ഷിംല- ഹിമാചല്‍പ്രദേശില്‍ കോവിഡ് ഭേദമായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കക്ക് കാരണമായി. ഉന ജില്ലയിൽനിന്നുള്ള ആളുടെ ഫലമാണ് വീണ്ടും പോസിറ്റീവായതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ജില്ലയിലെ 16 രോഗികളിൽ മൂന്നു പേരാണ് രോഗമുക്തി നേടിയിരുന്നത്. ഇവരിൽ ഒരാൾക്കാണു വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ഹിമാചലിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ആയി. 23 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
തബ് ലീഗ് ജമാഅത്ത് അംഗത്തിനാണ് രണ്ട് പരിശോധനകള്‍ നെഗറ്റീവായതിനുശേഷം ഒരാഴ്ചക്കിടെ വീണ്ടും പരിശോധന പോസിറ്റീവായത്. ഉന ജില്ലയിലെ ആംബ് താലൂക്കിലെ പള്ളിയിലാണ് ഇയാളും മറ്റു രണ്ടു പേരും താമസിച്ചിരുന്നത്. മൂന്ന് പേർക്കും ഈ മാസം രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മാണ്ഡി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവർ. കാംഗ്ര ജില്ലയിലെ ഡോ. രാജേന്ദ്ര പ്രസാദ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇവരെ ചികിത്സിച്ചിരുന്നത്.
ഏപ്രില്‍ പത്തിന് ആദ്യം നെഗറ്റീവ് ഫലം ലഭിച്ച ഇവർക്ക് രോഗം ഭേദമായതായി 12 ന് രണ്ടാമത്തെ ഫലം കൂടി ലഭിച്ചതോടെയാണ് പ്രഖ്യാപിച്ചിരുന്നത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്ത നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കയായിരുന്നു.






