കോഴിക്കോട്- ഐതിഹ്യങ്ങൾക്ക് പിന്നിൽ ചില ചരിത്ര സത്യങ്ങളുണ്ടെന്നും അത് മനസ്സിലാക്കി അതിനെ അംഗീകരിക്കാൻ കഴിയണമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി ബാല ദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കോഴിക്കോട് മഹാനഗരം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതലമുറയ്ക്ക് ഐതിഹ്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നതിനൊപ്പം തന്നെ ചരിത്രപരമായ വസ്തുതകളും മനസ്സിലാക്കിക്കൊടുക്കാൻ കഴിയണം. ഹസ്തിനപുരത്തും ദ്വാരകയിലും നടത്തിയ ഉത്ഖനനങ്ങൾക്കിടയിൽ കണ്ടെത്തിയ തെളിവുകൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. ഇവിടെനിന്നെല്ലാം ലഭിച്ച തെളിവുകൾ പ്രകാരം 1400 ബി.സിയിലാണ് ശ്രീകൃഷ്ണൻ ജീവിച്ചതെന്ന് കരുതുന്ന കാലഘട്ടം. ഇത്തരം പൗരാണികമായ കേന്ദ്രങ്ങളിൽ അറിവ് പകരുന്നതിനായി കുട്ടികളെ എത്തിക്കാൻ കഴിയണം. നമ്മുടെ നാടിന്റെ പാരമ്പര്യത്തെക്കുറിച്ചും സംസ്‌കാരത്തെ കുറിച്ചുമുള്ള അറിവുകൾ അവർക്ക് ലഭിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. സി. മഹേഷ് അധ്യക്ഷത വഹിച്ചു. ബാല ഗോകുലം വിശ്വവിഭാഗ് സംയോജകൻ എൻ. ഹരീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി സുധീര, പി.പി ശ്രീധരനുണ്ണി, പ്രൊഫ. കെ.വി തോമസ്, കോഴിക്കോട് നാരായണൻ നായർ, എ. വിപിൻ, സാബു കൊയ്യേരി തുടങ്ങിയവർ സംസാരിച്ചു.