യാക്കൂബ് കുടുംബം ആശുപത്രി വിട്ടു

കോവിഡ് രോഗംമൂലം അന്തരിച്ച യാക്കൂബ് സേട്ടിന്റെ ഭാര്യ സറീന യാക്കൂബ്, മകൾ സഫിയ യാക്കൂബ്, മകൻ ഹുസൈൻ യാക്കൂബ് എന്നിവർ രോഗം ഭേദമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു യാത്ര തിരിക്കുന്നു.

കൊച്ചി- കോവിഡ് രോഗംമൂലം അന്തരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ ഭാര്യ സറീന യാക്കൂബ് (53) മകൾ സഫിയ യാക്കൂബ് (32), മകൻ ഹുസൈൻ യാക്കൂബ് (17)എന്നിവർ രോഗം ഭേദമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. ഭാര്യയെ മാർച്ച് 24 നും മക്കളെ ഏപ്രിൽ ഒന്നിനുമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മട്ടാഞ്ചേരി സ്വദേശികളാണ് യാക്കൂബിന്റെ കുടുംബം. ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെയാണ് ഡിസ്ചാർജ് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജിൽനിന്നും 3 പേരെയും, ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് 2 പേരെയും, സ്വകാര്യ ആശുപത്രികളിൽനിന്നും 5 പേരെയും ആണ് ഡിസ്ചാർജ് ചെയ്തത്.


ഇന്നലെ വീടുകളിൽ നിരീക്ഷണത്തിനായി പുതിയതായി ആരെയുംതന്നെ ഉൾപ്പെടുത്തിയിട്ടില്ല. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 319 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 358 ആയി. ഇതിൽ 234 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 124 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ഇന്ന് പുതിയതായി 8 പേരെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ 2 പേരെയും, സ്വകാര്യ ആശുപത്രികളിൽ 6 പേരെയുമാണ് നിരീക്ഷണത്തിലാക്കിയത്. 


കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ മട്ടാഞ്ചേരി സ്വദേശിയുടെ ഭാര്യ, മകൻ, മകൾ എന്നിവരെ രോഗം ഭേദമായതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തു. ഇനി ജില്ലയിൽ രണ്ടു പേർ കൂടിയാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 
നിലവിൽ 17 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 4 പേരാണുള്ളത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 2  പേരും ആലുവ ജില്ലാ ആശുപത്രിയിൽ ഒരാളും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ 2 പേരും, നാല് സ്വകാര്യ ആശുപത്രികളിലായി 8  പേരും നിരീക്ഷണത്തിൽ ഉണ്ട്. 
ഇന്ന് ജില്ലയിൽ നിന്നും 17 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 32 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 57 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. 

 

 

Latest News