ഉമ്മൻചാണ്ടി ഇടപെട്ടു: വെല്ലൂരിൽ കുടുങ്ങിയ യുവാവ് നാട്ടിലെത്തി

മാനന്തവാടി- ലോക്ഡൗൺമൂലം വെല്ലൂരിൽ കുടുങ്ങിയ യുവാവിനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെട്ട് നാട്ടിലെത്തിച്ചു. എടവക വാളേരി ഉതിരക്കല്ലിൽ തങ്കച്ചന്റെ മകൻ ജിത്തുവിനാണ് ഉമ്മൻചാണ്ടിയുടെ ഇടപെടൽ സഹായകമായത്. കോഴിക്കോടു നടന്ന വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നു ജിത്തു വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരികെ വരാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. 
ജിത്തുവിനെ നാട്ടിലെത്തിക്കുന്നതിനു പാസിനുവേണ്ടി പിതാവ് പലരെയും കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ഇതേത്തുടർന്നു കോൺഗ്രസ് എടവക മണ്ഡലം പ്രസിഡന്റ് മുഖേന യു.ഡി.എഫ് ജില്ലാ കൺവീനറും മുൻ എം.എൽ.എയുമായ എൻ.ഡി. അപ്പച്ചനെ വിവരം അറിയിച്ചു. അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നു ഉമ്മൻചാണ്ടി വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ലയുമായി സംസാരിച്ചു പാസ് ലഭ്യമാക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ജിത്തു വീട്ടിലെത്തിയത്. വെല്ലൂരിൽ ഒട്ടേറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നുവെന്നു ജിത്തു പറഞ്ഞു.
 

Latest News