നല്‍കുന്ന വിശദീകരണം. ശവസംസ്കാര കേന്ദ്രങ്ങള്‍ , കെയർ ഹോമുകൾ, ക്ലിനിക്കുകള്‍, ജയിലുകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ക്കൊപ്പം വീട്ടിൽ മരിച്ചവരുടെ സാമ്പിള്‍ പരിശോധനയില്‍നിന്നുള്ള വിവരങ്ങളും ലഭിച്ച ശേഷമാണ് ചൈന കണക്കുള്‍ പരിഷ്കരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി ഡോ. മരിയ വാൻ കെർക്കോവ് വ്യക്തമാക്കുന്നു.
'പകര്‍ച്ചവ്യാധിയുടെ വ്യാപനം കെട്ടടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരണങ്ങളുടെ എണ്ണവും തിട്ടപ്പെടുത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. എല്ലാ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാം കണക്കുകളില്‍ ഉള്‍പ്പെടുത്തിയോ, തങ്ങളുടെ കണക്കുകള്‍ കൃത്യമായിരുന്നോ എന്ന് അവര്‍ പിന്നീട് പുനപരിശോധിക്കും' ചൈനക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് വാന്‍ കെര്‍ക്കോവ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞാല്‍ ഒട്ടേറെ രാജ്യങ്ങള്‍ ചൈന ചെയ്തതു പോലെ തങ്ങളുടെ കോവിഡ് മരണ കണക്കുകളില്‍ തിരുത്തല്‍ വരുത്തേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മരണങ്ങളുടെ കണക്കില്‍ ചൈനയാണ് അമേരിക്കയേക്കാള്‍ മുന്നില്‍ എന്നായിരുന്നു വുഹാനില്‍ കോവിഡ് മരണങ്ങളുടെ പട്ടിക വിപുലീകരിച്ചതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദം. "മരണങ്ങളുടെ കണക്കില്‍ ഒന്നാമത് ഞങ്ങളല്ല, ചൈനയാണ് നമ്പര്‍ വണ്‍.അത് നിങ്ങള്‍ മനസ്സിലാക്കൂ." ശനിയാഴ്ച വൈറ്റ് ഹൗസില്‍നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് അവകാശപ്പെട്ടു. മരണം സംബന്ധിച്ച് ചൈനയുടെ കണക്കുകള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും ട്രംപ് ആരോപിച്ചു. "നിങ്ങള്‍ക്കറിയാം, എനിക്കറിയാം, അവര്‍ക്കുമറിയാം. പക്ഷെ എന്നിട്ടും നിങ്ങളത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്തുകൊണ്ടാണ് അതെന്ന് നിങ്ങള്‍ പറയണം. ഒരിക്കല്‍ അത് ഞാന്‍ വിശദീകരിക്കും." ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലേതിനേക്കാള്‍ യുഎസില്‍ കൊറോണ പ്രതിസന്ധി രൂക്ഷമായതോടെയാണ് ചൈനയ്ക്ക് എതിരെ ആരോപണങ്ങളുമായി ട്രംപ് രംഗത്ത് വരുന്നത്. മികച്ച സാങ്കേതിക സംവിധാനങ്ങളുണ്ടായിട്ടും, ചൈനയില്‍ പ്രതിസന്ധി രൂക്ഷമായതിന് മാസങ്ങള്‍ക്ക് ശേഷം രോഗവ്യാപനം തുടങ്ങിയ യുഎസ്, യുകെ, ഫ്രാന്‍സ്, ബല്‍ജിയം, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ മരണ നിരക്ക് ചൈനയിലേതിനേക്കാള്‍ വളരെ കൂടുതലാണ്.